രീരത്തിലെ രക്തപ്രവാഹം തടസ്സപെടുന്നത് കാരണം കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഷോക്ക്. പലകാരണങ്ങളാല്‍ ഉണ്ടാകുന്ന ഷോക്ക് ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യും.

ഷോക്ക് രണ്ടു തരത്തിലുണ്ട്. ശരീരത്തില്‍ നിന്ന് അമിതമായ രക്തവും മറ്റ് ദ്രാവകങ്ങളും നഷ്ടപ്പെടുന്ന അവസരങ്ങളില്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഇതില്‍ ആദ്യത്തേത്. ശക്തമായ രക്തസ്രാവം, തീപ്പൊള്ളല്‍, അതിസാരം, ശസ്ത്രക്രിയകള്‍ എന്നിവ ഇതിന് കാരണമായേക്കാം

ഇത് കൂടാതെ അമിതമായ ഭീതി, സന്തോഷം, ദുഖം എന്നിവങ്ങനെ വൈകാരിക കാരണങ്ങള്‍ കാരണവും ഷോക്ക് ഉണ്ടാകാറുണ്ട്. ഇതിനെ നാഡീജന്യഷോക്ക് എന്ന് പറയുന്നു. തലച്ചോറിലെ നാഡികളുടെ പ്രവര്‍ത്തനം താറുമാറാകുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. അറിയാം ഷോക്കിന്റെ ലക്ഷണങ്ങളും നല്‍കേണ്ട  പ്രഥമശുശ്രൂഷയും. 

ഷോക്കിന്റെ ലക്ഷണങ്ങള്‍

രോഗിക്ക് കഠിനമായ ക്ഷീണവും ദാഹവും തലചുററലും അനുഭവപ്പെട്ടേക്കാം
തണുത്ത് വിറങ്ങലിച്ച ത്വക്ക്
ശക്തി കുറഞ്ഞ പള്‍സ്
വര്‍ധിക്കുന്ന ശ്വസന നിരക്ക്
ഓക്കാനവും ഛര്‍ദ്ദിയും 
അബോധാവസ്ഥ

നല്‍കേണ്ട പ്രഥമശുശ്രൂഷ

  • ഷോക്കുണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സുപ്രധാനമായ അവയവങ്ങളായ തലച്ചോര്‍, ഹൃദയഭിത്തി, ശ്വാസകോശം മുതലായവിലേക്കുളള രക്തപ്രവാഹം നിലക്കാതെ നോക്കുക എന്നതാണ്. 
  • കൂടാതെ രോഗി അബോധാവസ്ഥയിലാണെങ്കില്‍ മനോധൈര്യം നല്‍കുക.
  • രോഗിക്ക് ഏറ്റവും സുഖപ്രദമായ രീതിയില്‍ കിടത്തണം. 
  • തല അല്‍പ്പം താഴ്ത്തിയും കാല്‍ അല്‍പ്പം ഉയര്‍ത്തിയും വെയ്ക്കുക.മുറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അയച്ചിടുക. അനായാസകരമായ ശ്വസനത്തിനും ശരിയായ രക്തചംക്രമണത്തിനും ഇത് സഹായകമാകും.
  • ഒരു പുതപ്പ് കൊണ്ട് രോഗിയെ പുതപ്പിക്കുക. ശരീരത്തിന്റെ ഊഷ്മാവ് നഷ്ടപ്പെടാതിരിക്കുവാനാണിത്.
  • അതിയായ ദാഹമുണ്ടെങ്കില്‍ ചുണ്ടുകളും നാക്കും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുക.
  • രോഗിയുടെ ശരീരം അധികം ഇളകാതെ നോക്കുക. ശരീരത്തിന്റെ അനാവശ്യമായ ചലനങ്ങള്‍ ഷോക്കിനെ കൂടുതല്‍ കാഠിന്യമാക്കിയേക്കാം. 
  • രോഗിയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കുക.