സ്തനാര്‍ബുദം കണ്ടെത്തുവാനുള്ള മാമോഗ്രാം എപ്പോള്‍ ചെയ്യണം, എത്ര തവണ ചെയ്യണം എന്നിവ വ്യക്തമാക്കുന്ന പുതുക്കിയ മാര്‍ഗരേഖ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പ്രസിദ്ധീകരിച്ചു.

ഇത്പ്രകാരം സ്തനാര്‍ബുദത്തിനുള്ള സ്‌കാനിംഗ് ഇനി മുതല്‍ 45 വയ്യസ്സിനുശേഷം ചെയ്താല്‍ മതിയാകും. നിലവിലുണ്ടായിരുന്ന 40 വയസ്സ് എന്നതാണ് മാറ്റിയത്.

ഇതില്‍ അര്‍ബുദസാധ്യത  കണ്ടെത്താത്തവര്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ 55 വയസ്സിനും 75 വയ്യസ്സിനും ഇടയില്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും.

അര്‍ബുദ സാധ്യത കുറഞ്ഞ സ്ത്രീകളെ ഉദ്ദേശിച്ചുള്ള മാര്‍ഗരേഖയാണ് ഇതെന്നും സ്തനാര്‍ബുദസാധ്യത കൂടിയ സ്ത്രീകളില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് വെണ്ടര്‍ പറയുന്നു.

സ്തനാര്‍ബുദംമൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദമായ പരിശോധന മാമോഗ്രാം ആണെന്നും, എന്നാല്‍ 40 വയ്യസ്സില്‍ താഴെയുള്ളവര്‍ക്ക് അര്‍ബുദസാധ്യത കുറവായതിനാലാണ് മാമോഗ്രാമിന്റെ പ്രായപരിധി ഉയര്‍ത്തിയതെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് വ്യക്തമാക്കി.

ഓരോ വ്യക്തിയുടെയും അര്‍ബുദ സാധ്യത മനസ്സിലാക്കി പരിശോധനകള്‍ നിര്‍ദേശിക്കണമെന്നു യുഎസ് ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ചിലെ ഡോക്ടര്‍ സുസന്‍ വിശദീകരിക്കുന്നു. ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷനിലാണ് പുതുക്കിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആശാ ദാസ്‌