14
Nov
2013

സംശയങ്ങള്‍ക്കുള്ള മറുപടി


അച്ഛനമ്മമാര്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ?
എനിക്ക് 38 വയസ്സുണ്ട്. ഇപ്പോള്‍ പ്രമേഹമില്ല. അച്ഛനമ്മമാര്‍ക്ക് രോഗമുണ്ട്. ഇത് ഒരു പാരമ്പര്യരോഗമാണോ?

=അച്ഛനമ്മമാര്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കളും പ്രമേഹരോഗികളാകാന്‍ എല്ലാ സാധ്യതയുമുണ്ട്. അതുകൊണ്ട് നേരത്തെതന്നെ പ്രതിരോധനടപടികള്‍, അതായത് ഭക്ഷണക്രമം, വ്യായാമം, ആറുമാസത്തിലൊരിക്കലെങ്കിലും രക്തത്തിലെ കൊഴുപ്പും പഞ്ചസാരയുമൊക്കെ പരിശോധിക്കല്‍ തുടങ്ങിയവ ചെയ്തുകൊണ്ടിരുന്നാല്‍ രോഗം തടയാം. ഭാര്യയും ഭര്‍ത്താവും പ്രമേഹരോഗികളാണെങ്കില്‍ അവര്‍ക്കുണ്ടാവുന്ന കുട്ടികളില്‍ ഒരു കുട്ടിക്ക് 40 വയസ്സിനു മുമ്പും ഒരു കുട്ടിക്ക് 40നും 50നും ഇടയ്ക്കും മറ്റൊരു കുട്ടിക്ക് 50 വയസ്സിനു ശേഷവും ഈ രോഗം വരാം. അച്ഛന്‍ പ്രമേഹരോഗിയാണ്, അമ്മക്കില്ല, അമ്മയുടെ സഹോദരങ്ങള്‍ക്കുണ്ട്. എന്നിങ്ങനെയാണെങ്കില്‍ 80 ശതമാനം കുട്ടികള്‍ക്ക് കാലക്രമത്തില്‍ പ്രമേഹം വരാം. അച്ഛനും അമ്മയും പ്രമേഹം ഇല്ലാത്തവരാണ്. എന്നാല്‍ അവരുമായി രക്തബന്ധമുള്ളവര്‍ക്ക് പ്രമേഹം ഉണ്ടെന്നിരിക്കട്ടെ. അപ്പോള്‍ അവരുടെ സന്താനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് പ്രമേഹം വരാം. ടൈപ്പ് 1 എന്ന വര്‍ഗത്തില്‍പ്പെട്ട പ്രമേഹമാണ് കൂടുതല്‍ അപകടകാരി. അതിന്റെ പാരമ്പര്യപഠനത്തില്‍ വളരെ കാര്യങ്ങള്‍ ഇപ്പോ ള്‍ മനസ്സിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ അധികമായി കാണുന്ന ടൈപ്പ് 2 വിഭാഗത്തിനെ മള്‍ട്ടി ഫാക്ടോറിയല്‍ ജനറ്റിക് രോഗം (ബഹുഘടകജനിതകരോഗം) എന്നേ പറയാറായിട്ടുള്ളു. ക്രോമസോമിന്റെ ഏതു സൂക്ഷ്മഭാഗമാണെന്ന് പറയാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പരിസ്ഥിതികള്‍ക്കും രോഗം പ്രകടമാക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ജനിത കപരിസ്ഥിതിയിലെ താളഭംഗവും ത്തുചേരുമ്പോള്‍ പ്രമേഹം പ്രകടമാവുന്നു. മറ്റു രാജ്യങ്ങളിലെ കുടിയേറ്റ ഇന്ത്യക്കാര്‍ക്ക് ടൈപ്പ് 2 തരത്തില്‍പെട്ട പ്രമേഹത്തിന്റെ പാരമ്പര്യം അന്യരാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതലാ ണ്. അമേരിക്കയിലെ റെഡ് ഇന്ത്യക്കാര്‍ പാരമ്പര്യ ഭക്ഷണം ഉപേക്ഷിച്ച് ആധുനിക അമേരിക്കക്കാരുടെ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ 40 ശതമാനം പേര്‍ക്ക് പ്രമേഹമുള്ളതായി കണ്ടിട്ടുണ്ട്.


