ശാരീരികാരോഗ്യത്തിന് കാത്സ്യത്തിന്റെ പ്രധാന്യം ഏറെയാണ്. മുതിര്‍ന്ന ഒരാള്‍ക്ക് 1000മുതല്‍ 1200 മില്ലി ഗ്രാം കാത്സ്യം ആവശ്യമാണ്. ഹൃദയത്തിന്റയും നാഡികളുടെയും പ്രവര്‍ത്തനം സുഗമമായി നടക്കാനും എല്ലുകളുടെ ഉറപ്പിനും കാത്സ്യം കൃത്യമായ അളവില്‍ ശരീരത്തിലെത്തേണ്ടതുണ്ട്. എന്നാല്‍, കാത്സ്യം സപ്ലിമെന്റുകള്‍ കഴിക്കുന്ന കാര്യത്തില്‍ ശാസ്ത്രലോകം വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. 2012ല്‍ ഹാര്‍ട്ട് ജേണലില്‍ വന്ന പഠനത്തില്‍ കാത്സ്യം കൃത്രിമമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കുന്നു.

അമേരിക്കയിലെ നാഷണല്‍ ഓസ്റ്റിയോപോറോസിസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫെലീഷ്യ കോസ്മാന്‍ കാത്സ്യം സപ്ലിമെന്റുകള്‍ ഹൃദയധമനികളില്‍ തടസ്സമുണ്ടാക്കാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, കാത്സ്യം കുറഞ്ഞാലും ഹൃദയാരോഗ്യത്തിന് ദോഷമാണെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതുപോലെ വൃക്കരോഗങ്ങളും കാത്സ്യം സപ്ലിമെന്റുകളുടെ സാന്നിധ്യവും തര്‍ക്കവിഷയമായി നില്‍ക്കുന്നുണ്ട്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ വന്ന പഠനത്തില്‍ കാത്സ്യം സപ്ലിമെന്റുകള്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാകുമെന്ന് പറയുന്നു.എന്നാല്‍, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാത്സ്യം ഈ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.

കാത്സ്യമടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ യഥേഷ്ടമുള്ളതിനാല്‍ കാത്സ്യം സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. ഒരു നേരത്തേ ഭക്ഷണത്തില്‍ തന്നെ 1000മില്ലി ഗ്രാം കാത്സ്യം ലഭിക്കാനും സാധ്യതയുണ്ട്. പാലും പാലുത്പന്നങ്ങളുമാണ് കാത്സ്യം പ്രകൃതി ദത്തമായി ലഭിക്കാനുള്ള പ്രധാന സ്രോതസ്സ്. 250 ലിറ്റര്‍ പാല്‍ ഒരു ദിവസത്തേക്കുള്ള കാത്സ്യത്തിന്റെ 30ശതമാനം നല്‍കും. ഇലക്കറികളും കാത്സ്യത്തിന്റെ പ്രകൃതിദത്തമായ സ്രോതസ്സാണ്

എല്ലുകളുടെ ആരോഗ്യത്തിന് വിറ്റെമിന്‍ ഡി യുടെ സാന്നിധ്യവും പ്രധാനമാണ്.വിറ്റെമിന്‍ ഡി യില്ലാതെ ശരീരത്തിന് കാത്സ്യം ആഗിരണം ചെയ്യാന്‍ കഴിയില്ല.400യൂണിറ്റാണ് ശരീരത്തില്‍ ഒരു ദിവസം ആവശ്യമുള്ളത്. എല്ലുകളുടെ ആരോഗ്യം പ്രധാനമാകുന്നത് വാര്‍ധക്യത്തിലാണ്.65വയസ്സാകുമ്പോഴേക്ക് സ്ത്രീകളില്‍ അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്.പാരമ്പര്യം ഇതില്‍ പ്രധാന ഘടകമാണ്.ഇക്കാരണത്താല്‍ ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീകളും 50വയസ്സിനുശേഷം പുരുഷന്മാരും അസ്ഥികളുടെ ബലക്ഷയം സംബന്ധിച്ച വൈദ്യ പരിശോധന നടത്തുന്നത് നന്നായിരിക്കും.ഭാരോദ്വഹന വ്യായാമങ്ങളും പോഷകാഹാരമുള്ള ഭക്ഷണവും അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്.