കൃഷിയില്‍ കരുത്തുതെളിയിച്ച് അനുപമ കുടുംബശ്രീ
Posted on: 04 Feb 2012
പണിക്കന്‍കുടി: അഞ്ചുവര്‍ഷമായി കാര്‍ഷികരംഗത്ത് ശ്രദ്ധേയമായ ചുവടുകളുമായി മുന്നേറുകയാണ് കൊമ്പൊടിഞ്ഞാലിലെ അനുപമ കുടുംബശ്രീ യൂണിറ്റ്. പതിനൊന്ന് അംഗങ്ങളുള്ള യൂണിറ്റ് കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അനുപമയുടെ കീഴിലെ സുപ്രിയ കാര്‍ഷിക ഗ്രൂപ്പാണ് കിഴങ്ങുവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയില്‍ മികവു തെളിയിക്കുന്നത്. മൂന്നേക്കര്‍ സ്ഥലത്താണ് കപ്പ, വാഴ, ചേന, ഇഞ്ചി, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുന്നത്. വിളകളുടെ നടീലും പരിപാലനവും വിളവെടുപ്പും വിപണനവുമെല്ലാം വീട്ടമ്മമാര്‍തന്നെ നടത്തുന്നു.
ജയ ബിനു പ്രസിഡന്റായും സുമ മോഹന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന അനുപമ കുടുംബശ്രീ യൂണിറ്റിലെ കാര്‍ഷിക ഗ്രൂപ്പിന്റെ മേല്‍നോട്ടം വിധു ഷാജിയും ലതാ ഉണ്ണിക്കൃഷ്ണനുമാണ്. തങ്ങളുടെ ഗ്രാമത്തിലെ കൃഷിയോഗ്യമായ പ്രദേശങ്ങളിലെല്ലാം കൂട്ടുകൃഷി വ്യാപിപ്പിച്ച് ഭക്ഷ്യവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള പരിശ്രമത്തിലാണ് അനുപമ കുടുംബശ്രീ കൂട്ടായ്മ.