പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി


കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.


കുട്ടിത്തം വിട്ട് യുവത്വത്തിലേക്ക് കടക്കുന്ന കാലത്ത് ആണ്‍കുട്ടികളില്‍ ലൈംഗികമായി ഉണ്ടാവുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും എന്തൊക്കെയാണ്?


ശബ്ദം മാറുക, മീശ മുളച്ചുതുടങ്ങുക-ഇവയ്‌ക്കൊക്കെ പുറമെ ഏറ്റവും പ്രധാനമായി ആണ്‍കുട്ടികള്‍ക്ക് ലൈംഗികമായി വരുന്ന മാറ്റമാണ് സ്ലീപ്പ് എമിഷന്‍ (സ്വപ്‌നസ്ഖലനം) പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ അതിന്റെ പാരമ്യതയിലാണ് യൗവനാരംഭത്തില്‍. ഹോര്‍മോണ്‍ അളവ് അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്നത്. അതുപോലെ പുരുഷശരീരത്തില്‍ സ്ഖലനം നടക്കുന്നു. (ഇന്ന് അതിനെ നൈറ്റ് എമിഷന്‍ എന്ന് പറഞ്ഞുകൂടാ. കാരണം ഇന്ന് രാത്രി ജോലി ചെയ്ത് പകലുറങ്ങുന്ന ധാരാളം ആണ്‍കുട്ടികള്‍ ഉണ്ട്. അതുകൊണ്ട് സ്ലീപ്പ് എമിഷന്‍ ആണ് ഉചിതമായ പദം.)

ലൈംഗികമായി ഉണര്‍വേകുന്ന സ്വപ്‌നങ്ങളും കണ്ടേക്കാം. ഇതൊക്കെ സ്വാഭാവികമായി വരുന്ന ശാരീരിക മാറ്റങ്ങളാണ്. ഒരു നിറഞ്ഞ ഗ്ലാസില്‍ ഇനിയും വെള്ളമൊഴിച്ചാല്‍ അത് നിറഞ്ഞു കവിയും. അതുപോലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം കാലം അതല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരിക്കുന്നിടത്തോളം കാലം സ്വപ്‌നസ്ഖലനം നടക്കും. ആര്‍ക്കും ശുക്ലം നിയന്ത്രിച്ചുവെക്കാനോ ശേഖരിച്ചുവെക്കാനോ പറ്റില്ല. പ്രകൃത്യാ അത് ഉത്പാദിപ്പിക്കപ്പെടുന്നതു തന്നെ ശരീരത്തില്‍ നിന്ന് പുറംതള്ളപ്പെടാനാണ്. ഇതൊക്കെ രക്ഷിതാക്കള്‍ ശാസ്ത്രീയമായിത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അതല്ലെങ്കില്‍ തെറ്റായ അറിവുകള്‍ അവര്‍ കൂട്ടുകാരില്‍ നിന്നും ശേഖരിക്കും. പൊതുവെ നമ്മുടെ നാട്ടില്‍ തെറ്റുധാരണകളും അന്ധവിശ്വാസങ്ങളും വളരെ അധികമാണ്. സംശയ നിവൃത്തിക്കായി കുട്ടികള്‍ തങ്ങളെപ്പോലെ ലൈംഗികതയെക്കുറിച്ച് വിവരമില്ലാത്ത മറ്റു കുട്ടികളിലേക്ക് തിരിയുമ്പോള്‍ അതവന്റെ ഉത്കണ്ഠ കൂട്ടുകയും അബദ്ധധാരണകള്‍ അവന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുകയും ചെയ്യുന്നു.


പൊതുവെ കണ്ടുവരുന്ന തെറ്റുധാരണകള്‍ എന്തൊക്കെയാണ്?


സ്വയംഭോഗത്തെക്കുറിച്ചാണ് ആണ്‍കുട്ടികളില്‍ ഏറ്റവുമധികം തെറ്റായ ധാരണകള്‍ ഉള്ളത്. 5000-ത്തോളം ആണ്‍കുട്ടികളെ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. സ്വയംഭോഗം ചെയ്താല്‍ ഷണ്ഡനായിത്തീരും, ടി.ബി. പിടിപെടും, ഭാവിയില്‍ നല്ല ലൈംഗികബന്ധം സാധ്യമാകില്ല ഇങ്ങനെ നിരവധി അബദ്ധധാരണകള്‍ ആണ്‍കുട്ടികള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ല. ലൈംഗികവാഞ്ഛ തൃപ്തിപ്പെടുത്തി അടക്കിവെച്ചിരിക്കുന്ന വികാരം ശമിപ്പിക്കുകയാണ് സ്വയംഭോഗം വഴി. തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെ ഇത് ബാധിക്കില്ല.

