കോളേജിലെ അവസാന ദിവസങ്ങളില്‍ കൂട്ടുകാരോടൊപ്പം ഒന്നിച്ചെടുക്കുന്ന സ്റ്റുഡിയോ ചിത്രങ്ങള്‍ പോലും ഇന്ന് സെല്‍ഫികള്‍ കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. വിവാഹ ദിനമാണെങ്കില്‍ പോലും സെല്‍ഫികള്‍ ഇല്ലാതെ വയ്യ. സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും വാങ്ങണമെങ്കിലും സെല്‍ഫി നിര്‍ബന്ധം. എങ്ങനെ നല്ല സെല്‍ഫികളെടുക്കാം?

1 . സെല്‍ഫി എടുക്കാന്‍ മികച്ച ക്ലാരിറ്റിയുള്ള ഫ്രണ്ട് കാമറ ഫോണുകള്‍ ഇപ്പോള്‍ മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്, അതിലൊന്ന് കയ്യിലുണ്ടെങ്കില്‍ അധികം ഫോണ്‍ സെറ്റിങ്‌സുകളില്‍ കളിക്കാതെ തന്നെ നല്ല സെല്‍ഫികള്‍ എടുക്കാനാകും.

2 . വിഷാദമുള്ള മുഖഭാവവുമായി സെല്‍ഫികള്‍ എടുക്കരുത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടേണ്ട സെല്‍ഫികള്‍. സങ്കടങ്ങള്‍ കാണാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതിനാല്‍ സെല്‍ഫിയെടുക്കുമ്പോള്‍ സന്തോഷഭരിതമായ മുഖഭാവത്തില്‍ തന്നെയിരിക്കാന്‍ ശ്രദ്ധിക്കുക.

3 . മുടി പുതിയ രീതിയില്‍ മുറിക്കുമ്പോള്‍ ഒരു പുതിയ കമ്മല്‍ കിട്ടുമ്പോള്‍, മൂക്കുത്തിയിടുമ്പോള്‍, ഒക്കെ സെല്‍ഫി എടുത്തു പോസ്റ്റുന്നവരാണ് നമ്മള്‍. അത്തരം ഒരു കാര്യം ഹൈലൈറ്റ് ചെയ്യാനാണ് സെല്‍ഫി എടുക്കുന്നതെങ്കില്‍ ആ ഭാഗം ഏറ്റവും വ്യക്തമാക്കി വേണം സെല്‍ഫിയ്ക്ക് പോസ്സ് ചെയ്യേണ്ടത്. മുടി മുറിച്ച പുതിയ സ്‌റ്റൈല്‍ സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുക്കണമെങ്കില്‍ അതിന്റെ ആകൃതി വ്യക്തമാകുന്ന പോലെ തെന്നെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കണം. അതിനു വേണ്ടി കുറെ പോസുകള്‍ പരീക്ഷിച്ച് ഏറ്റവും മികച്ചത് നോക്കി മാത്രം പോസ്റ്റ് ചെയ്യുക.

4 . സെല്‍ഫികള്‍ പല കോണുകളില്‍ വച്ച് പരീക്ഷിച്ചു നോക്കുക. സെല്‍ഫി എടുക്കുമ്പോള്‍ സാധാരണ ക്യാമറയില്‍ എടുക്കുന്നത് പോലെ നേരെ മുന്നില്‍ നിന്ന് എടുക്കേണ്ടതില്ല. ലേശം ചെരിവുള്ള കോണിലോ തലയ്ക്കു മുകളിലോ പിടിച്ച് സെല്‍ഫിയെടുത്താല്‍ വ്യത്യസ്തമായ ഒരു സെല്‍ഫി നമ്മുടെ കയ്യിലിരിക്കും.

5 . മുഖത്തിന്റെ ക്ലോസ് അപ്പ് സെല്‍ഫികള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ മുഖത്തിന്റെ ഏറ്റവും ആകര്‍ഷണീയ ഭാഗം നന്നായി ഒരുക്കി വയ്ക്കുക. കണ്ണുകളാണ് ഏറ്റവും മികച്ചതെങ്കില്‍ കണ്ണുകള്‍ നന്നായി മഷിയെഴുതി കറുപ്പിച്ച് മസ്‌കാരയൊക്കെ അണിഞ്ഞ് സെല്‍ഫിയെടുത്താല്‍ കൂടുതല്‍ ആകര്‍ഷണീയമായ തോന്നുകയും ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.

