ക്ഷണം പാകം ചെയ്യുന്നതിന്റെ മാത്രം കലയല്ല വിളമ്പുന്നതിന്റെ കൂടെയാണ്. വിഭവങ്ങള്‍ക്ക് രുചി എത്രയാണെങ്കിലും വിളമ്പുന്നവരുടെ മുഖം തെളിഞ്ഞില്ലെങ്കില്‍ ആസ്വദിച്ച് കഴിക്കാന്‍ പോയിട്ട് വിളമ്പിയത് മുഴുവന്‍ കഴിക്കാനുള്ള മനസു പോലും നമുക്കുണ്ടായി എന്നു വരില്ല. അവിടെയാണ് കലോത്സവത്തിന്റെ ഭക്ഷണപ്പുര വ്യത്യസ്തമാകുന്നത്. 

ഭക്ഷണപ്പുരയില്‍ എത്തുന്ന എല്ലാവരേയും പൂര്‍ണതൃപ്തരാക്കി മാത്രമേ മടക്കി അയക്കൂ എന്ന വാശിയില്‍ വിളമ്പാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഭക്ഷണശാലയിലുള്ള അദ്ധ്യാപകര്‍. അതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായി അഞ്ചരക്കണ്ടി യു.പി. സ്‌കൂളിലെ അദ്ധ്യാപകനും ഫുഡ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ പി.സി. ഗംഗാധരന്‍ പറയുന്നു.

തൊടുകറിയടക്കം ഒമ്പത് വിഭവങ്ങളാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ കലവറയില്‍ ഒരുങ്ങിയിരിക്കുന്നത്. കലോത്സവ കലവറയിലെ ഇന്നത്തെ താരം കാരറ്റ് പായസമാണ്. 

ഇനി വിളമ്പലിലേക്ക് കടക്കാം. കണ്ണൂര്‍ ജില്ലയിലെ 15 സബ്ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ക്കാണ് വിളമ്പല്‍ ചുമതല. കലാമത്സരങ്ങള്‍ നടക്കുന്ന ഏഴുദിവസത്തേക്കും വിളമ്പലിനായി  ഓരോ ടീമിനെയും മുന്‍കൂട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് ഇവര്‍ ഭക്ഷണശാലയിലേക്ക് എത്തുന്നത്. 

എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഭക്ഷണപ്പുരയില്‍ അന്നത്തെ ടീമിനൊപ്പം മീറ്റിങ്ങുണ്ടാവും. മാത്രമല്ല എല്ലാ വൈകുന്നേരങ്ങളിലും ഒരു അവലോകന യോഗവും ഉണ്ടാവും. അന്നത്തെ കുറവുകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് അടുത്ത ദിവസം അത് പരിഹരിക്കാനുള്ള മാര്‍ഗവും കണ്ടിട്ടേ യോഗം പിരിയാറുള്ളൂ എന്നും ഗംഗാധരന്‍ മാഷ് പറയുന്നു. 

ഏഴും ഏഴും പതിനാല് വരികളിലാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രണ്ടു വരികള്‍ അടങ്ങുന്ന ഒരോ വരിയിലും 35 അദ്ധ്യാപകര്‍ എന്ന നിലയിലാണ് ക്രമീകരണം. ക്ഷണിക്കപ്പെട്ട പ്രമുഖര്‍ക്കായി പ്രത്യേകം ക്രമീകരണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒന്നാം നിര വിധികര്‍ത്താക്കള്‍ക്കു വേണ്ടിയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനോട് ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായും പ്രത്യേകം നിര ഏര്‍പ്പാടാക്കിയിട്ടുണ്ട്.