ആധുനിക ജീവിതസൗകര്യങ്ങളും വ്യത്യസ്തമായ ജീവിതശൈലിയും വന്നതോടെ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ലോകത്ത് പ്രതിവര്‍ഷം 9.1 ദശലക്ഷം സ്ത്രീകള്‍ ഹൃദ്രോഗംകൊണ്ട് മരിക്കുന്നുവത്രേ.


ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍:


1. പാരമ്പര്യം:
കുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും അച്ഛനോ അമ്മയ്‌ക്കോ രണ്ടുപേര്‍ക്കുമോ ഹൃദ്രോഗ ചരിത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

2. അമിതവണ്ണം:
പൊണ്ണത്തടി പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നു. അമിതവണ്ണത്തോടൊപ്പം പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്റ്ററോള്‍ എന്നിവയും ഹൃദയാഘാതവും പക്ഷാഘാതവും മാനസികപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് ശരീരഭാരം ക്രമാതീതമായി കൂടാതെ നോക്കുക.

3. രക്തത്തിലെ കൊളസ്റ്ററോള്‍:
രക്തത്തിലെ കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും അധികമായാല്‍ ഹൃദ്രോഗസാധ്യത വര്‍ധിക്കും. ഇടക്കിടെ രക്തത്തിലെ കൊഴുപ്പ് പരിശോധിക്കണം.

4. രക്താതിസമ്മര്‍ദം:
ഉയര്‍ന്ന ബി.പി. ഉള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരാന്‍ സാധ്യത കൂടുന്നു. ഇടക്കിടെ ബി.പി. പരിശോധിപ്പിക്കണം. ബി.പി. കൂടുതലാണെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്യുക.

5. പ്രമേഹം:
പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. പ്രമേഹമുള്ളപ്പോള്‍ പലപ്പോഴും നെഞ്ചുവേദനയില്ലാതെയാണ് ഹൃദയാഘാതം വരുന്നത്. പ്രമേഹരോഗികള്‍ ഭക്ഷണനിയന്ത്രണത്തിനു പുറമേ പ്രമേഹത്തിനുള്ള മരുന്നുകള്‍ മുടങ്ങാതെ ശ്രദ്ധിക്കണം.

6. മദ്യപാനവും പുകവലിയും
പോലുള്ള ദുശ്ശീലങ്ങള്‍കൊണ്ട് ഹൃദ്രോഗസാധ്യത കൂടുന്നു.

7. ആര്‍ത്തവവിരാമം:
ആര്‍ത്തവം ഉള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരാതെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പരിരക്ഷിക്കുന്നു. അതുകൊണ്ട് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ 10 വര്‍ഷം കഴിഞ്ഞാണ് ഹൃദ്രോഗമുണ്ടാവുന്നത്. 20 വര്‍ഷം കഴിഞ്ഞാണ് ഹൃദയാഘാതമുണ്ടാവുന്നത്. ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കൂടുന്നു.


8. മാനസികസമ്മര്‍ദം: സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്യാന്‍ തുടങ്ങിയതോടെ കുടുംബവും ജോലിയും ഒന്നിച്ചു നടത്തിക്കൊണ്ടുപോവുക എന്ന പ്രശ്‌നം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കാനിടയായി. അതോടൊപ്പം ജീവിതശൈലിക്കനുസരിച്ചോ മാനസിക സമ്മര്‍ദം കുറയ്ക്കാനോ വേണ്ടി പുരുഷന്മാരെപ്പോലെ മദ്യപാനവും പുകവലിയും, എണ്ണയില്‍ വറുത്തു പൊരിച്ച ഭക്ഷണങ്ങളും ജങ്ക്ഫുഡും ഫാസ്റ്റ്ഫുഡുമെല്ലാം കഴിക്കുന്ന ആഹാരരീതിയും കൂടിയായതോടെയാണ് സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വര്‍ധിക്കാന്‍ തുടങ്ങിയത്.

