കണ്ണൂര്‍: ഭയം ഒരു രാജ്യമാണ്, അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ് എന്ന് പറഞ്ഞ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരന്റെ എഴുത്തുകള്‍ ആരും മറന്നുകാണില്ല. സംസ്ഥാന സ്‌കുള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ഒന്നാമനായി  മടങ്ങുമ്പോഴും ആ തീക്കനല്‍ കെട്ടടങ്ങിയിട്ടില്ലെന്ന് പ്രതിഷേധ കോലങ്ങളുടെ മണ്ണില്‍ ദ്രുപതെഴുതിയ മൗനത്തില്‍ ചാലിച്ച കവിയെഴുത്ത് സാക്ഷ്യം പറയുന്നു. 

സബ്ജില്ല തലത്തില്‍ ഏഴാം സ്ഥാനവും സി ഗ്രേഡുമായി തഴയപ്പെട്ടപ്പോള്‍ അപ്പീലിനു പോകാന്‍ ദ്രുപതിന് താല്‍പര്യമുണ്ടായിരുന്നില്ല. തന്റെ പ്രിയപ്പെട്ട ടീച്ചറുടെയും മാതാപിതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അപ്പീല്‍ നല്‍കിയത്.  ജില്ലാതലത്തില്‍ മത്സരത്തിനെത്തിയപ്പോള്‍ ഒന്നാം സ്ഥാനം ലഭിച്ചു.  

സംസ്ഥാന തലത്തില്‍ പലതരം സെല്‍ഫികള്‍ എന്ന വിഷയത്തില്‍ ' ഒറ്റവെട്ടിന് തിരകള്‍ നീക്കിയ കടല്‍' എന്ന  കവിതയ്ക്കാണ് ദ്രുപതിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് ദ്രുപതിന്റെത്. കവിതകളെഴുതിയാല്‍ ഒളിച്ചുവയ്ക്കും. 

കവിയായ അച്ഛന്റെ എഴുത്തുകളില്‍ പോലും ശ്രദ്ധകൊടുക്കാതിരുന്ന ദ്രുപത് ഒമ്പതാം ക്ലാസിലായപ്പോഴാണ് ആദ്യമായി എഴുതി തുടങ്ങിയത്. ആ എഴുത്തുകള്‍ മിക്കതും  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു.

ആഴ്ചപ്പതിപ്പില്‍ ദ്രുപത് എഴുതിയ ' ഭയം' എന്ന കവിത സാംസ്‌കാരിക കേരളം ഏറെ ചര്‍ച്ച ചെയ്ത സൃഷ്ടിയായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ലളിതമായി എഴുതിയ കവിതകളെല്ലാം മാനസിക വിപ്ലവത്തിന്റെ കാട്ടു തീയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലാണ് ദ്രുപതിന്റെ കഥകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കാറ്റ്, ഭയം, മരുഭൂമി തുടങ്ങി നിരവധി കവിതകള്‍ ദ്രുപത് രചിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചനയില്‍ ദ്രുപതി രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ സന്തോഷമൊന്നും ദ്രുപത് കാണിക്കുന്നില്ല. എന്നാല്‍ ആരോടെങ്കിലും നന്ദി പറയാനുണ്ടോ എന്ന ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കും ഗുരുനാഥയായ കുപ്പാടി ഹൈസ്‌കൂള്‍ പ്രധാനധ്യാപിക സി. കസ്തൂരിഭായിയോടും നന്ദി പറയണമെന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 

തബല വായനയും ഫുട്ബോളുമാണ് ദ്രുപതിന്റെ മറ്റ് ഇഷ്ടമേഖലകള്‍. കഴിഞ്ഞ ജില്ലാ തല കലോത്സവത്തില്‍ തബലവായനയിലും ദ്രുപത് ഒന്നാം സ്ഥാനം നേടിയിരുന്നു. തബലവായനക്ക് കൂട്ടായി ഇളയ സഹോദരി മൗര്യ ചിന്മയയുമുണ്ട്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലാര്‍ക്കാണ് ദ്രുപതിന്റെ അച്ഛന്‍ ജയന്‍ കൂപ്പാടി. കവി കൂടിയായ ജയന്‍ സ്വന്തമായി കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദ്രുപതിന്റെ ഭയം എന്ന കവിത

മരം എന്ന ക്ലാസിലെ 
ഒരില പോലും
അനങ്ങുന്നില്ല 
നിശ്ശബ്ദത
എന്ന പട്ടിക്കൂട് 
വ്യവസ്ഥിതി
ആരുടെയോ 

പേരെഴുതി വെക്കുന്നു
വിയര്‍ത്ത് 
ഓടിവന്ന
കാറ്റിനെ 
ചുണ്ടില്‍ ഒരു വിരലൊട്ടിച്ച് 
നിറുത്തിയിട്ടുണ്ട് വരാന്തയില്‍...!
ഒരു മിണ്ടല്‍ 
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു...!
വാതില്‍വരെയെത്തിയ
ഒരു ചിരി
തിരിഞ്ഞോടുന്നു...!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം...!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാ
ണ്.