രാജകുമാരി: രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാടന്‍ പച്ചക്കറികൃഷി വീണ്ടും തുടങ്ങി. രാജകുമാരി കൃഷിഭവന്റെ സഹകരണത്തോടെയാണ് പരമ്പരാഗത പച്ചക്കറിവിളകള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.

ചതുരപ്പയര്‍, വാളരിപ്പയര്‍, അമര പ്പയര്‍, നിത്യവഴുതന, ഇലചേമ്പ്, അഗതി ചീര, നാടന്‍ തക്കാളി, ആകാശ വെള്ളരി, ചെറുകിഴങ്ങ്, നനകിഴങ്ങ്, അടതാപ്പ് തുടങ്ങിയ പരമ്പരാഗത പച്ചക്കറിയിനങ്ങളുടെ കൃഷിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട വിത്തു ശേഖരണത്തിനുശേഷമാണ് കാര്‍ഷികജോലികള്‍ തുടങ്ങിയത്.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഒരേക്കര്‍ സ്ഥലത്താണ് ജൈവകൃഷി. ആരോഗ്യപരിപാലനത്തിനിടയിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് മെഡിക്കല്‍ ഓഫീസര്‍ ഷിമി മുകുന്ദന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍. വാര്‍ഡ് മെമ്പര്‍ വര്‍ഗീസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.എല്‍ദോ പച്ചക്കറി കൃഷികളുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നെടുംകണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിന്‍സ് മാത്യു, കൃഷി ഓഫിസര്‍ എം.എസ്.ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.