പെരിഞ്ചാംകുട്ടിഭൂമിപ്രശ്‌നം: നിരാഹാരസമരം അവസാനിപ്പിച്ചു

Posted on: 23 Dec 2012തൊടുപുഴ:പെരിഞ്ചാംകുട്ടി പ്രദേശത്തുനിന്ന് കുടിയിറക്കപ്പെട്ടതിനെത്തുടര്‍ന്ന് ആദിവാസി ഭൂമിസംരക്ഷണസമിതിയും മറ്റ് ആദിവാസി സംഘടനകളും ജില്ലാ കളക്ടറേറ്റ്പടിക്കല്‍ നടത്തി വന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ആദിവാസി ഭൂമിപ്രശ്‌ന പരിഹാരത്തിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് നിരാഹാരസമരം പിന്‍വലിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ജില്ലയിലെ രാഷ്ര്ടീയപാര്‍ട്ടികളുടെയും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെയും ആദിവാസി നേതാക്കളുടെയും സംയുക്തസമിതി രൂപവത്കരിക്കും. സമിതി ജനവരി 15നകം കുടിയിറക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് നിരാഹാരസമരം പിന്‍വലിച്ചത്. പെരിഞ്ചാംകുട്ടിയില്‍നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. ചിന്നക്കനാലിലെ 70 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പെരിഞ്ചാംകുട്ടിയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കാനായി പരിഗണിക്കുന്നത്. ചിന്നക്കനാലിലെ 70 ഏക്കര്‍ ഭൂമി ചിന്നക്കനാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമാക്കാന്‍ തീരുമാനിച്ചതായി കളക്ടര്‍ അറിയിച്ചു. സ്ഥലത്തെ കുടിവെള്ളംപ്രശ്‌നം പരിഹരിക്കാനായി വരള്‍ച്ചാദുരിതാശ്വാസഫണ്ട് ഉപയോഗിക്കും.

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി കണ്ടെത്തി നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു. പെരിഞ്ചാംകുട്ടി പ്രശ്‌നത്തിന് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കണമെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ഇടുക്കി സബ് കളക്ടര്‍ മുഹമ്മദ് സഫറുള്ള , എ.ഡി.എം. പി.എന്‍.സന്തോഷ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ ഹൃഷികേശന്‍നായര്‍, മൂന്നാര്‍ ഡി.എഫ്.ഒ. കെ.ഒ.സാമുവല്‍, വിവിധ രാഷ്ര്ടീയകക്ഷി നേതാക്കള്‍, ആദിവാസി സമരസമിതിനേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki