മൂന്നാറിലെ കൊലപാതകങ്ങള്‍ ആശങ്ക പടര്‍ത്തുന്നു
Posted on: 04 Feb 2012
മൂന്നാര്‍: മൂന്നാറില്‍ കൊലപാതകങ്ങളും അക്രമങ്ങളും മോഷണവും വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നത് ആശങ്ക ഉണര്‍ത്തുന്നു.
കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളാണ് അടുത്തകാലത്തായി മൂന്നാറില്‍ നടന്നത്. അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് എത്തി കൊലപാതകം നടത്തി സുരക്ഷിതമായി തിരിച്ചുപോകാനുള്ള സ്ഥലമായി മൂന്നാര്‍ മാറിയിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച അനന്തരാമന്‍ കൊലക്കേസിനു സമാനമായ കൊലപാതകമാണ് 2011 ഒക്‌ടോബറില്‍ നടന്ന ഷാമില വധവും. വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയ തമിഴ്‌നാട് സ്വദേശി മഹേഷ്‌കുമാര്‍ സംശയത്തിന്റെ പേരില്‍ ഭാര്യ ഷാമിലയെ പഴയ മൂന്നാറിലെ ലോഡ്ജില്‍വച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന മഹേഷ്‌കുമാര്‍ ദിവസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കി. കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെയാണ് മൂന്നാര്‍ കോവിലൂരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ അക്രമിസംഘം കുത്തിക്കൊന്നത്. കോവിലൂര്‍ സ്വദേശി രംഗസ്വാമിയാണ് അന്ന് സ്വന്തം വീടിനു മുന്നില്‍ കുത്തേറ്റു മരിച്ചത്. ഊരുവിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളും നാട്ടുകാരുമായി ഉണ്ടാകുന്ന സംഘട്ടനങ്ങളും കുറവല്ല. ഇപ്പോള്‍ നടന്ന ജീമോന്റെ കൊലപാതകം തന്നെ ഉദാഹരണം. മദ്യപിച്ചെത്തിയ ഇരുകൂട്ടരും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.