സ്‌കൂൾ കലോത്സവത്തിൽ ആതിരയ്ക്കിത് കന്നിയങ്കമാണ്. ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന കലോത്സവത്തിൽ മറ്റു കുട്ടികളിൽ നിന്ന് അവളെ വേറിട്ടുനിർത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാതിമാത്രമുള്ള ഇടംകൈ, രണ്ട് കുറഞ്ഞ കാലം കൊണ്ട് അവൾ മറികടന്ന തിരിച്ചടികളും പ്രതിസന്ധികളും. കൈയില്ലാതെ പിറന്ന മകൾ ഒരു ബാധ്യതയായി മാറുമോ എന്ന ആശങ്കയും വേദനയും കൊണ്ട് ആതിരയ്ക്ക് ഒൻപതുമാസം പ്രായമുള്ളപ്പോഴാണ് അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തത്.  ബന്ധുക്കളും തഴഞ്ഞതോടെ പിന്നീട് ആതിരയ്ക്ക് വേണ്ടിയായിരുന്നു അമ്മ ലേഖയുടെ ജീവിതം. 

നൃത്താധ്യാപികയായ ബിന്ദു രാജേഷിനു കീഴിൽ എട്ടുവയസ്സുമുതൽ നൃത്തമഭ്യസിക്കുന്നുണ്ട് ആതിര. മോഹിനിയാട്ടമാണ് പ്രിയപ്പെട്ടതെങ്കിലും കുച്ചിപ്പുഡിയിലും നാടോടിനൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഉപജില്ലാ തലത്തിൽ മത്സരിച്ച്‌ എ ഗ്രേഡും രണ്ടാംസ്ഥാനവുമാണ് ലഭിച്ചത്. മത്സരശേഷം ആതിരയെ കണ്ട വിധികർത്താക്കൾ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും എന്നാൽ കൈകളുടെ മുദ്ര മോഹിനിയാട്ടത്തിൽ പ്രധാനമാണ് എന്നതിനാൽ ഒന്നാംസ്ഥാനം നൽകുന്നതിൽ സാങ്കേതികപ്രശ്നമുണ്ടെന്നും അറിയിച്ചു. കലോത്സവച്ചട്ടങ്ങളോടുള്ള ആതിരയുടെ പോരാട്ടം അവിടെനിന്നാണ് ആരംഭിക്കുന്നത്. ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയേക്കാൾ ഒരുമാർക്ക് മാത്രമായിരുന്നു കുറവ് എന്നതിനാൽ ആതിര അപ്പീലിനുപോയി ജില്ലയിലേക്ക് യോഗ്യത നേടി. ജില്ലാകലോത്സവത്തിലും ആതിര മികച്ച പ്രകടനം നടത്തി. വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. എന്നാൽ കലോത്സവ മാനുവലിലെ നിയമങ്ങൾ അവിടെയും വിലങ്ങുതടിയായി. ആതിരയ്ക്ക് വീണ്ടും എ ഗ്രേഡും രണ്ടാം സ്ഥാനവും.

ആതിര വീണ്ടും അപ്പീൽ നൽകി. സ്കൂളിൽനിന്ന്‌ നൽകിയ ആദ്യ അപ്പീൽ തള്ളിപ്പോയതോടെ അപ്പീലുമായി ആതിരയും അമ്മയും ബാലാവകാശ കമ്മിഷന് മുന്നിലെത്തി. എന്നാൽ അപ്പീൽ പരിഗണിക്കാനാവില്ലെന്ന കർശനനിലപാടിനുമുന്നിൽ ആതിര വിഷമിച്ചു.തുടർന്ന് ലോകായുക്തയെ സമീപിച്ചു. അവിടെ നീതി ലഭിച്ചു. സഹോദരന്റെ വീട്ടിലാണ് ലേഖയും ആതിരയും ഇപ്പോൾ താമസിക്കുന്നത്.  അമ്മയ്ക്ക് അവകാശപ്പെട്ട ഭൂമിയിൽ സ്വന്തമായൊരു വീട്.... അതാണ്‌ ആതിരയുടെ സ്വപ്നം.