ചരമം

പത്രസമ്മേളനം കഴിഞ്ഞു മടങ്ങിയ തൊഴിലാളിയൂണിയന്‍ നേതാവ് വഴിമധ്യേ മരിച്ചു
കട്ടപ്പന:
എ.ഐ.ടി.യു.സി. നേതാവും പാചകത്തൊഴിലാളി യൂണിയന്‍ ദേശീയ പ്രസിഡന്റുമായിരുന്ന ഇരട്ടയാര്‍ വെട്ടിക്കുഴിക്കവല പള്ളിവാതുക്കല്‍ കുര്യന്‍ മാത്യു(53) അന്തരിച്ചു. തിരുവനന്തപുരത്തു പോയി മടങ്ങുംവഴി കോട്ടയത്ത് പത്രസമ്മേളനവും നടത്തി നാട്ടിലേക്കുപോകുമ്പോള്‍ ഏലപ്പാറ ചിന്നാറ്റില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. വാഹനം നിര്‍ത്തി കടയില്‍നിന്ന് വെള്ളം വാങ്ങിക്കുടിച്ചശേഷം അതുവഴിവന്ന ജീപ്പ് കൈകാണിച്ച് നിര്‍ത്തി ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. മാട്ടുക്കട്ടയിലെ വേളാങ്കണ്ണി ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു.
കേരള കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തിയ ഇദ്ദേഹം പ്രമുഖ സംഘാടകനും തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവര്‍ക്ക് ആനുകുല്യങ്ങള്‍ നേടിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് അംഗം, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ആലീസ് (ബഥേല്‍ സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക). മക്കള്‍: അതുല്‍, ആദര്‍ശ്. ശവസംസ്‌കാരം പിന്നീട്.

രമണി
കൊടുമണ്‍: അങ്ങാടിക്കല്‍ വടക്ക് ഒറ്റത്തേക്ക് രാജി ഭവനത്തില്‍ രാമചന്ദ്രന്റെ ഭാര്യ രമണി (61) അന്തരിച്ചു. മക്കള്‍: രാജി, രഞ്ജു. മരുമക്കള്‍: സുചീന്ദ്രന്‍, അര്‍ച്ചന. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

ഭവാനിയമ്മ
കല്ലൂപ്പാറ: വടക്കേതോണിപ്പുറത്ത് പരേതനായ ഗോവിന്ദപ്പിള്ള കുമാരപിള്ളയുടെ ഭാര്യ ഭവാനിയമ്മ(90) അന്തരിച്ചു. ഇരവിപേരൂര്‍ കരിപ്പൂര്‍ കുടുംബാംഗമാണ്. മക്കള്‍: രാധ, സരസമ്മ, വത്സല, സുജ, സോമന്‍. മരുമക്കള്‍: ഹരിദാസ്, രാധാകൃഷ്ണന്‍(ചേര്‍ത്തല), വിജയന്‍, രമ, പരേതനായ വിജയന്‍. ശവസംസ്‌കാരം ഞായറാഴ്ച 1.30-ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച ഒന്‍പതിന്.

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ:
യുവതിയെ തൊട്ടില്‍കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഏഴല്ലൂര്‍ പ്ലാന്റേഷന്‍ പുള്ളിക്കുടിയില്‍ ഹാരീസിന്റെ ഭാര്യ ആരിഫ (ആര്യ-22) യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഞായറാഴ്ച കബറടക്കം നടത്തും. ഓട്ടോഡ്രൈവറായ ഹാരിസും ലാബ് ടെക്‌നീഷ്യനായ ആരിഫയും രണ്ടുവര്‍ഷം മുമ്പ് സ്‌നേഹിച്ച് വിവാഹം കഴിച്ചതാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഇവര്‍ക്ക് നാലുമാസം പ്രായമായ ആണ്‍കുട്ടിയുണ്ട്. പെരുമാങ്കണ്ടം കുന്നേല്‍ കുടുംബാംഗമാണ് ആരിഫ.