ശുക്ലവിസര്‍ജനത്തെക്കുറിച്ചാണ് അടുത്ത തെറ്റുധാരണ. ഒരു തുള്ളി ശുക്ലം 100 തുള്ളി രക്തത്തിന് തുല്യമാണ്. അതുകൊണ്ട് അത് സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് തുടങ്ങി അത്‌ലറ്റിക്‌സിലും മറ്റും ഉള്ളവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് ലവല്‍ സൂക്ഷിക്കണമെങ്കില്‍ ലൈംഗികതയില്‍ നിന്ന് മാറിനില്‍ക്കണം എന്നുവരെ വിശ്വസിക്കുന്നവര്‍ ഉണ്ട്. ഇവയൊക്കെ തെറ്റായ വിശ്വാസങ്ങള്‍ ആണ്. സംശയങ്ങളില്‍ മറ്റൊരു പ്രധാന സ്ഥാനം ലൈംഗികാവയവത്തിന്റെ വലുപ്പത്തെക്കുറിച്ചാണ്. ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ സ്വല്‍പ്പമധികമോ വലുപ്പം കാണും. വജൈനയുടെ സെക്ഷ്വല്‍ നീളം ആറ് ഇഞ്ചാണെങ്കിലും പുറത്തോട്ട് നില്‍ക്കുന്ന രണ്ട് ഇഞ്ചിനാണ് സ്പര്‍ശനക്ഷമത. അതുകൊണ്ട് ഇണയെ തൃപ്തിപ്പെടുത്താന്‍ യോനിയുടെ ആദ്യത്തെ രണ്ട് ഇഞ്ചിന് പ്രാധാന്യം കൊടുത്താല്‍ മതി. പല പുരുഷന്മാര്‍ക്കും ഇവയെക്കുറിച്ചൊന്നും അറിവില്ല. ചെന്നുപെടുന്നത് ഏതെങ്കിലും വ്യാജഡോക്ടറുടെ അടുത്തായിരിക്കും. അവര്‍ നിര്‍ദേശിക്കുക സെക്‌സ് ടോണിക്ക് എന്ന പേരില്‍ എന്തെങ്കിലും വ്യാജ മരുന്നുകളും. അതുകൊണ്ട് രക്ഷിതാക്കള്‍തന്നെ ആണ്‍കുട്ടികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക. അതുവഴി അവരുടെ ഉത്കണ്ഠ ഒഴിവാക്കുകയും കുറ്റബോധവും ആത്മവിശ്വാസക്കുറവും മാറ്റിയെടുക്കുകയും ചെയ്യാം.


ഇരുപതു വയസ്സുകഴിയുമ്പോഴേക്കും ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് സാധാരണമായിരിക്കുന്നല്ലോ! ഇതെങ്ങനെ തടയാം?


മുമ്പത്തെ കാലത്ത് യൗവനയുക്തരാകുന്ന പ്രായം ശരാശരി 18 വയസ്സായിരുന്നെങ്കില്‍ ഇന്നത് 14 വയസ്സായി കുറഞ്ഞു. മാധ്യമങ്ങളിലൂടെ സദാസമയവും ലഭ്യമായിക്കൊണ്ടിരിക്കുന്ന ലൈംഗിക ഉത്തേജനം നല്‍കുന്ന ഇമേജുകളും ചെറുപ്പക്കാരെ എളുപ്പത്തില്‍ ആകര്‍ഷിക്കും. ലൈംഗികതയെക്കുറിച്ച് ജിജ്ഞാസ കൂടുന്നത് സ്വാഭാവികം. ലൈംഗികാഭിനിവേശത്തിന് എന്തിനേയും മറികടക്കാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം മാത്രമേ മാര്‍ഗമുള്ളൂ. ഏതുകാര്യവും അച്ഛനമ്മമാരോട് ചര്‍ച്ച ചെയ്യാന്‍ ഉതകുന്ന സാഹചര്യം വീട്ടില്‍ സൃഷ്ടിച്ചാല്‍ ലൈംഗിക പീഡനം നടക്കുന്നെങ്കില്‍ അതുവരെ അവര്‍ തുറന്നുപറയും. സ്വവര്‍ഗ്ഗ ലൈംഗികതയും നമ്മുടെ സമൂഹം അംഗീകരിച്ചുതുടങ്ങുകയാണ്.