മൂത്രത്തിലെ പഞ്ചസാര പ്രമേഹമാകുമോ?
?എനിക്ക് വയസ്സ് 50. ടെക്‌സ്റ്റെയില്‍ ഷോറൂമിന്റെ ഉടമയാണ്. മുഴുവന്‍ സമയവും ഇരിപ്പുതന്നെ. തടിയനല്ല. എന്നാലും തൂക്കം അല്‍പം കൂടുതലാണ്. ജലദോഷവും ചുമയുമായി ഒരു ഡോക്ടറെ സമീപിച്ചു. മൂത്രവും രക്തവും പരിശോധിച്ചപ്പോള്‍ രണ്ടിലും ഷുഗര്‍ കൂടുതലാണ്. ഭക്ഷണം നിയന്ത്രിക്കുവാനും കുറച്ചു നടക്കുവാനും പ്രമേഹത്തിനുള്ള ഗുളിക കഴിക്കുവാനും ഉപദേശിച്ചു.
മൂന്നാഴ്ച കഴിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒന്നുകൂടി നോക്കണമെന്നും നിര്‍ദ്ദേശിച്ചു. എനിക്ക് ക്ഷീണമില്ല. മൂത്രം അധികം പോകുന്നുമില്ല. രാത്രി മൂത്രം ഒഴിക്കുവാന്‍ എഴുന്നേല്‍ക്കാറേയില്ല. തൂക്കം കുറഞ്ഞിട്ടില്ല. ഞാന്‍ ഏതായാലും മധുരം കഴിക്കുന്നില്ല. നടക്കുന്നുണ്ട്. മരുന്നൊന്നും കഴിക്കുന്നില്ല. അല്‍പം പഞ്ചസാര കൂടുതല്‍ കണ്ടെന്നു കരുതി ഇതിനെ പ്രമേഹമായി കരുതണോ?


=പ്രായമാകുമ്പോള്‍ തുടങ്ങുന്ന പ്രമേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കും. മൂത്രത്തില്‍ പഞ്ചസാര കാണുന്നത് പ്രമേഹം കൊണ്ടുതന്നെ ആവണമെന്നില്ല. അതുകൊണ്ടായിരിക്കണം മൂന്നാഴ്ച കഴിഞ്ഞ് ഒന്നുകൂടി പരിശോധിക്കണമെന്ന് പറഞ്ഞത്. പ്രമേഹമാണെന്ന് ഉറപ്പാക്കിയാല്‍ ചികിത്സ വേണം. മൂത്രത്തില്‍ പഞ്ചസാര കാണുന്നതിന് എത്രയോ മുമ്പ് ഒരു പക്ഷേ, പ്രമേഹം ശരീരത്തെ എല്ലാ കോണുകളില്‍നിന്നും കീഴെ്പ്പടുത്തി കഴിഞ്ഞിരിക്കണം.

''ശരീരത്തിലെ ക്ലേഭം, സ്വേദം, മേദസ്സ്, രസം, രക്തം, മാംസം തുടങ്ങി മുഴുവന്‍ ധാതുക്കളും പ്രമേഹം ആരംഭിക്കും മുമ്പ് തന്നെ ദുഷിപ്പിക്കപ്പെടുന്നു.'' ഇതാണ് ആയുര്‍വേദ ഗ്രന്ഥങ്ങളിലെ വിവരണം.
പ്രമേഹത്തെ മഹാരോഗങ്ങളില്‍ പെടുത്തുകയും യാപ്യം എന്നും അസാദ്ധ്യമെന്നും ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. യാപ്യം എന്നു പറഞ്ഞാല്‍ മരുന്നുകൊണ്ട് ക്രമേണ ചുരുക്കി കൊണ്ടുപോവാന്‍ കഴിയുന്നതെന്ന് ചുരുക്കം. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ഭക്ഷണനിയന്ത്രണവും നടപ്പും മതി. എല്ലാ ആഴ്ചയും മൂത്രം പരിശോധിക്കണം. മാസത്തിലൊരിക്കല്‍ രക്തത്തിലെ പഞ്ചസാരയും നോക്കണം. കുറയുകയോ മൂത്രം അധികം പോവുകയോ ചെയ്താല്‍ അതിന്റെ കാര്യം ആലോചിക്കണം.

