ആദ്യ സമ്മാനം അച്ഛനും ഗുരുവിനും സമർപ്പിച്ചെന്ന് മകൻ. അച്ഛൻ പറഞ്ഞത്  അത് ഗുരുവിനും തന്റെ അച്ഛനും മുത്തച്ഛനും അവകാശപ്പെട്ടതാണെന്നായിരുന്നു. അങ്ങനെ നോക്കിയാൽ സമ്മാനം ഗുരുവിനും കടമ്മനിട്ട എന്ന സ്ഥലപ്പേര് കേരളത്തിന് പരിചിതമാക്കുകയും ചെയ്ത കുടുംബത്തിനുള്ളതാണ്. പന്തളം സെന്റ് തോമസ് സ്കൂളിലെ മാധവദാസ് ആണ്   മകൻ.

ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയ മിടുക്കൻ. അച്ഛൻ അറിയപ്പെടുന്ന ഗായകൻ അനു  വി.കടമ്മനിട്ട. മുത്തച്ഛൻ അതിലേറെ പ്രശസ്തൻ. പടയണി ആചാര്യനും ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനുമായ കടമ്മനിട്ട വാസുദേവൻ പിള്ള. അദ്ദേഹത്തിന്റെ ചെറുമകനാണ് മാധവദാസ്. കവി കടമ്മനിട്ടയുടെ ബന്ധുവാണ് വാസുദേവൻ പിള്ള. 

കടമ്മനിട്ട കുടുംബത്തിനും പറയാനുണ്ട് സംഗീതവഴിയിലേക്കെത്തിയ കഥ. കടമ്മനിട്ട വാസുദേവൻ പിള്ളയുടെ അച്ഛൻ കടമ്മനിട്ട രാമകൃഷ്ണപിള്ള സംഗീതം പഠിക്കാനായി നാടുവിട്ടുപോയ കലാകാരനായിരുന്നു. എന്നാൽ തിരിച്ചെത്തി ഏറെനാൾ കഴിയും മുമ്പ് അദ്ദേഹത്തിന്  ശബ്ദം നഷ്ടപ്പെട്ടു. പാടാൻ കൊതിച്ച് അദ്ദേഹം വിടപറഞ്ഞു. മകൻ വാസുദേവൻപിള്ളയ്ക്കും സംഗീതത്തോട് പ്രണയമായിരുന്നു. പടയണിയെയും സംഗീതത്തെയും പ്രണയിച്ച ജീവിതം.

ഇപ്പോൾ  അനൂപ്‌ വി.കടമ്മനിട്ട ഗായകനായി, നിരവധി കച്ചേരികൾ നടത്തി. ചെറുമകനും സംഗീതവഴി തേടിയതോടെ കടമ്മനിട്ട കുടുംബത്തെ തേടി രണ്ടാം തവണയും സംസ്ഥാന കലോത്സവ സമ്മാനമെത്തി. ഇത്തവണ മകനാണെങ്കിൽ 1990ലെ സംസ്ഥാന കലോത്സവത്തിൽ അനുവിനായിരുന്നു എന്നുമാത്രം. അച്ഛനും മകനും ചേർന്ന് നിരവധി കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്.

ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റ്‌ അടൂർ പി.സുദർശൻ ആണ് ഗുരു.  കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാംസമ്മാനമായിരുന്നു. കാംബോജി രാഗത്തിലുള്ള എവരിമാട്ട എന്ന കീർത്തനത്തിലൂടെയാണ്‌ ഒന്നാംസമ്മാനത്തിലേക്ക് പാടിക്കയറിയത്. 

രണ്ടുതവണ സംഗീതനാടക അക്കാദമിയുടെ മികച്ച നാടക ഗായകനുള്ള അവാർഡ് അനുവിനായിരുന്നു. 18 ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്. മകനെ സംഗീതം പഠിപ്പിച്ച് തുടങ്ങിയത് അനുവായിരുന്നു. എന്നാൽ കലോത്സവങ്ങൾക്ക് പിന്നിലെ അപ്പീൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവർ ഒരുക്കമല്ല. ഒരു തവണ മകനെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കാതിരുന്നപ്പോൾ ഏറെ വിഷമിച്ചു. എന്നിട്ടും അപ്പീൽ നൽകാനോ നിയമയുദ്ധത്തിനോ പോയിട്ടില്ല ഈ കലാകുടുംബം. ‘അച്ഛൻ തന്ന ഉപദേശമാണ് അത്. ഞാനോ എന്റെ മക്കളോ ശിഷ്യരോ അപ്പീലുമായി മത്സരിക്കാനില്ലെന്ന് അന്നുറപ്പിച്ചു. ഇന്നുവരെ അത് തെറ്റിച്ചിട്ടില്ല’ അനു മകനെ ചേർത്തുപിടിച്ച് പറഞ്ഞു നിർത്തി.