കുഞ്ഞുകൈകൾ വിളയിച്ച പച്ചക്കറികൾ കലോത്സവ കലവറയിൽ മലയോളമുയർന്നപ്പോൾ, വിദ്യാഭ്യാസമന്ത്രിയടക്കമുള്ള അധ്യാപകരുടെ മനം നിറഞ്ഞു.

മാതൃഭൂമി സീഡിന്റെ ‘നഞ്ചില്ലാത്ത ഊണ്‌ എന്റെ വക’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ ഭക്ഷണമൊരുക്കാനാണ്‌ സീഡംഗങ്ങൾ ബുധനാഴ്ച പച്ചക്കറിയുമായെത്തിയത്‌. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 49 വിദ്യാലയങ്ങളിൽ വിളയിച്ച അഞ്ചര ടൺ പച്ചക്കറികളും 25,000 വാഴയിലകളുമാണ്‌ സീഡംഗങ്ങളിൽ നിന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ ഏറ്റുവാങ്ങിയത്‌.

logoകൂത്തുപറമ്പ്‌ സ്കൂൾ പറമ്പിൽ വിളയിച്ച മഞ്ഞൾ, കുത്തിപ്പൊടിച്ച മഞ്ഞൾപ്പൊടി പഴയിടം മോഹനൻ നമ്പൂതിരിക്ക്‌ സീഡ്‌ കോ ഒാർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ കൈമാറി.

ഏറ്റുകുടുക്ക യു.പി. സ്കൂളിൽ വിളയിച്ച വെള്ളരി കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ ഡി.പി.ഐ. കെ.വി.മോഹൻകുമാറിന്‌ കൈമാറി. ഭക്ഷണ കമ്മിറ്റി കൺവീനർ കെ.കെ. പ്രകാശൻ, സ്വീകരണക്കമ്മിറ്റി ഉപാധ്യക്ഷൻ കെ.സി.സോമൻ നമ്പ്യാർ, മീഡിയ കൺവീനർ പി.കെ.ദിവാകരൻ, സംവിധായകൻ ദീപേഷ്‌, ജില്ലാ പ്ലാനിങ്‌ കമ്മിറ്റിയംഗം കെ.വി. ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സീഡ്‌ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. വെള്ളിയാഴ്ച ഇതുകൊണ്ട്‌ സദ്യയൊരുക്കും.
ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ നിന്നാരംഭിച്ച ‘വയലിൽനിന്ന്‌ വയറിലേക്ക്‌’ കലവറ നിറയ്ക്കൽ യാത്ര ജില്ലാപഞ്ചായത്ത്‌ പ്രസിഡൻറ്‌്‌ കെ.വി.സുമേഷ്‌ ഉദ്‌ഘാടനം ചെയ്തു. കാങ്കോൽ-ആലപ്പടമ്പ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എം.ബാലകേശവൻ, സ്കൂൾ കമ്മിറ്റി പ്രസിഡന്റ്‌ പി.ശശിധരൻ, മാനേജർ ഇ.തമ്പാൻ, പ്രഥമാധ്യാപിക സി.ശ്രീലത, പി.ടി.എ. പ്രസിഡന്റ്‌ എൻ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ പച്ചക്കറികൾ എ.എൻ.ഷംസീർ എം.എൽ.എ. ഏറ്റുവാങ്ങി. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ എത്തിയ പച്ചക്കറി വണ്ടികളെ ഭക്ഷണശാലയിലേക്ക്‌ വാദ്യഘോഷങ്ങളോടെ ആനയിച്ചു. അമൃത വിദ്യാലയം കക്കാട്‌, മുനിസിപ്പൽ എച്ച്‌.എസ്‌.എസ്‌., ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ, എച്ച്‌.ഐ.എസ്‌. ആനയിടുക്ക്‌, കൂത്തുപറമ്പ്‌ സ്കൂൾ വിദ്യാർഥികൾ അണിനിരന്നു. മാതൃഭൂമി യൂണിറ്റ്‌ മാനേജർ ജോബി പി.പൗലോസ്‌, ന്യൂസ്‌ എഡിറ്റർ കെ.വിനോദ്‌ ചന്ദ്രൻ, ചീഫ്‌ അക്കൗണ്ടന്റ്‌ ഒ.വി.വിജയൻ, സീഡ്‌ കോ ഓർഡിനേറ്റർമാരായ പി.കെ.ജയരാജ്‌, കെ.വിജേഷ്‌, സീഡ്‌ എക്സിക്യൂട്ടീവ്‌ ബിജിഷ ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ നമ്പ്യാർ എന്നിവർ നേതൃത്വം നല്കി.