9. മറ്റു ഘടകങ്ങള്‍:
അനാവശ്യമായി ദീര്‍ഘകാലം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്കും നേരത്തേതന്നെ ഗര്‍ഭപാത്രം എടുത്തുകളയേണ്ടിവന്ന സ്ത്രീകള്‍ക്കും ഹൃദ്രോഗസാധ്യത കൂടുന്നു. ഗര്‍ഭിണികള്‍ക്ക് ഹൃദയാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ഗര്‍ഭാവസ്ഥയില്‍ രക്താതിസമ്മര്‍ദം, പ്രമേഹം, വിളര്‍ച്ച എന്നിവകൂടിയുണ്ടെങ്കില്‍. പ്രായംകൂടിയ സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ ഹൃദയത്തിന് കൂടുതല്‍ ശക്തിയായി രക്തം പമ്പുചെയ്യേണ്ടിവരികയും കൂടുതല്‍ പ്രാവശ്യം മിടിക്കേണ്ടി വരികയും ചെയ്യുന്നു. തല്‍ഫലമായി ഹൃദ്രോഗം, ഹൃദയപ്രവര്‍ത്തനം മന്ദീഭവിക്കുക, ഹൃദയാഘാതം എന്നിവയുണ്ടാവാനിടയുണ്ട്.

പ്രമേഹരോഗികള്‍, പുകവലിയും മദ്യപാനവും ശീലമാക്കിയവര്‍, വര്‍ധിച്ച മാനസികസമ്മര്‍ദമുള്ളവര്‍, കൂടുതല്‍ കാലം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍, രക്താതിസമ്മര്‍ദമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ ചെറുപ്പക്കാരാണെങ്കിലും ഹൃദ്രോഗസാധ്യതയുള്ളവരാണ്. 65 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്.


ലക്ഷണങ്ങള്‍:


നെഞ്ചില്‍ പിടുത്തമോ ഞെക്കുന്നത് പോലെയുള്ള തോന്നലോ ഭാരംവെച്ചതുപോലെയുള്ള തോന്നലോ ഉണ്ടാവാം. നെഞ്ചുവേദനയുണ്ടായി ആ വേദന കഴുത്ത്, കീഴ്ത്താടിയെല്ല്, ഇടതുതോള്‍, ഇടതുകൈ, വയര്‍ എന്നിവിടങ്ങളിലേക്കു വ്യാപിക്കാം. അതോടൊപ്പം തലചുറ്റല്‍, മോഹാലസ്യം, വര്‍ധിച്ച ഹൃദയമിടിപ്പ്, നെഞ്ചെരിച്ചില്‍, അസ്വസ്ഥത, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, വിയര്‍പ്പ്, അത്യധികമായ ക്ഷീണം, ശക്തിക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഛര്‍ദ്ദി, ഓക്കാനം, വയറ്റില്‍ ഗ്യാസ് നിറയുക, നെഞ്ചെരിച്ചില്‍ എന്നീ ലക്ഷണങ്ങളായും ഹൃദ്രോഗം പ്രത്യക്ഷപ്പെടാം. ഈ ലക്ഷണങ്ങളോ അത്യധികമായ നെഞ്ചുവേദനയോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ അടുത്ത് രോഗിയെ എത്തിക്കണം.


പരിശോധനകള്‍:


ഹൃദ്രോഗം വരുന്നത് തടയാനും സാധ്യത നേരത്തേ കണ്ടുപിടിക്കാനുമായി ചില പരിശോധനകള്‍ ഇടയ്ക്കിടെ നടത്തണം.

1) രക്തസമ്മര്‍ദം:
ഡോക്ടറെ കാണിച്ച് കൃത്യമായി ബി.പി. പരിശോധിക്കുക.

2) രക്തത്തിലെ കൊളസ്റ്ററോള്‍:
രക്തത്തിലെ കൊഴുപ്പിന്റെ നിലയളക്കുന്ന പരിശോധന ഇടയ്ക്കിടെ നടത്തുക. രക്തത്തില്‍ കൊഴുപ്പുകള്‍ കൂടുന്നത് ഹൃദ്രോഗത്തിനു വഴിതെളിക്കാനിടയുണ്ട്. അവ കൂടുതലാണെങ്കില്‍ കൊഴുപ്പ് കുറയ്ക്കാനുള്ള മരുന്ന് കഴിക്കണം. എച്ച്.ഡി.എല്‍. കൊളസ്റ്ററോള്‍ കൂടുന്നത് ഹൃദയത്തിനു നല്ലതാണ്.