ഇന്‍സുലിന്‍ വേണ്ടാത്ത പ്രമേഹം ഉണ്ടോ?
?അമ്മാവന് ആറേഴുകൊല്ലമായി പ്രമേഹമുണ്ട്. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ എല്ലാ പരിശോധനകളും ചെയ്തു. ഇന്‍സുലിന്‍ കുത്തിവെക്കാനും ചില മരുന്നുകള്‍ കഴിക്കാനും തന്നു. ഇന്‍സുലിനെ ആശ്രയിക്കാതെ നില്‍ക്കുന്നതരം ടൈപ്പ് 2 പ്രമേഹമാണത്രെ. പിന്നെ എന്തിനാണ് ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് പറഞ്ഞത്? നിങ്ങള്‍ക്ക് കുറേ നാളത്തേക്ക് അത് ചെയ്യേണ്ടിവരും എന്നായിരുന്നു ഉത്തരം.

=പ്രമേഹത്തെ പലതരത്തില്‍ വിഭജിക്കാറുണ്ട്. ഇന്‍സുലിന്‍ വേണ്ടതും വേണ്ടാത്തതും എന്ന തരം തിരിക്കല്‍ ഇക്കൂട്ടത്തിലൊന്നാണ്. മറ്റു ചില രോഗങ്ങളുടെ ഭാഗമായി പ്രമേഹം കണ്ടെന്നും വരാം. പാന്‍ക്രിയാസ് എന്ന അവയവത്തെ ബാധിക്കുന്ന രോഗങ്ങള്‍ പ്രമേഹ കാരണമാകാം. കൂടാതെ പിറ്റിയൂറ്ററി, തൈറോയ്ഡ്, സുപ്രാറീനല്‍ ഗ്രന്ഥികള്‍ തുടങ്ങിയവ പലതരം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ രോഗം പ്രമേഹകാരണമാകാം.

കോര്‍ട്ടിസോണ്‍ തുടങ്ങിയ മരുന്നുകള്‍ ദീര്‍ഘകാലം കഴിച്ചാലും പ്രമേഹ കാരണമാകാം. ഇങ്ങനെ വരുന്ന പ്രമേഹത്തെ സെക്കന്‍ഡറി ഡയബറ്റിസ് എന്നാണു പറഞ്ഞിരുന്നത്. അല്ലാതെയുള്ളതിനെ പ്രൈമറി ഡയബറ്റിസ് എന്നും. ഈ ഇനത്തില്‍ പെട്ട പ്രമേഹമാണ് ഇന്ത്യയില്‍ കൂടുതല്‍. ചികിത്സയില്‍ ഇന്‍സുലിനെ ആശ്രയിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 എന്നു പറയുന്നു. ഇക്കൂട്ടര്‍ക്ക് ഒരു നേരത്തെ ഇന്‍സുലിന്‍ തെറ്റിയാല്‍ പഞ്ചസാര അത്യധികം കൂടുമെന്നു മാത്രമല്ല. മൂത്രത്തിലും രക്തത്തിലും വിഷത്തിനു തുല്യമായ അസറ്റോണും കിറ്റോണ്‍ ബോഡീകളും ഉണ്ടാകും. രണ്ടു മൂന്നു പ്രാവശ്യം ഇന്‍സുലിന്‍ വിട്ടുപോയാല്‍ അവര്‍ അബോധാവസ്ഥ(ഡയബറ്റിക് കോമ)യിലേക്ക് നീങ്ങും. ഇത് ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കുന്ന രണ്ടും മൂന്നും പ്രാവശ്യം ഇന്‍സുലിന്‍ കുത്തിവെച്ചുകൊണ്ട് സൂക്ഷ്മമായി ചികിത്സിക്കുക മാത്രമേ ഇതിനു വഴിയുള്ളൂ.


