hanumanasanamരാമായണത്തിലെ പ്രസിദ്ധമായ കഥാപാത്രമാണ് ഹനുമാന്‍. ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടത്തെ ഓര്‍മിക്കുന്നതാണ് ഈ ആസനം. ഒരു സിദ്ധനായ യോഗിയായിരുന്നത്രെ ഹനുമാന്‍.

അരക്കെട്ടിന് പരമാവധി വലിവുകൊടുക്കുന്ന ആസനമാണിത്. നല്ല വഴക്കം വേണ്ട ആസനവുമാണിത്. തുടകള്‍, മുന്നര, പിന്‍കാല്‍ പേശികള്‍ ഇവയ്ക്ക് വലിവും വഴക്കവും നല്‍കുന്നു. മനസ്സിന് ഏകാഗ്രതയും ശാന്തിയും നല്‍കുന്ന ആസനമാണ്. അടിവയറിന് വലിവും വഴക്കവും നല്‍കുന്നുണ്ട്.

ചെയ്യുന്ന രീതി

കാല്‍ അല്പം അകത്തി നില്‍ക്കുക. വലതുകാല്‍ അല്പം മുന്നോട്ട് നീട്ടുക. ശ്വാസമെടുക്കുക. ശ്വാസംവിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് കൈവിരലുകള്‍ കൊണ്ട് നിലം തൊടുക. ഇടതുകാല്‍ പിന്നോട്ട് നീട്ടുക.

കാലിന്റെ മുട്ടും തുടയും നിലത്തുപതിയണം.  അതോടൊപ്പം വലതുകാലും നിരക്കി നീക്കണം. വലതുകാലിന്റെ അടിഭാഗവും ഇടതുകാലിന്റെ മുന്‍ഭാഗവും നിലത്തുപതിഞ്ഞിരിക്കും. വലതുകാലിന്റെ വിരലുകള്‍ മേലോട്ട്  നോക്കിയും ഇടതുകാലിന്റെ വിരലുകള്‍ മലര്‍ന്ന് നിലത്തുപതിഞ്ഞും ഇരിക്കും.

ശ്വാസം എടുത്തുകൊണ്ട് കൈകള്‍ നിവര്‍ത്തി ഉയര്‍ത്തി തലക്കുമേലെ നമസ്‌കാര മുദ്രയില്‍ പിടിക്കുക. സാധിക്കുന്നതുപോലെ ശരീരം പിന്നോട്ടുവലിയണം. 3060 സെക്കന്‍ഡുവരെ സാധാരണ ശ്വാസത്തില്‍ അവിടെ തുടരുക. തിരിച്ചുവന്ന് കാലുമാറ്റി ചെയ്യുക.