മരുന്നൊന്നും കഴിക്കാതെ തന്നെ രോഗങ്ങള്‍ സുഖമാക്കുന്ന അനേകം ചികിത്സകളുണ്ട്. ഹോമിയോപ്പതി, പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, അക്യൂപന്‍ക്ചര്‍, മൂത്രചികിത്സ, കാന്തചികിത്സ, പൂജ, ധ്യാനം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇതില്‍ ഹോമിയോപ്പതിയില്‍ നിങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും അതില്‍ അവര്‍ അവകാശപ്പെടുന്ന മരുന്നുകളുടെ ഒരു തന്മാത്രപോലും ഉണ്ടാവില്ല!  

ഇത്തരം ചികിത്സകളെല്ലാം തട്ടിപ്പാണ്, ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പറയാന്‍ വരട്ടെ. ഒരു കാര്യവുമില്ലാതെ ആളുകള്‍ കാലാകാലമായി ഈ ചികിത്സകള്‍ തുടര്‍ന്നുപോകുമോ? ഒരിക്കലുമില്ല. ഒരു ജനതയെ എക്കാലവും പറ്റിക്കാന്‍ കഴിയുമോ? എന്നുവച്ചാല്‍ ഇതിലൊക്കെ എന്തൊക്കെയോ കാര്യമുണ്ട്. ഹോമിയോ മരുന്ന് കഴിച്ചു രോഗങ്ങള്‍ കുറഞ്ഞവരെ നിങ്ങള്‍ ധാരാളം കണ്ടിട്ടില്ലേ? പൂജയിലൂടെയും ധ്യാനത്തിലൂടെയും രോഗങ്ങള്‍ മാറിയവരുടെ സാക്ഷ്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? എന്നുവച്ചാല്‍ ഇത്തരം ചികില്‍സകളിലൂടെ കുറച്ചുപേര്‍ക്കെങ്കിലും രോഗങ്ങള്‍ കുറയുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍. 

പക്ഷെ, എങ്ങനെ? മരുന്നുകളില്ലാതെ എങ്ങനെ രോഗം സുഖപ്പെടും? 

മേല്‍ സൂചിപ്പിച്ച ചികിത്സകള്‍ എങ്ങനെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ പ്ലെസീബോ പ്രതിഭാസം എന്താണെന്നറിയണം. കാരണം ഈ പ്രതിഭാസമാണ് സുഖപ്പെടുത്തലിന് അടിസ്ഥാനം. പ്രത്യേകിച്ച് മരുന്നുകളൊന്നും അടങ്ങാത്ത, എന്നാല്‍ യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചികിത്സയിലൂടെ രോഗം കുറയുന്നു എന്ന തോന്നലാണ് പ്ലെസീബോ പ്രതിഭാസം ( Placebo effect ). 

നിങ്ങള്‍ ഡോക്ടറെ സന്ദര്‍ശിക്കുമ്പോഴും പ്ലെസീബോ പ്രതിഭാസത്തിനു പ്രാധാന്യമുണ്ട്. ഡോക്ടരുടെ പെരുമാറ്റം ഏതുവിധത്തിലാണ് എന്നതു വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഡോക്ടര്‍ കാര്യമായ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങളുടെ രോഗത്തിനു കൂടുതല്‍ ആശ്വാസം ലഭിക്കും. ഡോക്ടര്‍ സ്‌റ്റെതസ്‌കോപ്പ് നെഞ്ചിലും പിടലിക്കുമെല്ലാം വച്ചുനോക്കുമ്പോള്‍ തന്നെ തെല്ലൊരാശ്വാസം തോന്നും. ഹൃദയമിടിപ്പും പ്രഷറുമൊന്നും നോക്കാതെ വെറുതെ മരുന്നുകുറിച്ചാല്‍ രോഗിക്ക് ഒരു സംതൃപ്തി കിട്ടില്ല. 'ആ ഡോക്ടര്‍ക്ക് ഒന്നും അറിയില്ല' എന്ന് ആളുകള്‍ പറഞ്ഞുകളയും. 

