മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് എരിവ്. കറിയൊന്നുമില്ലെങ്കിലും നല്ല എരിവുള്ള മുളകും കടിച്ച് ചോറും കഞ്ഞിയും കഴിക്കുന്നവര്‍. പുറത്തു നിന്നെത്തുന്നവര്‍ മലയാളികളുടെ ഈ എരിവ് സ്നേഹം അനുഭവിച്ച് വെള്ളം കുടിച്ച് പോവുന്നതും പതിവു കാഴ്ച. എന്നാല്‍ ഇങ്ങനെ എരിവ് കഴിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൗണ്ടിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

നല്ല എരിവുള്ള മുളക് കഴിച്ചാല്‍ ആയുസ് വരെ കൂട്ടാനാവുമെന്നാണ് ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ 19 വര്‍ഷമായി നല്ല എരിവുള്ള മുളക് കഴിക്കുന്ന 19000 പേരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആയുസ് കൂട്ടാന്‍ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ വരെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. പ്‌ളോസ് വണ്‍ എന്ന വെബ് സൈറ്റാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുളക് കഴിക്കുന്നത് കൊണ്ടാണോ ഇതെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും ഇതിന് കുറച്ച് കൂടി പഠനം വേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.  

മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന കാപ്സീസിന്‍ എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രധാന വേദനസംഹാരിയായും കാപ്സീസിന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. മുളകില്‍ അടങ്ങിയിരിക്കുന്ന ഈ കാപ്സീസിന്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നത് കൊണ്ടാണ് ഏറെ നാളായി മുളക് ഉപയോഗിക്കുന്നവരില്‍ രോഗ പ്രതിരോധ ശേഷി കൂട്ടുന്നത് എന്നാണ് നിഗമനം.