പിണറായി എന്നതിനോളം ഇമ്പമുള്ളൊരു വാക്കില്ല അനർഘയ്ക്ക് ഒരു കീർത്തനത്തിലും. അനർഘയെ 'അനർഹ'യാക്കാൻ നോക്കിയവർക്ക് മുന്നിൽ താക്കീതായിരുന്നു ഈ നാലക്ഷരം. സാമ്പത്തികപ്രശ്നം കണ്ണുരുട്ടിയപ്പോൾ ആശ്വാസത്തിന്റെ പണക്കിഴിയേകിയതും പിണറായി. ഈ കൊച്ചുകലാകാരിയെ സംസ്ഥാന കലോത്സവ വേദിയിലെത്തിച്ചതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതൽ ഒന്നുമാത്രം.

പിണറായി എന്നാൽ അനർഘയ്ക്ക് വെറുമൊരു പേരല്ല. കനിവിന്റെ ആൾരൂപവും കരുതലിന്റെ സാന്നിധ്യവുമാണ് ആ നാലക്ഷരം. 

ഭീഷണിപ്പെടുത്തിയവർ അറിയാൻ; അനർഘയ്ക്ക്‌ ഒന്നാംസ്ഥാനം

 അഴിച്ചുവെച്ച ചിലങ്ക തിരികെയണിഞ്ഞെത്തി നേടിയ ഒന്നാംസ്ഥാനം പിണറായി വിജയനല്ലാതെ മറ്റാർക്ക് സമർപ്പിക്കും അനർഘ. അച്ഛനും അമ്മയ്ക്കും വളർത്തിവലുതാക്കിയ അമ്മാവനുമൊപ്പമാണ് ഇവൾക്ക് പിണറായി വിജയൻ എന്ന സ്നേഹക്കൊടിമരം ഇന്ന്.

Pinarayiകേരളനടനത്തിൽ അരങ്ങ് തകർത്താടിയ തിരുവനന്തപുരം നാലാഞ്ചിറ സെന്റ്‌ ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ അനർഘ ഐ.എസ്. സംസ്ഥാന കലോത്സവവേദിയിൽ എത്തിയതിനുപിന്നിൽ വലിയ പോരാട്ടത്തിന്റെ നടനകഥയുണ്ട്. കഴിഞ്ഞ കലോത്സവത്തിലുൾപ്പെടെ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ അനർഘയെ കലോത്സവ മാഫിയകളിൽ ചിലർ നേരിട്ട്തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ ലോകായുക്തയുടെ ഉത്തരവിലൂടെയാണ് സംസ്ഥാനത്തെത്തിയത്.

ഇത്തവണ ഉപജില്ലയിലേ പുറത്താക്കും എന്നായിരുന്നു ഭീഷണി. ഇത് പ്രാവർത്തികമാക്കുകയും ചെയ്തു. അപ്പീലിനും സാധ്യതയില്ലാതെ വഴികളെല്ലാമടഞ്ഞപ്പോൾ അനർഘയൊരു കത്തെഴുതി. സ്പീഡ്‌പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിയജന്. കത്ത് കിട്ടിയ ഉടൻതന്നെ മുഖ്യമന്ത്രി കുട്ടിയെ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ചു. കാര്യങ്ങൾ വിശദമായി തിരക്കി.

അന്വേഷണങ്ങൾ നടത്തിയ മുഖ്യമന്ത്രി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. അങ്ങനെ ഈ കലോത്സവം വിജിലൻസ് നിരീക്ഷണത്തിന് കീഴിലായതിനുപോലും കാരണമായിമാറി അനർഘയുടെ കത്ത്. അനർഘയുടെ കത്തും സന്ദർശനവുമെല്ലാം വിശദമാക്കി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു.

ANARGHA

അപ്പീൽ കാര്യത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ടിടപെടാൻ പറ്റാത്തതിനാൽ ബാലാവകാശ കമ്മിഷനെ സമീപിക്കാൻ ഏർപ്പാടാക്കി. അപ്പീലായതിനാൽ കെട്ടിവെയ്ക്കേണ്ട 5000 രൂപ കണ്ടെത്തുന്നതിനായി ഇവർ വിഷമിക്കുന്നതറിഞ്ഞ് മുഖ്യമന്ത്രി സഹായഹസ്തം നീട്ടി. ആ പണം മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. ബുധനാഴ്ച രാവിലെ വേദിയിലെത്തേണ്ട അനർഘയ്ക്ക് മത്സരിക്കാൻ ഉത്തരവ് കിട്ടുന്നത് ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക്. ഒൻപതിന് കണ്ണൂരിന് പുറപ്പെടേണ്ട സ്വകാര്യ ബസ്സും അനർഘയ്ക്കായി കാത്തുനിന്നു. അങ്ങനെ എല്ലാ യാത്രക്കാരുടെയും അനുഗ്രഹവും കൂടി ഒപ്പംചേർത്ത് രാവിലെ കണ്ണൂരിൽ വന്നിറങ്ങി നേരെ സ്റ്റേജിലേക്ക്.

അനർഘയെ തനിച്ചാക്കി ഒരു വയസ്സ് കഴിഞ്ഞയുടൻ ഈ ലോകം വിട്ടുപോയതാണ് അമ്മ ഇന്ദിര. അതുകഴിഞ്ഞ് ആറുമാസം തികയും മുൻപേ അച്ഛൻ സനൽകുമാറും മരിച്ചു. അമ്മാവൻ രാധാകൃഷ്ണമേനോന്റെ സംരക്ഷണയിലാണ് പഠനത്തിലും കലയിലും മികവുപുലർത്തുന്ന കുട്ടിയുടെ ജീവിതം. ഓട്ടോഡ്രൈവറായ രാധാകൃഷ്ണൻ തന്റെ രണ്ട് പെൺമക്കൾക്കൊപ്പം മൂത്ത മകളായി, വാടകവീട്ടിൽ അനർഘയെ വളർത്തുന്നു.

 ഈ ജീവിതകഥകളറിയുന്ന ഗുരു അജയൻ പേയാട് സൗജന്യമായാണ് അനർഘയെ അഭ്യസിപ്പിക്കുന്നത്. കണ്ണൂരിൽനിന്ന് മടങ്ങുംമുൻപ് അനർഘയ്ക്ക് ആഗ്രഹമുണ്ടായിരുന്നു പിണറായി എന്ന രക്ഷകന്റെ നാട് കാണണമെന്ന്. വേഷവും ചമയവും അഴിക്കാതെതന്നെ അവൾ പിണാറായിയിലെത്തി. പിണറായി പുഴയെന്ന കാളിപ്പുഴ കണ്ട് തെളിഞ്ഞ് നിറഞ്ഞ് മടങ്ങി.