ന്ത്യയുടെ ഒളിമ്പ്യൻ പി.ടി.ഉഷക്ക് സംസ്ഥാന കലാമേളയിൽ എന്താണ് കാര്യം?   ‘പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം’  എന്ന ഇന്നസെന്റിന്റെ ചോദ്യംപോലെ നിസ്സാരമല്ല ഇത്. ഈ ചോദ്യത്തിൽ കാര്യമുണ്ട്. 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പി.ടി.ഉഷ സംസ്ഥാന സ്കൂൾ കലോത്സവം കാണുന്നത്.    അതിന് കാരണക്കാരായത് മാതൃഭൂമിയും.  

മാതൃഭൂമിയുടെ അതിഥിയായാണ് ഉഷ കലോത്സവ വേദിയിലെത്തിയത്.  അതു മാത്രമല്ല കാര്യം, കലാമേളയും കായികമേളയും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്നും മറ്റ് ചില ബന്ധങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും ഉഷ പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ എങ്ങനെ കാണുന്നു?

ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു മേളയിൽ പങ്കെടുക്കുന്നത്.  കുട്ടിക്കാലത്ത് അമ്പലത്തിലെ ഉത്സവങ്ങളിൽ കലാപരിപാടികൾ കണ്ടിട്ടുണ്ട്. 
കലയും സ്പോർട്‌സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ബന്ധമുണ്ട്.  കുടുതൽ ബന്ധമുണ്ടാവേണ്ടതുമുണ്ട്.  സ്പോർട്‌സ്മാൻ സ്പിരിറ്റ് എന്ന് പറയുന്നതാണ് സ്പോർട്‌സിന്റെ ജീവൻ.  അതുപോലെ ‘ആർട്‌സ്മാൻ സ്പിരിറ്റ്’  ഉണ്ടാവേണ്ടതുണ്ട്.  അത് വേണ്ടത്രയുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.  സ്പോർട്‌സിൽ ജയിക്കുമ്പോൾ ഒന്നാം സ്ഥാനം നേടുന്നയാളെ രണ്ടും മൂന്നും സ്ഥാനം നേടുന്നവർ അഭിനന്ദിക്കാറുണ്ട്.  കലാമേളയിൽ അങ്ങനെ പതിവുണ്ടോ? ഇല്ലെങ്കിൽ അത് എന്ത് മാനസികാവസ്ഥകൊണ്ടാണെന്ന് പഠിക്കണ്ടേ?

സ്പോർട്‌സിൽനിന്ന് കലയ്ക്ക്‌ എന്താണ് പഠിക്കാനുള്ളത്?

കുറുക്കുവഴിയില്ലാതെ നിരന്തര പരിശ്രമം വഴി വിജയം നേടാനും തോൽവിയെ അംഗീകരിക്കാനും പഠിക്കുക.   വിദ്യാർഥികൾക്കും അവരുടെ പരിശീലകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഈ മനോഭാവം വളർത്തിയെടുക്കാനാവണം.

എങ്ങനെയാണ് കലാമേളകൾ മാത്രം ഇത്രത്തോളം വിവാദമാകുന്നത്? 

രക്ഷിതാക്കളുടെ ഇടപെടൽകൊണ്ടുതന്നെ.  വിധിനിർണയിക്കാൻ വിദഗ്ധ പാനലുണ്ടെങ്കിൽ പിന്നെ അതിൽ രക്ഷിതാക്കൾ ഇടപെടരുത്.  വിജയിക്കാനാണ് മത്സരിക്കുന്നതെങ്കിൽ പരാജയത്തെ നേരിടാൻകൂടി തയ്യാറാവണം.

സ്പോർട്‌സിൽ കാപ്‌സ്യൂൾ പഠനം ഉണ്ടോ?

പലരും എന്റെയടുത്ത് കാപ്‌സ്യൂൾ കോച്ചിങ് ആവശ്യപ്പെട്ട് വന്നിട്ടുണ്ട്.  അവരെയെല്ലാം ഞാൻ മടക്കി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോർട്‌സ് എന്നല്ല ആർട്‌സും ഒരു സാധനയാണ്. 

കുട്ടിക്കാലത്ത് എന്നെങ്കിലും കലാമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? 

സ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗ മത്സരത്തിൽ. എന്റെ അമ്മാവൻ അതേ സ്കൂളിൽ മാഷായിരുന്നു.  അമ്മാവൻ പഠിപ്പിച്ച പ്രസംഗമാണ് ഞാൻ അവതരിപ്പിച്ചത്.  പിന്നെ കൈയെഴുത്തു മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഇതുവരെ ഒരു കലാമേളയും കണ്ടില്ലെന്നത് അതിശയമാണ്.

ഏഴാം ക്ലാസ് കഴിഞ്ഞതോടെ ഞാൻ എന്റെ വഴി കണ്ടെത്തിക്കഴിഞ്ഞല്ലോ.  പിന്നെ ആ ലക്ഷ്യത്തിന് വേണ്ടിയുള്ള ഓട്ടമായിരുന്നു.  വേറെ ഒന്നിനും സമയം കിട്ടിയില്ല. അത്രേയുള്ളൂ.  എല്ലാ കലയും ഞാൻ ആസ്വദിക്കാറുണ്ട്.  ഇപ്പോൾ ഒരു സംസ്ഥാന കലാമേള കാണാൻ അവസരമുണ്ടായത് ‘മാതൃഭൂമി’ കാരണമാണ്. 

കായിക രംഗത്തുനിന്ന് ഒരു പി.ടി. ഉഷയെ നൽകിയതുപോലെ കലാരംഗത്ത് നിന്ന് ഒരു ദേശീയവ്യക്തിത്വത്തെ നൽകാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാവും.? 

അത്രത്തോളം സീരിയസ്സായി കലയെ കാണാത്തതുകൊണ്ടാവണം. സ്പോർട്‌സിനേക്കാൾ പ്രാധാന്യം കേരളത്തിൽ കലയ്ക്ക്‌ കിട്ടുന്നുണ്ട്.  എന്നാൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർ എത്രപേരുണ്ട്.?  വഴിമാറി പോകാത്തവർ എത്രപേരുണ്ട്?  ടോൾ റൺ എന്ന ഒരു ഇനമുണ്ട് സ്പോർട്‌സിൽ.  അത് ചിട്ടയായി വ്യായാമം ചെയ്ത് പരിശീലിക്കണം.  പെട്ടെന്നൊരു ദിവസം ചെയ്യാനാവില്ല. നിരന്തര പരിശീലനമാണ് എല്ലാറ്റിനും വേണ്ടത്.
ഇത്രയുമായപ്പോൾ ഉഷയുടെ ഭർത്താവ് ശ്രീനിവാസനും സംഭാഷണത്തിൽ ഇടപെട്ടു.  സ്പോർട്‌സ് താരങ്ങൾ  നടത്തുന്ന അതേ അധ്വാനം കലാമേഖലയിലും ഉണ്ടാവണം.  സാധകം രണ്ടുമേഖലക്കും ഒരുപോലെ ആവശ്യമാണ്‌.  ഈ കലാമേളകളെ ഒരു പരിശീലന വേദിയായി മാത്രമേ കാണാവൂ.  ഒരിക്കലും ഒരു അന്തിമ വേദിയായി കാണരുത്.  ഇവിടംകൊണ്ട് എല്ലാം അവസാനിപ്പിക്കുകയുമരുത്.