ഒന്നരമാസമായി കുമാരമംഗലത്ത് കുടിവെള്ളമില്ല

Posted on: 04 Feb 2012



കുമാരമംഗലം:പാറ, കുമാരമംഗലം പ്രദേശങ്ങളിലുള്ള ആയിരത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒന്നരമാസം പിന്നിടുന്നു. അധികൃതരോട് പരാതി പറഞ്ഞ് നാട്ടുകാര്‍ മടുത്തു.

പെരുമ്പിള്ളിച്ചിറയില്‍ നിന്നാണ് പാറയിലും കുമാരമംഗലത്തും കുടിവെള്ളം എത്തിക്കുന്നത്. മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്ന് നടത്തിയ അറ്റകുറ്റപ്പണികളാണ് ജലവിതരണം താളം തെറ്റിച്ചത്. അറയ്ക്കമലമ്പ്രം ഭാഗത്തെ ടാങ്കില്‍ എത്തിച്ച് വെള്ളം വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയത് 2004-05 ലാണ്. ടാങ്കില്‍ വെള്ളമെത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ശേഷികുറഞ്ഞ മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ ടാങ്കിലേക്ക് വെള്ളമെത്തുന്നില്ല.

വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ തുള്ളി തുള്ളിയായാണ് വെള്ളമെത്തുന്നത്. അതും രാവിലെ കുറച്ചുനേരം മാത്രം. ആദ്യം ടാപ്പിനു സമീപം പാത്രങ്ങള്‍ വച്ച് കാത്തിരിക്കുന്ന കുറച്ചുപേര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം കിട്ടുകയുള്ളൂ എന്ന് ത്രിവേണി പാറച്ചാലില്‍ പി.കെ.കരുണാകരന്‍ പറയുന്നു.

എഴുപതിലധികം വീടുകളുണ്ട് ത്രിവേണി അറയ്ക്കമലമ്പ്രം ഭാഗത്ത്. ഇവിടെ സ്വന്തമായി കിണറുള്ളത് വിരലില്‍ എണ്ണാവുന്ന വീടുകള്‍ക്കു മാത്രമാണ്. ഒരു കിലോമീറ്റര്‍ അകലെയുള്ള കനാലില്‍ പോയാണ് മിക്കവരും കുളിക്കുന്നതും തുണികഴുകുന്നതും.

ഒരു ഭാഗത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ ദുരിതമനുഭവിക്കുമ്പോള്‍ പൈപ്പുവെള്ളം ഒഴുകി നഷ്ടപ്പെടുന്നതും അധികാരികള്‍ കാണുന്നില്ല. കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂളിനടുത്തുള്ള ഓടയിലേക്ക് പൈപ്പുപൊട്ടി വെള്ളം ഒഴുകിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ചോഴന്‍കുടി, ഉരിയരിക്കുന്ന് ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്.

ജലഅതോറിട്ടി ജീവനക്കാരോട് പരാതി പറഞ്ഞ് നാട്ടുകാര്‍ മടുത്തു. എത്ര പരാതി പറഞ്ഞാലും അധികാരികള്‍ക്ക് ഭാവഭേദമില്ല. പുതിയ മോട്ടോര്‍ സ്ഥാപിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെങ്കിലും അതിനുള്ള നടപടികളൊന്നുമില്ല. പത്തുകോടി രൂപയുടെ പദ്ധതിക്ക് അനുമതി കിട്ടിയെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികാരികള്‍ പറയുന്നു.

More News from Idukki