വിവാഹിതനാകാന്‍ പോകുന്ന പുരുഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?


വിവാഹശേഷം പങ്കാളിയെ മനസ്സിലാക്കാനും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സമയം ചെലവഴിക്കുക. ഇത് 'കാമസൂത്ര' യിലും പ്രതിപാദിക്കപ്പെടുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ഉത്തേജനം ലഭിക്കുന്നത് ഒരുപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ട് പങ്കാളിയെ ശരിക്കും മനസ്സിലാക്കി അവരുടെ വിശ്വാസം നേടിയെടുക്കുക. പങ്കാളിയുടെ രതിമൂര്‍ച്ഛയും കണക്കിലെടുത്ത് ബന്ധപ്പെടുക. സംഭോഗം വഴി രതിമൂര്‍ച്ഛ നടക്കുന്നില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ആവാം. പ്രധാനം പങ്കാളിയും ബന്ധംകൊണ്ട് തൃപ്തിപ്പെടണം എന്നതാണ്. ലൈംഗികബന്ധത്തില്‍ പൂര്‍വലീലകള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനമാണ്. ധൃതിപിടിച്ചുള്ള ലൈംഗികബന്ധം പലപ്പോഴും സ്ത്രീയെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരിക്കും. അതുകാരണം അടുത്ത തവണ ബന്ധപ്പെടാന്‍ അവര്‍ താല്പര്യപ്പെട്ടു എന്ന് വരില്ല. രതിപൂര്‍വലീലകളെക്കുറിച്ച് ഒരു അദ്ധ്യായംതന്നെ 'കാമസൂത്ര'യിലുണ്ട്. പലപ്പോഴും ലക്ഷ്യത്തിലെത്തുന്നതിനേക്കാള്‍ സുഖം യാത്ര ചെയ്യുന്നതിലായിരിക്കും.


വിവാഹപൂര്‍വ ബന്ധം ആരോഗ്യപരമായും സാമൂഹികപരമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലേ?


വിവാഹപൂര്‍വ ലൈംഗികബന്ധം മുമ്പും ഉണ്ടായിരുന്നു. ഇന്നും നിലവിലുണ്ട്. ലൈംഗികതയെ ഉള്‍ക്കൊള്ളുന്ന സമൂഹമായതുകൊണ്ട് ഇന്ന് ഇത്തരം ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അത്ര മാത്രം. ഇതിന് പരിഹാരമൊന്നുമില്ല. ഓര്‍ക്കേണ്ട പ്രധാനകാര്യം ഓരോ വിവാഹപൂര്‍വ ബന്ധത്തിന്റെയും കൂടെ ഒരു റിസ്‌ക് ഫാക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ്. സുരക്ഷയില്ലാതെ ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിമിഷം നിങ്ങള്‍ക്ക് സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുകയാണ്. ഇതില്‍ പ്രതിവിധിയില്ലാത്ത മാരകരോഗങ്ങളും പെടും. അതല്ലെങ്കില്‍ പങ്കാളിക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും നല്‍കുന്നു.


ചെറുപ്പക്കാര്‍ ഡോക്ടറെത്തേടി വരുന്നത് എന്തു തരം പ്രശ്‌നങ്ങള്‍ക്കാണ്?


ഗുജറാത്തി, മാര്‍വാഡി സമുദായത്തിലെ ചെറുപ്പക്കാര്‍ ചെറുപ്രായത്തിലേ വിവാഹം കഴിക്കുന്നവരാണ്. അവരുടെതും അവരെപ്പോലെ ലൈംഗികകാര്യങ്ങളില്‍ വലിയ വിവരമൊന്നുമില്ലാതെ ബന്ധപ്പെടുന്ന മറ്റു ചെറുപ്പക്കാര്‍ക്കും പ്രധാന പ്രശ്‌നങ്ങള്‍ നേരത്തെയുള്ള ഓര്‍ഗാസം, അതല്ലെങ്കില്‍ ഉദ്ധാരണക്കുറവ് ഇതൊക്കെത്തന്നെയാണ്.


മുപ്പതുകളുടെ അവസാനവും നാല്പതുകളിലും എത്തുമ്പോഴേക്കും ലൈംഗികബന്ധത്തിന്റെ തവണയും താല്‍പര്യവും കുറഞ്ഞുവരുന്നല്ലോ?


