കുട്ടികളില്ലാത്തതിന്റെ വേദന അനുഭവിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്റെ ഭര്‍ത്താവിന് കൗണ്ടിങ് പ്രശ്‌നമുണ്ട്. ധാരാളം ചികിത്സ ചെയ്തു. ഒരു പ്രാവശ്യം ഐ.വി.എഫ് നടത്തി. ഫലമുണ്ടായില്ല. ഇനി വേറെ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ?ലക്ഷ്യ.എന്‍, കണ്ണൂര്‍പുരുഷബീജവുമായി ബന്ധപ്പെട്ടിട്ടുള്ള വന്ധ്യതാപ്രശ്‌നങ്ങള്‍ ഇന്ന് കൂടിവരുന്നു. ഐ.വി.എഫ്., ഇക്‌സി തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വന്ധ്യതാ ചികിത്സയിലും വിജയസാധ്യത നിശ്ചയിക്കുന്നതില്‍ ബീജങ്ങളുടെ ഗുണമേന്മ പ്രധാനമാണ്. ബീജങ്ങളുടെ തകരാര്‍ മൂലം ഗര്‍ഭധാരണം അലസിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്.

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത് പ്രധാനമായും ശുക്ല പരിശോധനയിലൂടെയാണ്. ബീജാണുക്കളുടെ എണ്ണം, ചലനശേഷി, ആകൃതി എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നു. ഇവ മൂന്നും ശരിയായ അനുപാതത്തിലാണെങ്കില്‍ ഗര്‍ഭധാരണശേഷി ഏതാണ്ട് ഉറപ്പിക്കാം എന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാല്‍ ഇതുമാത്രം പോര എന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ കുറഞ്ഞത് ഇരുപത് ദശലക്ഷം ബീജങ്ങള്‍ ഉണ്ടാവണം. ഇവയില്‍ അന്‍പതുശതമാനമെങ്കിലും നല്ല ചലനശേഷിയുള്ളവയാവണം. പതിനഞ്ചു ശതമാനമെങ്കിലും ശരിയായ ആകൃതിയുള്ളവ ആകണം. ഈ മൂന്നു മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നു കുറഞ്ഞാല്‍ പോലും വന്ധ്യതയ്ക്ക് കാരണമാവും. ബീജങ്ങളുടെ ക്രോമസോമുകള്‍, ഡി.എന്‍.എ. എന്നിവയുടെ തകരാറുകള്‍ വന്ധ്യതയ്്ക്ക് കാരണമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഡി.എന്‍.എ ഘടനയില്‍ തകരാറുണ്ടാക്കുന്നു.

വൃഷണങ്ങളില്‍ ബീജോത്പാദനം നടക്കുന്ന പ്രക്രിയ അതിസങ്കീര്‍ണമാണ്. ഓരോ ബീജാണുവും പാകമാകാന്‍ ഏകദേശം 72 ദിവസങ്ങളോളമെടുക്കും. ഇവ വൃഷണങ്ങളില്‍നിന്ന് ബീജനാളിക്കുഴലിലൂടെ യാത്രചെയ്ത് മൂത്രനാളിയിലെത്തിയാണ് പുറത്തുപോകുന്നത്. രണ്ടുമൂന്നാഴ്ചയോളമെടുക്കും ഈ യാത്ര പൂര്‍ത്തിയാവാന്‍. ബീജോത്പാദനത്തിലും അതിനുശേഷമുള്ള ഈ യാത്രാപഥത്തിലെ തടസ്സങ്ങളും വന്ധ്യതയ്ക്ക് വഴിവെക്കാം. സാധാരണ ശരീരത്തിന്റെ ഊഷ്മാവിനെക്കാള്‍ രണ്ടു ഡിഗ്രിയെങ്കിലും കുറവുള്ള സാഹചര്യത്തില്‍ മാത്രമേ ബീജം ഉത്പാദിക്കപ്പെടുകയുള്ളൂ. അതിനുവേണ്ട സാഹചര്യം ഒരുക്കാന്‍വേണ്ടിയാണ് വൃഷണങ്ങള്‍ ശരീരത്തിന് പുറത്ത് സ്ഥിതിചെയ്യുന്നത്. എന്നാല്‍ സ്ഥിരമായുള്ള ബൈക്ക്്്‌യാത്ര, അധികഭാരം, മണിക്കൂറുകളോളമുള്ള കാര്‍യാത്ര, നിത്യേനയുള്ള സൈക്കിള്‍യാത്ര എന്നിവയെല്ലാം വൃഷണസഞ്ചിയിലെ ഊഷ്മാവ് ഉയരാന്‍ കാണമാവുന്നു.

ആധുനിക ജീവിതത്തിന്റെ ഭാഗമായുള്ള മാനസിക സംഘര്‍ഷം (സ്‌ട്രെസ്സ്) ആണ് മറ്റൊരു പ്രധാന വില്ലന്‍. ഓരോ പ്രാവശ്യം സ്‌ട്രെസ്സ് ഉണ്ടാവുമ്പോഴും ശരീരത്തില്‍ അസുഖകരമായ രാസപദാര്‍ഥങ്ങള്‍ കുമിഞ്ഞുകൂടുന്നു. സംഘര്‍ഷഭരിതമായ ജീവിതശൈലി തുടരുന്നതിലൂടെ നിത്യേന ഒരു നിഷേധംപോലെ ഈ രാസവസ്തുക്കള്‍ ഉയരുന്നു. കോശങ്ങളെ കേടുവരുത്തുന്നു. ഓരോ ദിവസവും വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എഴുപതു ദശലക്ഷത്തോളം ബീജാണുക്കളെ ഈ രാസവസ്തുക്കള്‍ പ്രതികൂലമായി ബാധിക്കുന്നു. ബീജകോശങ്ങളിലെ ഡി.എന്‍.എ. ഛിന്നഭിന്നമായി പോവുന്നു.


പ്രതിവിധി


ബീജോത്പാദനം രണ്ടര മാസത്തോളം നീണ്ട പ്രക്രിയയായതുകൊണ്ട് ജീവിതശൈലിയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ബീജകോശങ്ങളുടെ ഡി.എന്‍.എ. തരാറുകള്‍ സ്വയം പരിഹരിക്കപ്പെടും എന്നതാണ് ശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍. പ്രതിരോധത്തിലൂന്നിയ സാമൂഹികവും പ്രകൃതി സന്തുലിതവുമായ ജീവിതശൈലിയിലേക്ക് നമ്മള്‍ മാറേണ്ടിയിരിക്കുന്നു. ഒന്നു ശ്രമിച്ചുനോക്കൂ. വിജയം ഉറപ്പിക്കാം.