ഇന്ത്യയില്‍ ടൈപ്പ് 2 പ്രമേഹമാണ് ആണ് ഉള്ളതെന്ന് പറഞ്ഞുവല്ലോ. ഇന്‍സുലിന്‍ ചെന്നില്ലെങ്കിലും അസറ്റോണ്‍ തുടങ്ങിയ വിഷാംശങ്ങള്‍ അതിവേഗം ഉണ്ടാവുകയില്ല എന്നു ചുരുക്കം. സാധാരണ മുപ്പതു, നാല്‍പതു വയസ്സിനുശേഷമാണ് പ്രമേഹം ആരംഭിക്കുക. തടിയന്മാര്‍ക്കു വരുന്ന പ്രമേഹം ഈ ഇനമാണ്. ചിലപ്പോള്‍ ആരംഭ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായെന്നു വരില്ല. പക്ഷേ, കൂടുതല്‍ പഞ്ചസാര കാണുകയും ദേഹം ക്ഷീണിക്കുകയും കൈകാല്‍ തരിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയും ചെയ്താല്‍ ഇന്‍സുലിനും മറ്റു ചികിത്സകളും ചെയ്ത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് നിങ്ങളുടെ അമ്മാവന് ഇന്‍സുലിന്‍ വേണമെന്നു പറഞ്ഞത്.

പ്രമേഹരോഗിയുടെ മാനസിക വ്യഥകള്‍
?പെന്‍ഷന്‍ പറ്റാന്‍ ഒരു മാസം മാത്രമുള്ള ഒരു സ്‌കൂള്‍ അധ്യാപകനാണ് ഞാന്‍. ഇതുവരെ ഒരു രോഗവും ഉണ്ടായിട്ടില്ല. കൈകാല്‍ തരിപ്പിന് ചികിത്സിക്കാന്‍ ആയുര്‍വേദ ഡോക്ടറെ കണ്ടു. അവര്‍ പരിശോധിച്ചപ്പോള്‍ ഞാന്‍ പ്രമേഹരോഗിയാണെന്നു കണ്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. ഇഞ്ചക്ഷനും മരുന്നുകളും ഭക്ഷണക്രമവും എല്ലാം കൂടി വളരെ ചെലവേറിയ ചികിത്സ വേണ്ട രോഗമല്ലേ ഇത്? പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാവുമോ?

നിങ്ങള്‍ക്ക് വന്നിട്ടുള്ള ആശങ്ക മിക്ക പ്രമേഹരോഗികളിലും കാണാറുണ്ട്. പലതാണ് കാരണം. വരുമാനം കുറഞ്ഞവര്‍ക്ക് പണച്ചെലവ് ഓര്‍ത്താണ് മാനസികവ്യഥ. എന്തു ചെയ്താലും മാറുന്ന രോഗമല്ലല്ലോ ഇത് എന്നതാണ് മറ്റു ചിലരുടെ വിഷമം. പലരുടെയും വിരലും കാലും മറ്റും മുറിച്ചുകാണുന്നുണ്ടല്ലോ? അക്കൂട്ടത്തില്‍ ഞാനും പെടുമോ? ക്രമപ്പെടുത്തിയ ഭക്ഷണവും മറ്റും ബുദ്ധിമുട്ടല്ലേ? ഏതു സമയത്തും രക്തവും മൂത്രവും പരിശോധിച്ചുകൊണ്ടിരിക്കണമല്ലോ.