പ്രായം കൂടുന്തോറും പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവില്‍ വ്യതിയാനം സംഭവിക്കുമെങ്കിലും അത് പുരുഷന്റെ ലൈംഗിക തൃഷ്ണയില്‍ കുറവൊന്നും വരുത്തുന്നില്ല. കുട്ടികളും കൂടിവരുന്ന ഉത്തരവാദിത്വങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള മാനസികാവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. അതുകൊണ്ട് എത്ര തവണ ബന്ധപ്പെടുന്നു എന്നതിന് പ്രാധാന്യം കൊടുക്കരുത്. ബന്ധപ്പെടുന്നതിന്റെ വൈകാരിക തീവ്രതക്കൊന്നും ഒരു മാറ്റവും വരാത്തതുകൊണ്ട് ഗുണം ഒരിക്കലും കുറയുന്നില്ല.
ഒരു തവണ ഉദ്ധാരണം നടക്കാതെ ലൈംഗികബന്ധം പരാജയപ്പെട്ടാല്‍ അത് പല പുരുഷന്മാരേയും വളരെ മോശമായി ബാധിക്കുന്നു.

അവരുടെ ആത്മവിശ്വാസത്തെ തളര്‍ത്തുന്നു. മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇത് പല പുരുഷന്മാരും നേരിടുന്ന വളരെ സാധാരണമായിട്ടുള്ള പ്രശ്‌നമാണ്, അതില്‍ ഉത്കണ്ഠപ്പെടാനോ പേടിക്കാനോ ഒന്നുമില്ല. മറിച്ച് ഓര്‍ത്തു ടെന്‍ഷനടിക്കുന്നത് പ്രശ്‌നം വഷളാക്കിയേക്കാം. ഈ പ്രശ്‌നത്തിന് എന്നെ സമീപിക്കുന്ന രോഗികളോട് ഞാന്‍ ഉദാഹരണം പറയാറ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റേയും യുവരാജ്‌സിങ്ങിന്റെയും കാര്യമാണ്. ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് അടുത്ത ഇന്നിങ്‌സില്‍ സീറോയില്‍ ഔട്ടായാല്‍ അതിനര്‍ഥം ഇനി അവര്‍ കളിക്കില്ല എന്നല്ലല്ലോ! അതുപോലെ ഒരു തവണ ഉദ്ധാരണം നടക്കുന്നില്ലെങ്കില്‍ അത് ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല. പങ്കാളിയും അത് മനസ്സിലാക്കി പെരുമാറുക. ഭര്‍ത്താവിന്റെ ആത്മവിശ്വാസം കൂട്ടുക. നല്ല ഭക്ഷണം നല്‍കുക. സംഭോഗത്തിലേര്‍പ്പെടാതെ ഫോര്‍പ്ലേ മാത്രമായി ചില ദിവസങ്ങള്‍ ചെലവഴിക്കുക. ഉദ്ധാരണത്തിന്റെ ടെന്‍ഷനില്ലല്ലോ എന്ന ചിന്തയില്‍തന്നെ ഉത്കണ്ഠ മാറിയേക്കാം. ഉദ്ധാരണപ്രശ്‌നം മാറിക്കിട്ടുകയും ചെയ്യും. ലൈംഗിക ജീവിതം പുനരാരംഭിക്കാനും ഈ ടെക്‌നിക്ക് ഉപയോഗിക്കാം.


50 വയസ്സു കഴിഞ്ഞാല്‍ രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി രോഗങ്ങളുടെ ഘോഷയാത്രയാണ് പലര്‍ക്കും. ഇവയൊക്കെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലേ?


പ്രമേഹ രോഗികളില്‍ ലൈംഗികതയോടുള്ള താല്പര്യം കുറയുന്നില്ല. പക്ഷേ, ഉദ്ധാരണം സാധാരണപോലെ നടന്നെന്ന് വരില്ല. ഇന്നത്തെ കാലത്ത് എല്ലാതരം ലൈംഗികപ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭ്യമാണ്. വയാഗ്രയോ ദേശീവയാഗ്രയോ ഒരു ടാബ്‌ലറ്റ് ബന്ധത്തിലേര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി കഴിക്കുക. വയാഗ്ര ലൈംഗികതാല്പര്യം കൂട്ടുന്നില്ല. പക്ഷേ, ഉദ്ധാരണം കൂട്ടും. ഭക്ഷണത്തിന് മുമ്പാണ് കഴിക്കേണ്ടത്. 24 മണിക്കൂറില്‍ ആവര്‍ത്തിക്കാം. ബ്ലഡ് പ്രഷറിന് മരുന്ന് കഴിക്കുന്നവര്‍ വയാഗ്ര കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നൈട്രേറ്റ് അടങ്ങിയ മരുന്നാണെങ്കില്‍ വയാഗ്ര കഴിക്കാന്‍ പാടില്ല.