6 . മനുഷ്യന് മറ്റു ജീവികളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രത്യേകത അവന്റെ ചിരിയാണ്. അതെ ചിരി തന്നെയാണ് ഒരാളെ ഏറ്റവും മനോഹമായി നിലനിര്‍ത്തുന്നതും. സെല്‍ഫികളില്‍ ചിരി ഒരു പ്രധാന ഘടകമാണ്. ചിരികള്‍ തന്നെ പലവിധമുള്ളതിനാല്‍ ഏതു ചിരിയാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് ആദ്യം കണ്ടെത്തുക. ചിലര്‍ക്ക് പല്ലു കട്ടിയുള്ള ചിരിയായിരിക്കും ഭംഗി കൂട്ടുന്നതെങ്കില്‍ ചിലരില്‍ ഗൂഢമായ മന്ദസ്മിതമായിരിക്കും ഭംഗി കൊടുക്കുക, അതു കണ്ണാടിയില്‍ നോക്കി മനസിലാക്കിയ ശേഷം സെല്‍ഫിയെടുത്താല്‍ അത് അതിമനോഹരമായിരിക്കും തീര്‍ച്ച!

7 . പുതിയ ഒരു വസ്ത്രം ധരിച്ചതിന്റെ സെല്‍ഫിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം അത് ധരിച്ച് കണ്ണാടിയില്‍ മുന്നില്‍ നില്‍ക്കുക. മിറര്‍ സെല്‍ഫികളാണ് ശരീരവുമായി ബന്ധപ്പെട്ട ഫുള്‍ സൈസ് ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുക. ഇത്തരം സെല്‍ഫികളില്‍ മുഖത്തിനു അധികം പ്രാധാന്യമില്ല. ഫോണ്‍ പിടിക്കുന്ന വശത്തേയ്ക്ക് അരക്കെട്ടു ഭാഗം ചെറുതായി ഒന്ന് ചരിഞ്ഞു നില്‍ക്കുക, ഒപ്പം നെഞ്ച് നേരെയിരിക്കണം. അരയില്‍ കൈകുത്തി നിന്ന് സെല്‍ഫിയെടുത്തത് വ്യത്യസ്തമായ ഒരു ചിത്രം ലഭിക്കും.

8 . പുതിയതായി വാങ്ങിയ ഷൂസ് എല്ലാവരെയും കാണിക്കാനാണോ ഭാവം? എവിടെയെങ്കിലും ഇരുന്നതിനു ശേഷം മൊബൈല്‍ ക്യാമറ നേരെ ചരിച്ച് താഴേക്ക് ഫോക്കസ് ചെയ്യുക. ക്യാമറ ഫ്രെയിമിന്റെ ഒരു വശം തുട ഭാഗമായി വരട്ടെ, ഷൂസിന്റെയും കാലുകളുടെയും സെല്‍ഫി തയ്യാര്‍.

9 . സെല്‍ഫി ആണെങ്കിലും സാധാരണ ക്യാമറയാണെങ്കിലും ചിത്രങ്ങളെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ലൈറ്റാണ്. പുറകില്‍ നിന്നുള്ള ലൈറ്റിംഗ് ചിത്രം ഇരുണ്ടതാകും. സെല്‍ഫിയെടുക്കുമ്പോള്‍ മുന്നില്‍ നിന്നോ വശത്ത് നിന്നോ ഉള്ള വെളിച്ചം മുഖത്തടിയ്ക്കുന്ന രീതിയില്‍ സ്വയം ക്രമപ്പെടുത്തി നില്‍ക്കാന്‍ ശ്രമിക്കുക.

10 . സാധാരണ എല്ലാ ഫോണുകളില്‍ രണ്ടു വശത്തും ക്യാമറകളുണ്ട്. ചില ഫോണുകള്‍ സെല്‍ഫി ക്യാമറകള്‍ എന്നറിയപ്പെടുകയും ചെയ്യുന്നുണ്ട്, അവയുടെ മുന്‍ ക്യാമറ നല്ല തെളിച്ചം ഉള്ളവയാകാമെങ്കിലും പൊതുവെ സാധാരണ ഫോണില്‍ സെല്‍ഫി എടുക്കുമ്പോള്‍ പിന്‍വശത്തുള്ള ക്യാമറ കൊണ്ട് ചിത്രം എടുത്താല്‍ കുറച്ചു കൂടി നല്ല റെസൊല്യൂഷനില്‍ ഉള്ള ചിത്രങ്ങള്‍ കിട്ടും.