അതുപോലെ എന്തൊക്കെ ഉപകരണങ്ങള്‍ പരിശോധനക്ക് ഉപയോഗിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. ഡോക്ടര്‍ പരിശോധിക്കുന്നത് ഏതോ ഭയങ്കരന്‍ ഉപകരണം കൊണ്ടാണ് എന്നൊക്കെ തോന്നണം. കമ്പ്യൂട്ടറൈസ്ഡ് രോഗനിര്‍ണ്ണയം എന്നൊക്കെ ആശുപത്രകള്‍ക്ക് മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഇപ്പോഴുള്ള സ്‌കാനിംഗ് മെഷിനുകളുടെ വലിപ്പം കുറച്ച് ഒരു കമ്പ്യൂട്ടറിന്റെ വലിപ്പത്തിലാക്കിയാല്‍ രോഗികള്‍ക്ക് ഒരു സുഖക്കുറവുണ്ടാകും.

മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്. വിശ്വാസം ശക്തമാണെങ്കില്‍ സുഖപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ പ്രതീക്ഷ കിട്ടുന്നത് മരുന്നില്‍നിന്നാകാം അല്ലെങ്കില്‍ ചികിത്സാ രീതിയില്‍നിന്നോ അതുമല്ലെങ്കില്‍ സുഖപ്പെടുത്തുന്ന ആളുടെ വാക്ചാതുര്യത്തില്‍ നിന്നുമാകാം.

Placebo effect

പ്ലെസീബോ പ്രതിഭാസത്തിലൂടെ എന്തു രോഗവും സുഖപ്പെടുമെന്ന് കരുതരുത്. പ്രമേഹവും ക്യാന്‍സറും ജനിതകരോഗങ്ങളുമൊന്നും സുഖപ്പെടില്ല. അതുപോലെ കുരുടന് കാഴ്ചയും ചെവി കേള്‍ക്കാത്തവനു കേള്‍വിയും കിട്ടില്ല. എല്ലാ രോഗങ്ങള്‍ക്കും പ്ലെസീബോ മരുന്നുകള്‍ ഫലപ്രദമല്ലെങ്കിലും പ്രത്യേകിച്ചും ഡിപ്രഷന്‍, വേദന, ഉറക്കമില്ലായ്മ, വയറിലെ ചില പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പ്ലെസീബോ മരുന്നുകള്‍ അത്യുത്തമമാണെന്ന് തെളിയിച്ചിട്ടുണ്ട്. 

വേദന കുറയ്ക്കുന്നത് 

എങ്ങനെയാണ് പ്ലെസീബോ പ്രതിഭാസം വേദനയെ കുറക്കുന്നത് എന്നുനോക്കാം. നമ്മുടെ ശരീരത്തില്‍ രോഗമുള്ള ഭാഗത്തുനിന്നും വേദനയുടെ സിഗ്‌നലുകള്‍ നാഡികളിലൂടെ മസ്തിഷ്‌കത്തിലെത്തുന്നു. നിങ്ങള്‍ വേദന അനുഭവിക്കുന്നത്  മസ്തിഷ്‌കത്തിലാണ്. പ്ലെസീബോ അല്ലാത്ത യഥാര്‍ത്ഥ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ മസ്തിഷ്‌കം ചില ന്യൂറോട്രാന്‍സ്മിറ്ററുകള്‍  പുറപ്പെടുവിക്കാന്‍ ഇടയാക്കും. ഈ രാസവസ്തുക്കള്‍ വേദനയുടെ സിഗ്‌നലുകളെ മയപ്പെടുത്തും. അങ്ങനെ നമുക്ക് വേദനയില്‍ കുറവുണ്ടാകും. യഥാര്‍ത്ഥ മരുന്നിനു പകരം നിങ്ങള്ക്ക് വേദന കുറയും എന്ന ശക്തമായ പ്രതീക്ഷ ഉണ്ടെങ്കില്‍ ഈ സിഗ്‌നലുകള്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉണ്ടാക്കും. അങ്ങനെ നിങ്ങളുടെ വേദനക്ക് ആശ്വാസം കിട്ടും. 

