സഞ്ചാരികളെ മാടിവിളിച്ച് ഇടുക്കി ഡാം

Posted on: 23 Dec 2012

ചെറുതോണി (ഇടുക്കി):ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം കാണാന്‍ ഇടുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് 22മുതല്‍ ജനവരി 10വരെയാണ് സന്ദര്‍ശനാനുമതി.

രാവിലെ 9മുതല്‍ വൈകുന്നേരം 5വരെയാണ് പ്രവേശം. മുതിര്‍ന്നവര്‍ക്ക് 10രൂപയും കുട്ടികള്‍ക്ക് 5രൂപയുമാണ് പാസ്.

ചെറുതോണി ഡാം വഴിയാണ് പ്രവേശം. പാസ് ചെറുതോണി ഡാമിനുസമീപം കെ.എസ്.ഇ.ബി.യുടെ കൗണ്ടറിലും ഇടുക്കി ടൗണിലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലും ലഭിക്കും.

ക്യാമറ, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഡാമിനു മുകളിലൂടെ കൊണ്ടുപോകുന്നത് ശിക്ഷാര്‍ഹമാണ്. വിനോദസഞ്ചാരികള്‍ കൊണ്ടുവരുന്ന ഇത്തരം ഉപകരണങ്ങള്‍ ടിക്കറ്റ് കൗണ്ടറില്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.

ചെറുതോണി ഡാംവഴി പ്രവേശിക്കുന്ന സഞ്ചാരികള്‍ ഇടുക്കി ഡാം കണ്ട് അതിലൂടെ പുറത്തുകടക്കുകയോ തിരിച്ചുവരികയോ ചെയ്യാം. ഡാമിലേക്ക്പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പാസ്സിന്റെ ഒരുഭാഗംകൊണ്ട് ഇടുക്കി ഡാമിന്റെ അടിത്തട്ടില്‍ പോയി സന്ദര്‍ശനം നടത്താം. ഇടുക്കി ടൗണില്‍ എത്തിയതിനുശേഷമായിരിക്കും അടിത്തട്ടിലേക്ക് പ്രവേശിക്കാന്‍ വഴിയുള്ളത്.

വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടൂറിസ്റ്റുകള്‍ വരുന്ന വാഹനം കൊലുമ്പന്‍ സ്മാരകത്തിനുസമീപംകൂടി ചെറുതോണി ഡാമിലേക്ക് പ്രവേശിക്കാനാണ് അനുമതിയുള്ളത്. ഇതിലെ പോകുന്ന വാഹനം ഡാമിനുസമീപം യാത്രക്കാരെ ഇറക്കിയതിനുശേഷം റോഡരികില്‍ പാര്‍ക്ക്‌ചെയ്യാം. പിന്നീട് ജില്ലാ ആസ്​പത്രിവഴി മെയിന്‍ റോഡില്‍ പ്രവേശിക്കാം. ഇതുവഴി ഡാമിലേക്ക്‌വാഹനങ്ങള്‍ക്ക് തിരികെ പ്രവേശനാനുമതി ഇല്ല.

ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ദിവസവും 28 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കുള്ളത്.മെറ്റല്‍ ഡിറ്റക്ടര്‍വഴിയാണ് ഡാമിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. ദേഹപരിശോധനയും നടത്തുന്നുണ്ട്.

സഞ്ചാരികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ കെ.എസ്.ഇ.ബി. തയ്യാറാക്കിയിട്ടുണ്ട്. ഡാമിലൂടെ ബോട്ടിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേര്‍ക്ക് 15 മിനുട്ട് ഡാമിലൂടെ ചുറ്റിയടിക്കാന്‍ 600 രൂപയാണ് പാസ്.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki