ആനച്ചാല്‍-ആഡിറ്റ് റോഡ് പുനര്‍നിര്‍മ്മിക്കണം
Posted on: 04 Feb 2012
കുഞ്ചിത്തണ്ണി:ഹൈറേഞ്ചിലെ പ്രധാന വാണിജ്യകേന്ദ്രമായ അടിമാലിയില്‍നിന്ന് കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, രാജാക്കാട് മേഖലയിലേക്കുള്ള യാത്രാദൂരം ഏഴ് കിലോമീറ്റര്‍ കുറയ്ക്കുന്ന ആനച്ചാല്‍- ആഡിറ്റ് റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
900 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഈ റോഡിന്റെ പകുതിയിലധികവും കയറ്റവും കൊടുംവളവുകളുമാണ്. അടിമാലിയില്‍നിന്ന് കുഞ്ചിത്തണ്ണി മേഖലയിലേക്ക് ആനച്ചാല്‍-ചിത്തിരപുരം പള്ളിവാസല്‍ പൗവര്‍ഹൗസ് വഴി പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ടെങ്കിലും ഏഴ് കിലോമീറ്റര്‍ ദൂരം കുറയുമെന്നതിനാല്‍ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് ഈ റോഡ് വഴിയാണ്. മൂന്നാറില്‍നിന്ന് തേക്കടിയിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കൂടുതലും കടന്നുപോകുന്നത്. 28 സ്വകാര്യബസ്സുകളും മൂന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സുകളും ഇതുവഴി സര്‍വ്വീസ് നടത്തിവരുന്നുണ്ട്.
കുത്തനെയുള്ള കയറ്റം കയറാന്‍ സാധിക്കാതെ വരുമ്പോള്‍ കയറ്റത്തില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി നടക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. റോഡിന് വീതി കുറവുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് ശ്രമകരമായ ജോലിയാണ്. സൈഡ് കൊടുക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. കുത്തനെയുള്ള കയറ്റത്തില്‍ യാത്രാ ബസ്സുകളുടെയും ചരക്കുലോറികളുടെയും ആക്‌സില്‍ ഒടിയുന്നതും പതിവ് സംഭവം മാത്രം. അന്യസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായെത്തുന്ന ലോറികള്‍ കൊടുംവളവ് തിരിയാന്‍ സാധിക്കാതെ റോഡില്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതസ്തംഭനം ഉണ്ടാവുന്നതും ഈ റോഡില്‍ പതിവായി മാറി.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും കയറ്റം കുറച്ച് കൊടുംവളവുകള്‍ ഒഴിവാക്കി പുനര്‍നിര്‍മിക്കണമെന്നതുമാണ് ജനങ്ങളുടെ ആവശ്യം.