ക്വാര്‍ട്ടേഴ്‌സുകളിലെ മോഷണം; രണ്ടുപേര്‍ പിടിയില്‍

Posted on: 04 Feb 2012



മൂന്നാര്‍: മൂന്നാറിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. മൂന്നാര്‍ ന്യൂകോളനി സ്വദേശി മഹേഷ്‌കുമാര്‍ (19), ചെന്നൈ ഗുടുവാഞ്ചേരി സ്വദേശി പനീര്‍സെല്‍വം (22) എന്നിവരെയാണ് ദേവികുളം പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ സപ്തംബറില്‍ ടാറ്റാ ഹോസ്​പിറ്റലിലെ ഡോക്ടറുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. പിന്നീട് നവംബറില്‍ സമാനരീതിയിലുള്ള മോഷണം കെ.ഒ.എച്ച്.പി. കമ്പനി അസിസ്റ്റന്റ് മാനേജരുടെ വീട്ടിലും നടന്നു. രണ്ടു സ്ഥലങ്ങളിലും പുറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇരുവീടുകളില്‍നിന്ന് ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, ഡി.വി.ഡി., ക്യാമറ, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നീ സാധനങ്ങളാണ് മോഷണം പോയത്. പിടിയിലായ മൂന്നാര്‍ സ്വദേശി മഹേഷ്‌കുമാര്‍ ചെന്നൈയില്‍ വെല്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു. അവിടത്തെ സുഹൃത്തായ പനീര്‍സെല്‍വവുമായി ഇടയ്ക്ക് മൂന്നാറിലെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. പനീര്‍സെല്‍വം ചെന്നൈയിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച രാത്രി ദേവികുളത്ത് സംശയാസ്​പദമായ രീതിയില്‍ കണ്ട ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്.

ദേവികുളം സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. വേണുഗോപാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉലഹന്നാന്‍, സജി എന്‍. പോള്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.