image 2പ്രശസ്ത കൂടിയാട്ടം കലാകാരൻ മാർഗി മധുവിന്റെ മകൻ ശ്രീഹരി എം. ചാക്യാർക്ക് ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം. എറണാകുളം പാറക്കടവ് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി.അച്ഛനൊപ്പം നിരവധി വേദികളിൽ പോയി, ചെറുപ്പം മുതലേ കൂത്തും കൂടിയാട്ടവും പരിചിതമാണ്.

ഒരിക്കൽ സിംഗപ്പൂരിൽ നിശ്ചയിച്ചിരുന്ന  ഒരു ചാക്യാർകൂത്ത് മധുവിന് പനിമൂലം അവതരിപ്പിക്കാനാവാത്ത സന്ദർഭം ഉണ്ടായി. അന്ന് ഒപ്പമുണ്ടായിരുന്ന ശ്രീഹരിയാണ് രണ്ടര മണിക്കൂർ കൂത്ത് അവതരിപ്പിച്ച് സിംഗപ്പൂർ മലയാളികളുടെ കൈയടി നേടിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ചാക്യാർകൂത്തിന് രണ്ടാം സ്ഥാനമായിരുന്നു.

ഇക്കൊല്ലം ശ്രീകൃഷ്ണന്റെ സഭാ പ്രവേശമാണ് അവതരിപ്പിച്ചത്. നോട്ടുപ്രതിസന്ധിയും നിലമ്പൂരിൽ മാവോവാദികൾ വെടിയേറ്റു മരിച്ചതുമൊക്കെ ആക്ഷേപഹാസ്യ രൂപത്തിൽ പരോക്ഷമായി ശ്രീഹരി  ബന്ധിപ്പിച്ചു.


നങ്ങ്യാർ കൂത്ത്, കൂടിയാട്ടം കലാകാരിയായ ഡോ. ഇന്ദു ജി. ആണ് അമ്മ.