രോഗിയില്‍ എങ്ങനെ പ്രതീക്ഷ ഉണ്ടാക്കാം എന്നതാണ് മരുന്നില്ലാത്ത ചികിത്സകളുടെ ആദ്യ പടി. ഉദാഹരണത്തിന് പ്രാണിക് ഹീലിംഗ് എന്ന ചികിത്സ എടുക്കുക. ഈ പരിപാടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് രോഗിയോട് കുറച്ചു 'ശാസ്ത്രീയമായി' വിശദീകരിക്കണം. രോഗിക്ക് നല്ല പ്രതീക്ഷ കൊടുക്കുക എന്നതാണ് ഉദ്ദേശം. പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി, ഇത്തരം കുറച്ചു ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന പദങ്ങള്‍ ഗുണം ചെയ്യും എന്നതില്‍ സംശയം വേണ്ട. വേണമെങ്കില്‍ കുറച്ചു എനര്‍ജി ഫീല്‍ഡ്, ഡാര്‍ക്ക് മാറ്റര്‍ എന്നിവകൂടി ചേര്‍ക്കാം. ഇനി വേണ്ടത് ഈ ചികിത്സയിലൂടെ രോഗം സുഖപ്പെട്ട ആളുകളുടെ സാക്ഷ്യമാണ്. സാക്ഷ്യം പറച്ചില്‍ നല്ല ശക്തമായിരിക്കണം. 

ഇത്രയൊക്കെ ആകുമ്പോഴേക്കും രോഗിക്ക് ആവശ്യത്തിനു പ്രതീക്ഷയും വിശ്വാസവും കിട്ടിയിരിക്കും. ഇനി ചികിത്സ തുടങ്ങുമ്പോള്‍ പ്ലെസീബോ പ്രതിഭാസം പ്രവര്‍ത്തിച്ചുതുടങ്ങും.

മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ ഗവേഷകര്‍ പ്ലെസീബോ എഫ്‌ഫെക്റ്റ് കണക്കിലെടുക്കാറുണ്ട്. മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ പ്ലെസീബോ മരുന്നുകളും നല്‍കും. ഉദാഹരണത്തിന് രക്‌സ്തസമ്മര്‍ദ്ദത്തിനു ഉണ്ടാക്കിയ പുതിയ ഒരു മരുന്നിന്റെ ക്ഷമത പരീക്ഷിക്കണമെന്നിരിക്കട്ടെ. യഥാര്‍ത്ഥ മരുന്നും പ്ലെസീബോ മരുന്നും രോഗികള്‍ക്ക് കൊടുക്കും. ചിലര്‍ക്ക് കിട്ടിയത് യഥാര്‍ത്ഥ മരുന്നും ബാക്കിയുള്ളവര്‍ക്ക് കിട്ടിയതു വ്യാജനും (പ്ലെസീബോ) ആയിരിക്കും. ചികിത്സയുടെ ഒരു ഘട്ടത്തിനു ശേഷം ഇതില്‍ ആര്‍ക്കൊക്കെ രോഗം കുറഞ്ഞു എന്ന് പരിശോധിക്കും. 

യഥാര്‍ത്ഥ മരുന്ന് കഴിച്ചു രോഗം ശമിച്ചവരുടെ എണ്ണം പ്ലെസീബോ മരുന്ന് കഴിച്ചു രോഗം ശമിച്ചവരെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ മരുന്നിനു ഫലമുള്ളതായി കണക്കാക്കാന്‍ കഴിയൂ. 

ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ സൈഡ് എഫക്ട്ടുകള്‍ ഉണ്ടെന്ന് ചിലപ്പോള്‍ രോഗികള്‍ക്ക് തോന്നാം. തങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫ്ഫക്ട്ടുകളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് ഈ വിഷമതകള്‍ തുടങ്ങുക. ഉദാഹരണത്തിന് കണ്ണില്‍ ഒഴിക്കുന്ന മരുന്ന് കുപ്പിക്ക് പുറത്ത് 'അലര്‍ജി ഉണ്ടായാല്‍ ഡോക്ടറെ കാണുക' എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ചാല്‍ പിന്നെ ആ മരുന്ന് ഒഴിക്കുമ്പോള്‍ എന്തോ ഒരു നീറ്റലോ പുകച്ചിലോ ഒക്കെ തോന്നാം. അത് വായിക്കാതിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് പ്ലെസീബോ പ്രതിഭാസത്തിന്റെ ഒരു വിപരീതമാണ്. ഇതിനു നോസീബോ പ്രതിഭാസം ( nocebo effect ) എന്നാണ് വിളിക്കുന്നത്. 

പ്ലെസീബോ പ്രതിഭാസം അത്ര തമാശക്കാര്യമൊന്നുമല്ല. ശരിക്കുമോള്ളോരു പ്രതിഭാസം തന്നെയാണ്. പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പല സര്‍വ്വകലാശാലകളും ഇതെപ്പറ്റി ധാരാളം പഠിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍  പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സ്ഥാപനം തന്നെയുണ്ട് (http://programinplacebostudies.org/). അതുപോലെ ഇറ്റലിയിലെ ടൂറിന്‍ സര്‍വ്വകലാശാലയിലും (ഗവേഷകന്‍ ഫബ്രിസിയോ ബെനെദേച്ചി- Fabrizio Benedetti) പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് (https://www.ncbi.nlm.nih.gov/pmc/articles/PMC3055515/ ).

ഗവേഷണങ്ങള്‍ കാണിക്കുന്ന രസകരമായ പലകാര്യങ്ങളുമുണ്ട്. പ്ലെസീബോ ഗുളികകളെക്കാള്‍ ഫലപ്രദമാണ് പ്ലാസീബോ ഇന്‍ജക്ഷന്‍. പഠനങ്ങള്‍ കാണിക്കുന്നത് വ്യാജന്മാരുടെ ആകൃതിക്കും നിറത്തിനുമൊക്കെ പ്രാധാന്യമുണ്ടെന്നാണ്. വെളുത്ത വ്യാജഗുളികകളെക്കാള്‍ ഫലപ്രദം കളറുകളുള്ള വ്യാജന്മാരാണത്രേ. അതുപോലെ ഒരു പഠനത്തില്‍ പിങ്ക് ഗുളികകള്‍ക്കു നീല ഗുളികകളെക്കാള്‍ ഫലമുണ്ടെന്ന് കണ്ടു. രണ്ടു വ്യാജഗുളികകള്‍ ഒരു വ്യാജനേക്കാള്‍ ഫലപ്രദമാണ്. അതുപോലെ ക്യാപ്‌സ്യൂളുകള്‍ സാധാരണ ഗുളികകളെക്കാള്‍ ഫലം ചെയ്യും.

പ്ലെസീബോ മരുന്ന് കഴിക്കുമ്പോള്‍ ലഭിക്കുന്നത് ചെറിയൊരു തോന്നല്‍ മാത്രമാണെന്ന് കരുതണ്ട. ഉദ്ദീപനം നല്‍കുന്ന ഗുളികയാനെന്ന വ്യാജേന കൊടുത്തവ ആളുകളില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂട്ടിയതായി കണ്ടിട്ടുണ്ട്. അതുപോലെ മോര്‍ഫിന്‍ കൊടുക്കേണ്ട വേദനക്ക് വെറും ഉപ്പുവെള്ളം കുത്തിവച്ചുകൊണ്ട് രണ്ടാംലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വരെ ചെയ്തിട്ടുണ്ടത്രേ! വേദന കുറയാന്‍ മോര്‍ഫിനാണ് കുത്തിവച്ചതെന്ന് രോഗിയോട് പറഞ്ഞാല്‍ വേദനക്ക് അല്‍പ്പം കുറവുകിട്ടും, അത്രതന്നെ. 

