കനവിലുണ്ടായിരുന്നു ഒരു കവിത നാടകമായ കഥ. കവി അനുഗ്രഹിച്ചപ്പോൾ ധീരബായ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്തി. ഇനി മുതിർന്നവരുടെ നാടക വേദിയിലുമെത്തും- കേരളത്തിലുടനീളം- പൊള്ളുന്ന പ്രമേയവുമായി.

കെ.ജി. ശങ്കരപ്പിള്ളയുടെ സർവയ്യ എന്ന കവിതയാണ് സംവിധായകൻ എം.ജി. ശശിയിലൂടെ ധീരബായ് ആയത്. കവിതയിലെ ബാലു നാടകത്തിൽ ധീരബായ് എന്ന കഥാപാത്രത്തിന് വഴിമാറി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിത കണ്ടപ്പോൾ തന്നെ നാടകം മനസ്സിലുദിച്ചു. കവിയെ വിളിച്ചപ്പോൾ അദ്ദേഹത്തിനും സന്തോഷം. കഥാപാത്രത്തിന് ധീരബായിയെന്ന പേരും കവി നൽകി. പാലക്കാട്ടെ ചാലിശ്ശേരി എച്ച്.എസ്.എസിലൂടെ കനവ് നാടക കൂട്ടായ്മ നാടകം വേദിയിലെത്തിച്ചു. സംവിധായകന്റെ വീട്ടിൽ തന്നെയാണ് നാടകപ്പുര. ഭാര്യയും സാറാ ജോസഫിന്റെ മകളുമായ ഗീത ജോസഫാണ് സ്കൂൾ പ്രിൻസിപ്പൽ. അതുകൊണ്ടും തീരുന്നില്ല വിശേഷം. ഒന്നേകാൽ മണിക്കൂർ നാടകമായി ഉടൻ കേരളത്തിലങ്ങോളമിങ്ങോളമെത്തുന്ന മുതിർന്നവരുടെ നാടകത്തിൽ ഗീതയാണ് ധീരബായിയായി എത്തുക. 28-ന് കവിയുടെ മുന്നിലും നാടകമെത്തും.

ഹയർസെക്കൻഡറി നാടകവേദിയിൽ എത്തിയ ശക്തമായ പ്രമേയമാണ് ധീര ബായിയുടേത്. സോനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വർഗ വർണ പെൺകാഴ്ച തുറന്നത് സമകാലിക ഭാരതീയ സമൂഹത്തിലേക്കാണ്. തീവ്രമായ ദളിത് വിഷയം പര്യവസാനിക്കുന്നത് പേയാട്ടിലൂടെയാണ്. ആട്ടിയോടിക്കേണ്ട പ്രവണതകൾ ഏറിവരുന്ന സമൂഹത്തിനുനേരേയുള്ള ആട്ടോടെയാണ് കൊച്ചുകലാകാരന്മാർ അരങ്ങുവിട്ടത്. അരങ്ങ് വിട്ടെങ്കിലും ഇവരുടെ നാടകങ്ങൾ ഇനിയുമെത്തും- കനവ് എന്ന കൂട്ടായ്മയിലൂടെ. പഠനത്തിന്റെ തിരക്കിലും സമൂഹത്തിലൊരു ഇടപെടൽ കലയിലൂടെ വേണമെന്ന തിരിച്ചറിവാണ് ഇവർക്ക് കിട്ടിയതും ഇവർ പകരുന്നതും.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സക്കറിയയുടെ ‘തേൻ’ എന്ന കഥയും എം. മുകുന്ദന്റെ നഗ്നനായതമ്പുരാൻ എന്ന ലഘു നോവലും നാടകമായി അരങ്ങിലെത്തി.