yogaനമ്മള്‍ നല്ല ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ നട്ടെല്ലൊന്നു വളച്ച് കൈകള്‍ മേലോട്ടുവലിച്ച് നിവര്‍ത്തി തല പിന്നോട്ടിട്ട് കോട്ടുവായിടും. നമ്മുടെ പ്രാണനെ ഒന്നുണര്‍ത്താനുള്ള പരിപാടിയാണിത്.

തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലേക്കുള്ള മാറ്റം. ഉത്ഥിത ഹസ്താസനത്തില്‍ ഇതു തന്നെയാണ് ചെയ്യുന്നത്. ഊര്‍ദ്ധ്വഹസ്താസനമെന്നും ഇതിനു പേരുണ്ട്.എളുപ്പം പഠിക്കാം ചെയ്യാം. തുടക്കക്കാര്‍ക്ക് പറ്റിയ ആസനമാണിത്.

ശരീരത്തിന്റെ മൊത്തം ഘടന നേരെയാകാന്‍ ഇതു നല്ലതാണ്. ജംഘകള്‍, കാല്‍മുട്ട്, പരപ്പുകാല്‍ (flat feet)  തുടകള്‍ ഇവകള്‍ക്ക് നല്ലതാണ്. പൃഷ്ഠത്തിനും വയറിനും മുറുക്കം കിട്ടും. നട്ടെല്ലിന് വഴക്കം കിട്ടും. ബാലന്‍സ് കിട്ടും. ദഹന വ്യവസ്ഥ, ശ്വസനവ്യൂഹം, നാഡീവ്യൂഹം ഇവകള്‍ ക്രമമാവും. ഫോണ്‍, കമ്പ്യൂട്ടര്‍ ഇവയുടെ ഉപയോഗത്താലുണ്ടാവുന്ന കഴുത്തിന്റെ കഴപ്പ് നേരെയാകും.

ചെയ്യേണ്ട വിധം

കാലുകള്‍ ചേര്‍ത്തുവെച്ച് നില്ക്കുക. കാലിന്റെ അടിഭാഗം പൂര്‍ണമായും നിലത്തു പതിഞ്ഞിരിക്കണം. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചെറുതായി ശരീരം ചരിച്ചാല്‍ (ആടുന്നതുപോലെ) കാല്‍ എല്ലാ ഭാഗത്തും പതിഞ്ഞു എന്നുറപ്പുവരുത്താം. പിന്നീട് കാല്‍പ്പാദം തൊട്ട് മേലോട്ടുള്ള ശരീരഭാഗങ്ങള്‍ ഒന്നൊന്നായി മുറുക്കുക കാല്‍സന്ധി, ജംഘ, മുട്ട്, തുട, അരക്കെട്ട്, വയറ്, നെഞ്ച്, കഴുത്ത്, തല എന്നിങ്ങനെ. ശ്വാസം എടുത്തുകൊണ്ട് രണ്ടു കൈകളും ഉയര്‍ത്തി മേലെ തൊഴുക.
 
ആ കൈകളുടെ അടിഭാഗത്തേക്ക് തലയുയര്‍ത്തി നോക്കുക. താടിഭാഗം മുന്നോട്ട് നീട്ടിക്കൊണ്ട് നോക്കണം. ആ ഭാഗവും വലിയണമെന്നര്‍ത്ഥം. നമ്മുടെ ശരീരത്തിലൂടെ ഭൂഗുരുത്വരേഖ കുത്തനെ കടന്നുപോകുന്ന തരത്തില്‍ നില്ക്കണം.