കാറും ബൈക്കുമൊക്കെ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രാച്ചെലവ് ഒട്ടൊക്കെ കുറക്കാന്‍ സാധിക്കും.

ടയറിലെ കാറ്റും ഇന്ധനക്ഷമതയും

മാസത്തിലൊരിക്കലെങ്കിലും ടയറിലെ കാറ്റിന്റെ നില പരിശോധിക്കാറുണ്ടോ? ഇല്ല എന്നാണുത്തരമെങ്കില്‍ ടയറിലെ മര്‍ദവും ഇന്ധനച്ചെലവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന കരുതുന്നതിനാലാണിത്. പക്ഷെ ഈ ചിന്താഗതി തെറ്റാണ്. ടയറിലെ മര്‍ദ്ദം കമ്പനി പറയുന്ന അളവില്‍ നിലനിര്‍ത്തിയാല്‍ ഇന്ധന ചെലവ് കുറയ്ക്കാനാവും. കാറ്റില്ലാത്ത ടയറുകള്‍ എന്‍ജിൻ സമ്മര്‍ദം കൂട്ടുമെന്ന കാര്യം മറക്കരുത്. എല്ലാ പെട്രോള്‍ പമ്പുകളിലും ഇന്ന് കാറ്റ് നിറയ്ക്കാനുള്ള സംവിധാനം സൗജന്യമായി ലഭ്യമാണ്. അവശ്യം കാറ്റുള്ള ടയറുകള്‍ ഉപയോഗിച്ചാല്‍ ഇന്ധനച്ചെലവ് എട്ട് ശതമാനമെങ്കിലും കുറയ്ക്കാമെന്നാണ് വാഹനവിദഗ്ധരുടെ അഭിപ്രായം.

തിരക്ക് കുറഞ്ഞ വഴി

പിന്നെ ശ്രദ്ധിക്കേണ്ടത് യാത്രയ്ക്ക് തിരഞ്ഞെടുക്കേണ്ട റൂട്ടുകളാണ്. കഴിയുന്നതും തിരക്കു കുറഞ്ഞ റൂട്ടുകള്‍ യാത്രക്കായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ട്രാഫിക്ക് ഒഴിവാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് നിലവിലുണ്ട്. ജി.പി.എസ് വഴി തിരിക്ക് കുറഞ്ഞ റൂട്ടുകള്‍ അറിയാന്‍ കഴിയുമെങ്കില്‍ എപ്പോഴും ഈ സേവനം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ നിന്ന് ഓഫീസിലെത്താന്‍ മൂന്നും നാലും റൂട്ടുകള്‍ ഉണ്ടെങ്കില്‍ ജി.പി.എസ് സേവനം ലഭ്യമായ സാഹചര്യത്തില്‍ തിരക്കുള്ള റൂട്ടുകള്‍ ഒഴിവാക്കാന്‍ എളുപ്പമാണ്.

സര്‍വീസ്

കമ്പനി പറയുന്ന കിലോമീറ്റര്‍ പരിധികളില്‍ കാര്‍ സര്‍വീസ് ചെയ്യുന്നത് ഒരിക്കലും മുടക്കരുത്. അനേകം വിഭാഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് കാറുകളില്‍ സുഖയാത്ര പ്രദാനം ചെയ്യുന്നത്. ഇതിലേതെങ്കിലും ഭാഗങ്ങള്‍ ശരിക്ക് പ്രവര്‍ത്തിക്കാതെയായാല്‍ കാറിന്റെ മൊത്തം പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഉദാഹരണത്തിന് എയര്‍ഫില്‍റ്റര്‍ മാറ്റേണ്ട സമയത്ത് മാറ്റാതിരിക്കുന്നത് കാറുകള്‍ക്ക് മൈലേജ് കുറയ്ക്കും. നിലവാരമുള്ള എന്‍ജിന്‍ ഓയിലും എയര്‍ഫില്‍റ്ററും മൈലേജ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്. അതുകൊണ്ട് സമയാസമയങ്ങളില്‍ ഇവ മാറ്റാന്‍ ശ്രദ്ധിക്കുക തന്നെവേണം.

ഡ്രൈവിങ് ശീലങ്ങള്‍ മാറ്റാം

പെട്രോള്‍ കാറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരോ 5000 കിലോമീറ്ററില്‍ എന്‍ജിന്‍ ഓയില്‍ മാറ്റണം. ഡീസല്‍ കാറുകളുടെ കാര്യത്തില്‍ ഇത് 2500 കിലോമീറ്ററുകളുടെ ഇടവേളയില്‍ തന്നെ ചെയ്യണം. പിന്നെ ശ്രദ്ധിക്കേണ്ടത് വാഹനമോടിക്കുന്ന രീതിയാണ്. പെട്ടന്ന് സ്പീഡ് ചെയ്തുള്ള ആക്സിലറേഷന്‍ കൂടുതല്‍ ഇന്ധനച്ചെലവ് വരുത്തിവെക്കും. സ്പീഡ് കൂടുന്നതിനനുസരിച്ച് ഗിയര്‍ മാറ്റാന്‍ മടിക്കുകയും അരുത്. ശരിയായ ഗിയര്‍ ഷിഫ്റ്റിങ് മൈലേജ് ലാഭിക്കാന്‍ അനിവാര്യമാണ്. അതുപോലെ ട്രാഫിക് സിഗ്നലിൽ 60 സെക്കന്‍ഡിലധികം കാത്തുനില്‍ക്കേണ്ടി വന്നാൽ എഞ്ചിൻ ഓഫ് ചെയ്യണം.