Placebo effect

നിങ്ങളുടെ മുന്‍കാല അനുഭവവും പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കും. ഉദാഹരണത്തിന് രണ്ടു ഗ്രൂപ്പിലുള്ള ആളുകളില്‍ ഒരു ഗ്രൂപ്പിന് വേദനക്കുള്ള യഥാര്‍ത്ഥ മരുന്നും മറ്റേ ഗ്രൂപ്പിന് പ്ലെസീബോ മരുന്നും കൊടുത്തു. അങ്ങനെ ആദ്യത്തെ ഗ്രൂപ്പിന് തീര്‍ച്ചയായും വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇനി രണ്ടാം പ്രാവശ്യം രണ്ടു കൂട്ടര്‍ക്കും യഥാര്‍ത്ഥ മരുന്നിന്റെ ആകൃതിയിലുള്ള പ്ലെസീബോ മരുന്നുകള്‍ കൊടുത്തു. ഇപ്പോള്‍ ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇതിനര്‍ത്ഥം മുന്‍പ് യഥാര്‍ത്ഥ മരുന്ന് കഴിച്ചുണ്ടായ സൗഖ്യം രണ്ടാം പ്രാവശ്യം പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കി എന്നതാണ്. യഥാര്‍ത്ഥ മരുന്ന് ഒരു പ്രാവശ്യം തന്നു നിങ്ങളുടെ മസ്തിഷ്‌കത്തെ ഒന്ന് പരുവപ്പെടുത്തിയാല്‍ പിന്നീട് പ്ലെസീബോ പ്രതിഭാസം നന്നായി പ്രവര്‍ത്തിക്കും എന്നര്‍ത്ഥം.

'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം'

പ്ലെസീബോ പ്രതിഭാസത്തിന്റെ തീവ്രത കൂട്ടുന്ന മറ്റു ചില പ്രതിഭാസങ്ങളുമുണ്ട്. ഒരു കാര്യത്തെ ചുറ്റുമുള്ള വളരെ അധികം ആളുകള്‍ പിന്തുണക്കുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ അത് വിശ്വസിക്കാനുള്ള അല്ലെങ്കില്‍ അതിനെ പിന്തുടരാനുള്ള സാധ്യത വളരെ അധികമാണ്. ഇതിന്റെ 'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം' ( bandwagon effect ) എന്നാണ് വിളിക്കുന്നത്. ഫാഷനുകള്‍ പ്രചരിക്കുന്നത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്. 

കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വിശ്വാസത്തെ, അല്ലെങ്കിള്‍ കാര്യങ്ങളെ മറ്റുള്ളവരും പിന്താങ്ങനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ആളുകള്‍ ഭൂരിപക്ഷ സ്വഭാവത്തെ പിന്തുടരുമ്പോള്‍ അവര്‍ അവരുടെ സ്വന്തം അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം കുറവായിരിക്കും. 

രാഷ്ട്രീയത്തിലും ജനങ്ങളുടെ ഇത്തരം സ്വഭാവം കാണുവാന്‍ കഴിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പിന് ശേഷം മാത്രം പുറത്തുവിടുന്നതിന്റെ പിന്നിലെ കാര്യം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വോട്ടെടുപ്പിന് മുന്‍പേ ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും എന്ന വാര്‍ത്ത വന്നാല്‍ ചിലര്‍ ആ പാര്‍ട്ടിക്ക് വോട്ടുചെയ്യാനുള്ള സാധ്യത വളരെ അധികമാണ്. 1950കളില്‍ സോളമന്‍ ആഷ് ( Solomon Asch ) നടത്തിയ പരീക്ഷണങ്ങള്‍ ആളുകളുടെ ഭൂരിപക്ഷത്തെ പിന്താങ്ങുന്ന സ്വഭാവത്തെ വ്യക്തമായി കാണിച്ചിട്ടുണ്ട് (https://en.wikipedia.org/wiki/Asch_conformity_experiments ). 