ഡോക്ടറോട് പറഞ്ഞ് മരുന്ന് മാറ്റിയെടുക്കാം. അവസാന ശ്വാസംവരെ പുരുഷന് ലൈംഗികബന്ധത്തിലേര്‍പ്പെടാം. 90-ലെത്തിയ ആറു പുരുഷന്മാരെങ്കിലും ഒരു വര്‍ഷത്തില്‍ എന്നെ സന്ദര്‍ശിക്കാറുണ്ട്. ലൈംഗികജീവിതം എങ്ങനെ ഇംപ്രൂവ് ചെയ്യാം. എന്നറിയാന്‍. സെക്‌സിന് എക്‌സ്പയറി ഡേറ്റ് ഇല്ല. സംതുലിതമായ ആഹാരക്രമവും ശരിയായ രീതിയിലുള്ള എക്‌സര്‍സൈസും ഉണ്ടെങ്കില്‍ യുവത്വം നിലനിര്‍ത്താം. ലൈംഗിക ജീവിതത്തിന് തടസ്സമാകുന്ന മൂന്ന് 'ട'ല്‍ നിന്നും മാറി നില്‍ക്കുക. Scotch, stress and smoking! അമിത മദ്യപാനവും പുകവലിയും ഒഴിവാക്കുക. ടെന്‍ഷനടിക്കാത്ത ജീവിതരീതി സ്വായത്തമാക്കുക. പങ്കാളികള്‍ക്കിടയിലെ ബന്ധം ദൃഢമാക്കാന്‍ ലൈംഗികബന്ധം ആവശ്യമാണ്. 'Use it or loose it' എന്നാണ് ലൈംഗികബന്ധത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്.


മിക്ക പുരുഷന്മാര്‍ക്കും 60 കഴിഞ്ഞാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്ക് വീക്കമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുന്നു. ഇത് ലൈംഗികജീവിതത്തെ ബാധിക്കില്ലേ?


പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ യൂറിനും ശുക്ലവും നിക്ഷേപിക്കപ്പെട്ട് പുറന്തള്ളപ്പെടുന്നു. ഗ്രന്ഥിക്ക് പ്രശ്‌നം വരുമ്പോള്‍ മൂത്രതടസ്സം, കൂടുതല്‍ തവണ മൂത്രമൊഴിക്കാനുള്ള തോന്നല്‍, മൂത്രത്തിന്റെ ഒഴുക്കില്‍ വ്യതിയാനം ഇവയൊക്കെ സംഭവിക്കാം. പക്ഷേ, ലൈംഗികതയെ ഇത് ഏതു രീതിയിലും ബാധിക്കുന്നില്ല. പുരുഷ ലൈംഗികതയ്ക്ക് നാല് പ്രധാന ഘടകങ്ങള്‍ ആണ്. ബന്ധപ്പെടാനുള്ള ആഗ്രഹം, ഉദ്ധാരണം, സംഭോഗം, രതിമൂര്‍ച്ഛ. ഇവയ്‌ക്കൊക്കെ ശേഷം ശുക്ലവിസര്‍ജനം. പ്രോസ്റ്റേറ്റ് ഓപ്പറേഷന്‍ കഴിഞ്ഞ വ്യക്തിക്ക് ആദ്യത്തെ നാലു ഘടകങ്ങളിലും ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ല. സെക്‌സിലേര്‍പ്പെടാനുള്ള ആഗ്രഹം ഉണ്ടാകും. ഉദ്ധാരണം നടക്കും. രതിമൂര്‍ച്ഛയും അനുഭവപ്പെടും. പക്ഷേ, ശുക്ലവിസര്‍ജനം മറ്റൊരു രീതിയിലായിരിക്കും. സാധാരണ യുറീത്രയില്‍ക്കൂടി പുറന്തള്ളപ്പെടുന്നതിന് പകരം ശുക്ലം വീണ്ടും തിരിച്ച് ബ്ലാഡറില്‍ നിക്ഷേപിക്കപ്പെടുന്നു. പ്രത്യുത്പാദനത്തിന്റെ കാര്യത്തിലേ പ്രശ്‌നം വരൂ.