പൂരിത കൊഴുപ്പുകള്‍ 10 ശതമാനത്തില്‍ കൂടരുത്. ട്രാന്‍സ്ഫാറ്റി ആസിഡുകള്‍ ഒരു ശതമാനത്തില്‍ കൂടരുത്. ട്രൈഗ്ലിസറൈഡുകള്‍ 150 മി.ഗ്രാമില്‍ കുറയണം. കൊളസ്റ്ററോള്‍ 300 മി.ഗ്രാമില്‍ കൂടരുത്. എല്‍.ഡി.എല്‍. കൊളസ്റ്ററോള്‍ (ചീത്ത കൊളസ്റ്ററോള്‍) 100 മി.ഗ്രാമില്‍ കുറയണം. എച്ച്.ഡി.എല്‍. കൊളസ്റ്ററോള്‍ (നല്ല കൊളസ്റ്ററോള്‍) 50 മി.ഗ്രാമില്‍ കൂടുതലാവണം.

3) ശരീര ഭാരവും ബി.എം.ഐ. പരിശോധനയും:
ഇടക്കിടെ ശരീരഭാരം പരിശോധിച്ചാല്‍ അമിതവണ്ണമുണ്ടാവുന്നത് മനസ്സിലാവും. ബോഡിമാസ്സ് ഇന്‍ഡെക്‌സ് (ബി.എം.ഐ) പരിശോധന അമിതവണ്ണത്തിന്റെ അളവ് മനസ്സിലാക്കാന്‍ സഹായിക്കും. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും അളന്നശേഷം ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗംകൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. ഇത് 24.9ല്‍ കൂടരുത്. 25ല്‍ കൂടിയാല്‍ അമിതവണ്ണവും 30 ല്‍ കൂടിയാല്‍ ദുര്‍മേദസ്സും 40ല്‍ കൂടിയാല്‍ അപകടസൂചനയുമായി കണക്കാക്കുന്നു.

4) അരക്കെട്ടിന്റെ ചുറ്റളവ്:
അരക്കെട്ടിന്റെ ചുറ്റളവ് സ്ത്രീകള്‍ക്ക് 80 സെ.മീ.ല്‍ കൂടാന്‍ പാടില്ല.

5) പ്രമേഹ പരിശോധന:
പ്രമേഹരോഗികള്‍ ഇടക്കിടെ രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കേണ്ട പരിശോധന ചെയ്യണം. അതനുസരിച്ച് ഭക്ഷണവും മരുന്നും ക്രമീകരിക്കാം.


ഹൃദ്രോഗവും ഹൃദയാഘാതവും തടയുന്നതെങ്ങനെ?


1) ഭക്ഷണരീതി:
ആരോഗ്യകരവും സമീകൃതവുമായ ആഹാരം കഴിക്കേണ്ടത് ഹൃദയാരോഗ്യത്തിന് ആവശ്യമാണ്. ഭക്ഷണമുണ്ടാക്കാന്‍ ഡാല്‍ഡ, വനസ്പതി എന്നിവ ഉപയോഗിക്കരുത്. സോയാബീന്‍ എണ്ണ, സണ്‍ഫ്ലവര്‍ എണ്ണ, നിലക്കടലയെണ്ണ, ഒലീവ് ഓയില്‍ എന്നിവയാണ് നല്ലത്. വെളിച്ചെണ്ണ അധികം ഉപയോഗിക്കാതിരിക്കുക. 40-45 വയസ്സിനുശേഷം വെണ്ണ, നെയ്യ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. മധുരം, കൊഴുപ്പ്, ഉപ്പ്, എണ്ണ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. അമിതവണ്ണമുണ്ടാവാതെ ശ്രദ്ധിക്കുക.

2)വ്യായാമം:
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.
3)
ക്രമാതീതമായി, ദീര്‍ഘകാലം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാതിരിക്കുക. സുരക്ഷിതവും ലളിതവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

4)മദ്യപാനം, പുകവലി നിര്‍ത്തുക:
പുകവലിക്കുന്ന സ്ത്രീകള്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ രണ്ടര ഇരട്ടി ഹൃദ്രോഗസാധ്യതയുണ്ട്.