മതങ്ങളും സംഘടനകളും പ്രചരിപ്പിക്കുന്ന യുക്തിരഹിതമായ കാര്യങ്ങള്‍ ആളുകള്‍ പെട്ടന്ന് വിശ്വസിക്കുന്നതും പിന്തുടരുന്നതും ഒരു സാമൂഹ്യസ്വഭാവമാണ്. ഇതിന്റെ പിറകിലും ബാന്‍ഡ്-വാഗണ്‍ പ്രതിഭാസത്തിനു സ്വാധീനമുണ്ട്. പ്രാര്‍ത്ഥനയിലും പൂജയിലുമെല്ലാം ലഭിക്കുന്ന രോഗശാന്തി പ്ലെസീബോ പ്രതിഭാസം മാത്രമല്ല ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും കൂടിക്കലര്‍ന്നതാണ്. 

ഒരു ഉദാഹരണമെടുക്കാം. ബഹുഭൂരിപക്ഷം വിശ്വാസികളും, പ്രത്യേകിച്ച് ജീവിതത്തില്‍ രോഗങ്ങളോ പ്രശ്‌നങ്ങളോ ഉള്ളവര്‍ സ്വന്തമായി ദിവസേന പ്രാര്‍ത്ഥിക്കുന്നവരായിരികും. എങ്കിലും അവര്‍ക്ക് അപ്പോള്‍ ലഭിക്കാത്ത സൗഖ്യം കൂട്ടപ്രാര്‍ത്ഥനയിലോ ധ്യാനങ്ങളിലോ അവര്‍ക്ക് ലഭിക്കുന്നു. കാരണം ഇത്തരം സ്ഥലങ്ങളില്‍ പ്ലെസീബോ പ്രതിഭാസത്തിനു അത്യാവശ്യമായ വിശ്വാസവും പ്രതീക്ഷയും കൂടുതലായി ഉണ്ടാകും. അതുപോലെ ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും ഉണ്ടാകും. സാക്ഷ്യംപറച്ചിലുകള്‍ കാര്യങ്ങള്‍ ഒന്നുകൂടെ ഊട്ടിഉറപ്പിക്കും. ചുറ്റുമുള്ളവരിലെ വിശ്വാസം അല്‍പവിശ്വാസിയെപോലും വിശ്വസിപ്പിക്കും.

മരുന്നുകളില്ലാതെ രോഗങ്ങള്‍ എങ്ങനെയാണ് സുഖപ്പെടുന്നതെന്ന് മനസിലായല്ലോ. ഇവിടെ രോഗം സുഖപ്പെടുന്നു എന്ന് പറഞ്ഞത് അത്ര ശരിയല്ല. കാരണം പ്ലെസീബോ പ്രതിഭാസം തരുന്ന ആശ്വാസം താല്‍ക്കാലികമാണ്. അത് ഒരിക്കലും യഥാര്‍ത്ഥ രോഗകാരണത്തെ സുഖപ്പെടുത്തുന്നില്ല. ഉദാഹരണത്തിന് ക്യാന്‍സര്‍ കാരണം വയറ്റില്‍ ഉണ്ടായ വേദനക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ പ്ലെസീബോ പ്രതിഭാസത്തിനു കഴിയും എന്നാല്‍ അത് വേദനയുടെ മൂലകാരണമായ ക്യാന്‍സറിനെ സുഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ രോഗം കണ്ടെത്താതെ പ്ലെസീബോ  പ്രതിഭാസം ഒളിച്ചിരിക്കുന്ന ചികിത്സകള്‍ക്കും രോഗശാന്തി ശിശ്രൂഷകള്‍ക്കും പുറകെ പോകുന്നത് ദോഷമേ ചെയ്യൂ. ഇത് കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും വൈകിപ്പിക്കും. 

(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)