കണ്ണൂര്‍: നാടക കലാകാരനായ കൊടുമണ്‍ ഗോപാലകൃഷ്ണന്റെ രണ്ടു നാടകങ്ങള്‍ കലോത്സവ വേദിയില്‍ നേര്‍ക്കുനേര്‍ മത്സരത്തിനെത്തും. ഹൈസ്‌കൂള്‍ വിഭാഗം  സംസ്‌കൃത നാടക മത്സരത്തില്‍ കോഴിക്കോട്, പത്തനംതിട്ട ജില്ലകളുടെ, ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച  നാടകങ്ങളാണ് നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. 

കോഴിക്കോട് അച്യുതന്‍ ഗേള്‍സ് സ്‌കൂളിന്റെ മൃശ്ചകടികവും പത്തനംതിട്ട റിപ്പബ്ലിക്കന്‍ എച്ച്.എസ്.എസിന്റെ ചിലപ്പതികാരനവും ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടു നാടകങ്ങളും ജില്ലകളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കലോത്സവത്തിനെത്തിയത്.

ചിലപ്പതികാരത്തിനു പുറമെ ഒരു മലയാളം നാടകവും ഗോപാലകൃഷ്ണന്‍  കലോത്സവത്തില്‍ അരങ്ങിലെത്തിക്കുന്നുണ്ട്. പത്തനംതിട്ട ബഥനി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിനായി എം. മുകുന്ദന്റെ കഥയുടെ നാടകാവിഷ്‌കാരമായ 'കാമറയിലെ പെണ്‍കുട്ടി'യാണ് മലയാളം നാടകം.

എണ്‍പത്താറിലധികം മലയാള നാടകങ്ങളും 14 സംസ്‌കൃത നാടകങ്ങളും കൊടുമണ്‍ ഗോപാലകൃഷ്ണന്‍ അരങ്ങിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കലോത്സവങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു ഗോപാലകൃഷ്ണന്റെ നാടകങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ സംസ്‌കൃത നാടക മത്സരത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. സംസ്ഥാനത്തെ മികച്ച നടനുള്ള ഇ.വി കൃഷ്ണപ്പിള്ള അവര്‍ഡുകളടക്കം നിരവധി അവര്‍ഡുകളും ഗോപാല കൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.