അടിമാലി താലൂക്കാസ്‌പത്രിയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തിങ്കളാഴ്ച പുനരാരംഭിക്കും

Posted on: 04 Feb 2012



അടിമാലി: ആരോഗ്യവകുപ്പിന്റെ വാഹനം തഹസീല്‍ദാര്‍ കൊണ്ടുപോയതു മൂലം അടച്ചുപൂട്ടിയ അടിമാലി താലൂക്ക് ആസ്​പത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിക്കും.

തഹസില്‍ദാര്‍ക്ക് ആരോഗ്യവകുപ്പ് മറ്റൊരു വാഹനം നല്‍കിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ജില്ലയിലെ കൊക്കയാല്‍ പി.എച്ച്.സി.യില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ജീപ്പായിരിക്കും ആരോഗ്യവകുപ്പ് തഹസില്‍ദാര്‍ക്ക് നല്‍കുക. മണ്ഡലകാലത്ത് ശബരിമലയില്‍ ഓട്ടത്തിലായിരുന്ന ആ വാഹനം വെള്ളിയാഴ്ച വൈകുന്നേരം അടിയന്തിരമായി ഡി.എം.ഒ. ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

ശനിയാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ വാഹനം തഹസില്‍ദാര്‍ക്ക് കൈമാറി. മൊബൈല്‍ യൂണിറ്റിന്റെ വാഹനം വൈകുന്നേരത്തോടെ അടിമാലിയില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഡി.എം.ഒ. ഓഫീസില്‍ നിന്ന്അറിയിച്ചു.

തഹസില്‍ദാര്‍ കൊണ്ടുപോയ ജീപ്പ് മലയിടുക്കുകള്‍ കയറുന്ന ഫ്രണ്ട് എന്‍ജിന്‍ ഉള്ള വാഹനമാണ്. വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ എത്തണമെങ്കില്‍ ആ വാഹനം തന്നെ യൂണിറ്റിന് നല്‍കണം.

മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മറയൂര്‍ക്ക് സ്ഥലം മാറ്റിയ യൂണിറ്റിലെ ഡോക്ടറെ ഉടന്‍ തന്നെ അടിമാലിയില്‍ എത്തിക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചു.

കഴിഞ്ഞ ഡിസംബര്‍ 2 നാണ് ഡി.എം.ഒ.യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടിമാലിയിലെ മൊബൈല്‍ യൂണിറ്റിന്റെ വാഹനം ദേവികുളം തഹസില്‍ദാര്‍ കൊണ്ടുപോയത്.

ചികിത്സയിലെ പിഴമൂലം ഒരു രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേവികുളം കോടതിയുടെ ഉത്തരവ് തഹസില്‍ദാര്‍ നടപ്പാക്കിയില്ല. ഇതിനാല്‍ ഒക്ടോബര്‍ 28 ന് തഹസില്‍ദാരുടെ വാഹനം കോടതി ജപ്തി ചെയ്തു. ഇതോടെയാണ് ഡി.എം.ഒ.യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ യൂണിറ്റിന്റെ വാഹനം തഹസില്‍ദാര്‍ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം മാതൃഭൂമി ഇത് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വാഹനം ഇല്ലാതെ വന്നതോടെ ആദിവാസി കുടികളിലെ മെഡിക്കല്‍ ക്യാമ്പുകള്‍ നിലച്ചിരുന്നു. ഇതോടെ ആദിവാസികള്‍ ദുരിതത്തിലാണ്. വാഹനം എത്തുന്നതോടെ ഇതിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.