Judgeകണ്ണൂർ: വിജിലൻസ്  ചാരക്കണ്ണുകൾക്ക് കീഴെയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവം. അപ്പീൽ കലഹത്തിനൊപ്പം കോഴവിധിനിർണയം കൂടി കലോത്സവ ഇനമായതോടെയാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതും വിജിലൻസിന്റെ തത്ത കച്ചവടത്തിന്റെ ചീട്ടുകീറാനെത്തിയതും.

വിധികർത്താക്കളെ നിശ്ചയിക്കുന്നതിൽ അടുത്തകാലം വരെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ചില ജീവനക്കാർക്കെങ്കിലും രഹസ്യമായ പങ്കുണ്ടായിരുന്നു. പട്ടിക തയ്യാറാകുമ്പോഴേക്കും അതിന്റെ വിവരം വേണ്ടപ്പെട്ടവരിലെത്തും.  പിന്നെ ലേലം വിളി തുടങ്ങുകയായി.  അതിനായി കുറച്ച് ഏജന്റുമാരുമുണ്ട്. ഇവർക്ക് ഓരോ ജില്ലയിലും ഇടനിലക്കാർ വേറെയുണ്ട്. അവർ മത്സരാർഥികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും സമീപിക്കും. നിശ്ചിത തുക നൽകിയാൽ എ ഗ്രേഡ് ഉറപ്പാണ്.  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പ്രത്യേക പ്രതിഫലം വേറെ.  അതിനനുസരിച്ച് വേണം കൂട്ടുകച്ചവടമുറപ്പിക്കാൻ. ഇത്തരം വീതംവെപ്പെല്ലാം കഴിഞ്ഞ് പാവം കുട്ടികളെ പറ്റിക്കാൻ വഴിപാടിനൊരു വിധിനിർണയം.  

ഇത്തവണ ഈ കൂട്ടുകച്ചവടക്കാർക്ക് അപ്രതീക്ഷിതമായ അടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത്. പഴയപട്ടിക ഏറെക്കുറെ മാറ്റി. സർക്കാർ അംഗീകൃത കലാസ്ഥാപനങ്ങളിലുള്ളവർക്ക് മുൻഗണന നൽകി. പട്ടികതയ്യാറാ ക്കൽ അതീവ രഹസ്യമാക്കി. മൂന്നു വർഷം തുടർച്ചയായി വിധിനിർണയിച്ചവരെ പരമാവധി ഒഴിവാക്കി.  വിധികർത്താക്കൾക്ക് തന്നെ വ്യക്തമായ വിവരം നൽകിയില്ല. ഓരോ വേദിയിലും ഓരോ വിധികർത്താവിനെയും വിശദമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിജിലൻസ് ഡിവൈ.എസ്.പി. പ്രദീപ് പറയുന്നു. അവരുടെ ഇടപെടലുകൾ, ഫോൺവിളികൾ എന്നിവ പോലും നിരീക്ഷണത്തിലാണ്. 620 വിധികർത്താക്കളാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിനുള്ളത്.

കാലങ്ങളായി ഒരു സ്ഥിരം പട്ടികയനുസരിച്ചാണ് വിധികർത്താക്കളെ നിശ്ചയിച്ചിരുന്നത്.  അതിൽ നെല്ലും പതിരും കാണും.  അതിൽ കയറിപ്പറ്റാൻ ആരും കാണാത്ത മറ്റൊരു മത്സരം വേദിക്കിപ്പുറം നടന്നു.  കുറേപേർ സ്ഥിരം വിധികർത്താക്കളായപ്പോൾ സ്വാഭാവികമായി അവിടെ കുംഭകോണത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. കലാധ്യാപകരും അവരുടെ ചില സംഘടനകളുമാണ് എക്കാലവും ഈ കളിയുടെ പിന്നണിയിൽ. തങ്ങൾക്ക് വഴങ്ങാത്തവരെ പട്ടികയിൽ നിന്ന് പുറത്താക്കാനും ശ്രമമുണ്ടായി. പുതിയ അഴിച്ചുപണിക്കു പിന്നിലും ഇത്തരം ശ്രമം ആരോപിക്കപ്പെടുന്നു.  

പത്തുവർഷം മുമ്പ് വിധികർത്താക്കളാവുന്നവർക്കുള്ള പ്രതിഫലം അഞ്ഞൂറു രൂപയായിരുന്നു. ഇപ്പോൾ ഒരു ഇനത്തിന് രണ്ടായിരം രൂപ.  ഇതരസംസ്ഥാനങ്ങളിലുള്ളവർക്ക് വിമാനടിക്കറ്റും ഫസ്റ്റ്ക്ലാസ് തീവണ്ടി ടിക്കറ്റുമെല്ലാം നൽകും. എന്നാൽ ഇതി നെക്കാളൊക്കെ വലുത് ‘സംസ്ഥാന കലോത്സവത്തിലെ ജഡ്ജ്‌ ആയിരുന്നു’ എന്ന ഖ്യാതിയാണ്. പിന്നീട് കലാധ്യാപകരായി ശോഭിക്കാൻ ഇത് സഹായകമാവും.