ഉത്തേജകമരുന്നുകള്‍ ശരിക്കും ഉപകരിക്കുന്നുണ്ടോ ലൈംഗികസുഖം നേടാന്‍?


ലൈംഗികതാത്പര്യം കൂട്ടാനും ലൈംഗികമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് കൂട്ടാനും ഉപകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങളെയും മരുന്നിനെയും ഒക്കെ ഉത്തേജകപദാര്‍ഥങ്ങളായി വിശ്വസിക്കുന്നു. ഇവയില്‍ ചിലത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. മറ്റുചിലത് മദ്യത്തിന്റെതെന്നപോലെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നു. ഇന്ന് ഉത്തേജകമരുന്നുകള്‍ എന്ന പേരില്‍ ലഭ്യമാകുന്ന നിരവധി മരുന്നുകള്‍ ഉണ്ട്. പക്ഷേ, അതിന്റെ ഫലപ്രാപ്തി ഞാന്‍ സംശയിക്കുന്നു. കാരണം ആയുര്‍വേദത്തില്‍ രോഗിയുടെ അഥവാ ആവശ്യക്കാരന്റെ ശരീരപ്രകൃതിയും പോരായ്മയും എല്ലാം പഠിച്ചാണ് മരുന്ന് നിര്‍ദേശിക്കുന്നത്. അതുപോലെ മരുന്നിനുപയോഗിക്കുന്ന മണ്ണിനും വളത്തിനും ഒക്കെ പ്രാധാന്യമുണ്ട്. എന്തിനധികം മരുന്ന് ശേഖരിക്കുന്ന പാത്രത്തിനുവരെ പ്രാധാന്യമുണ്ട്. ഇതൊക്കെ മരുന്നുത്പാദിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ തെറാപ്യൂട്ടിക്ക് നിലവാരവും സംശയാജനകമാണ്. ഏറ്റവും നല്ല ഉത്തേജകമരുന്ന് 'എന്നെയിതാ അനുഭവിച്ചോളൂ' എന്ന് പാരവശ്യത്തോടെ പറയുന്ന പങ്കാളിയാണ്.


ബെഡ്‌റൂമില്‍ വിരസത ഉണ്ടായാല്‍


വിരസതയ്ക്കുത്തരവാദി തങ്ങള്‍ രണ്ടുപേരും ആണെന്ന് പങ്കാളികള്‍ മനസ്സിലാക്കുക. രണ്ടുപേരും മാത്രമായി ചെറിയൊരു വെക്കേഷന്‍ പ്ലാന്‍ ചെയ്യാം. വിവാഹത്തോടെ അവസാനിക്കേണ്ട ഒന്നല്ല പ്രണയം. പഴയ ഓര്‍മകളെ പലതരത്തിലും വിവാഹജീവിതത്തില്‍ തിരിച്ചുകൊണ്ടുവരാം. ഒരേ സമയത്ത്, ഒരേ രീതിയില്‍ ഒരേ സ്ഥലത്ത് വെച്ച് ബന്ധപ്പെടുന്നത് വിരസതയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് വീടിന്റെ മറ്റു ഭാഗങ്ങള്‍ തിരഞ്ഞെടുക്കാം. പുതിയ പരീക്ഷണങ്ങള്‍ ആവാം. ഇറോട്ടിക് വീഡിയോകള്‍ കാണാം. പുസ്തകങ്ങള്‍ ഒന്നിച്ച് വായിക്കാം. റൂമില്‍ മെഴുകുതിരി കത്തിച്ചുവെച്ച് സംഗീതവും ഓണാക്കി കുറേക്കൂടി റൊമാന്റിക് ഫീലിങ് വരുത്താം. ഒന്നിച്ചൊരു മഴ കൊള്ളുന്നതുപോലും ഉറങ്ങിക്കിടക്കുന്ന പ്രണയത്തെ തട്ടിയുണര്‍ത്തും. ലൈംഗികബന്ധത്തില്‍ നിന്നും കിട്ടുന്ന സുഖം മനസ്സിലെ ടെന്‍ഷന്‍ അകറ്റാനും ഉതകുന്നു.


ബീന മോഹന്‍, മുംബൈ