ഉപ്പുതറ: പത്തുചെയിനില്‍ റവന്യൂ വകുപ്പ് കൈവശരേഖ നല്‍കാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീട് പണിയാന്‍കഴിയാതെ വൃദ്ധ ദമ്പതിമാര്‍. അയ്യപ്പന്‍കോവില്‍, കിഴക്കേ മാട്ടുക്കട്ട, ഒറ്റപ്ലാക്കല്‍ ജോസഫ് കുരുവിളയും (75) ഭാര്യ കുട്ടിയമ്മയുമാണ് അനവദിച്ചുകിട്ടിയ വീട് പണിയാന്‍കഴിയാതെ ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ദുരിതമനുഭവിക്കുന്നത്. രോഗിയായ ജോസഫ് ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പോറ്റുന്നത്. കുട്ടിയമ്മയും രോഗിയാണ്.

ഓടിട്ടതാണെങ്കിലും ചോര്‍ന്നൊലിച്ചും മേല്‍ക്കൂര ചിതലരിച്ചും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിലുള്ള വീട്. നിരന്തരമായ ശ്രമത്തേ തുടര്‍ന്നാണ് പി.എം.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോസഫിന് വീട് അനുവദിച്ചത്. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തുമായി ഉടമ്പടിവെയ്ക്കണമെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ വേണം. പട്ടയമില്ലെങ്കിലും പത്ത്്‌ചെയിനില്‍ ജോസഫിന് 25 സെന്റ്റ് ഭൂമിയുണ്ട്. എന്നാല്‍, റവന്യൂ വകുപ്പ് ഭൂമിക്ക് കൈവശരേഖ നല്‍കാത്തതിനാല്‍ ഇതുവരെ വീടിന്റെ പണിതുടങ്ങാനായില്ല. പത്ത്‌ചെയിനില്‍ ഉടന്‍ പട്ടയം നല്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ കൈവശരേഖ കൊടുക്കുന്ന നടപടി റവന്യൂ വകുപ്പ് പിന്‍വലിച്ചതാണ് ജോസഫിന് തിരിച്ചടിയായത്.

പട്ടയമില്ലെങ്കിലും വീടുെവയ്ക്കാന്‍ മറ്റു പ്രദേശങ്ങളിലെല്ലാം മൂന്നു സെന്റിന് താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൈവശരേഖ നല്‍കുന്നുണ്ട്. എന്നാല്‍, പട്ടയം നല്‍കുമെന്ന പ്രഖ്യാപനത്തോടെ പത്ത്‌ചെയിനില്‍ ഇതു ബാധമല്ലെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്ത് പത്ത്‌ചെയിനില്‍ കൈവശരേഖ നല്‍കാമെന്ന ഉത്തരവ് പിന്‍വലിച്ചെന്നും റവന്യൂ അധികൃതര്‍ പറയുന്നു.  പ്രഖ്യാപനം ഉണ്ടായെങ്കിലും പട്ടയം നല്‍കുന്നതിനുള്ള പ്രാഥമിക നടപടികള്‍പോലും സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പട്ടയം നല്‍കുന്നതുവരെ കൈവശരേഖ നല്‍കണമെന്ന ആവശ്യവും ആരും ചെവിക്കൊള്ളുന്നില്ല. അടുത്ത മാര്‍ച്ചിനുമുന്‍പ് വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവദിച്ച ഫണ്ടും വീടെന്ന സ്വപ്നവും ജോസഫിന് നഷ്ടമാകും.