പഞ്ചസാര അധികരിച്ച് ബോധംകെട്ടുപോയാലോ? ഞാന്‍ പ്രമേഹരോഗിയായത് മറ്റു കുടുംബാംഗങ്ങള്‍ക്ക് ഒരു ഭാരവും വെറുപ്പുമായി തീരുമോ? എന്തൊക്കെ ചെയ്തിട്ടും ക്ഷീണം മാറുന്നില്ലല്ലോ? നാലഞ്ചു ദിവസം ഇന്‍സുലിനോ ഗുളികയോ നിര്‍ത്തിയാല്‍ പഞ്ചസാര വളരെ അധികം കൂടുന്നു. ക്ഷീണം അധികരിക്കുന്നു. കൈകാല്‍ തരിപ്പ് വര്‍ദ്ധിക്കുന്നു. കാഴ്ച മങ്ങുന്നു. ഇതിനൊരു ശാശ്വത പരിഹാരവുമില്ലല്ലോ? കൊതികൊണ്ട് എന്തു കഴിക്കാന്‍ നോക്കിയാലും ഭാര്യയും മക്കളും എപ്പോഴും തടസ്സം പറയുന്നു. ഡോക്ടര്‍മാര്‍ പറയുന്നതില്‍ കൂടുതല്‍ പഥ്യം ഭാര്യയും മക്കളും എന്റെ തലയില്‍ കെട്ടിവെക്കുന്നു. അതോടെ എല്ലാവരോടും ദേഷ്യം-ഇങ്ങനെ പോകുന്നു വിവിധ തരത്തിലുള്ള മനഃക്ഷോഭങ്ങള്‍.

മരുന്നു കുറിച്ചു വാങ്ങുന്നതിനേക്കാള്‍ പ്രമേഹരോഗികള്‍ ചെയ്യേണ്ടത് ആ രോഗത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എപ്പോഴും മനസ്സിലാക്കലാണ്. ഡോക്ടര്‍മാരുടെയും പ്രാഥമിക ചുമതല അവരെ രോഗത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിച്ചുകൊടുക്കലാണ്. നാലഞ്ച് പ്രാവശ്യം രോഗിയും ഡോക്ടറും ഉള്ളുതുറന്നു സംസാരിച്ചാല്‍തന്നെ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരും. പ്രമേഹം ഒരുരോഗമാണെന്നുള്ള വിചാരമേ വേണ്ട. തന്റെയൊപ്പം കൂടിയിരിക്കുന്ന ഒരു സുഹൃത്തുമായി ചെറിയ തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്ത് ഐക്യത്തോടെ പോവുകയാണ് എന്ന ശുഭാപ്തിവിശ്വാസം വേണം.

കാലിന്റെ പ്രശ്‌നങ്ങള്‍
?എനിക്ക് 72 വയസ്സായി. 20 വര്‍ഷമായി പ്രമേഹമുണ്ട്. ഒരു മുടക്കവും വരുത്താതെ മരുന്നു കഴിക്കുന്നുണ്ട്. തുടക്കമായതുകൊണ്ട് ഗുളികകൊണ്ടു മാത്രം നിലനിര്‍ത്തി പോരുകയാണ്. ഭക്ഷണനിയന്ത്രണവും വ്യായാമവും ഉണ്ട്. ഒരു കൊല്ലമായി വേഗത്തില്‍ നടന്നാല്‍ മുട്ടിനു താഴെ കാല്‍വണ്ണയില്‍ വേദന തോന്നും. നിന്നാല്‍ മാറും. രക്തസഞ്ചാരം കുറവു വന്നതുകൊണ്ടാണ് വേദന തോന്നുന്നതെന്നും ചില മരുന്നുകള്‍ കഴിച്ചുനോക്കുക എന്നും ഡോക്ടര്‍ പറഞ്ഞു. നാലു മാസം മുമ്പ് കാലില്‍ തള്ളവിരലിന്റെ അടിയില്‍ ഒരു ചെറിയ മുറിവു പറ്റി. തുടക്കം മുതല്‍ ചികിത്സിക്കുന്നുണ്ടെങ്കിലും മുറിവു വലുതായി. രണ്ടു വിരലുകളോ മുട്ടിനു താഴെമുതല്‍ തന്നെയോ മുറിക്കേണ്ട അവസ്ഥയാണ്. വലത്തെ കാലിന്റെ രക്തക്കുഴലിന്റെ ആന്‍ജിയോഗ്രാഫി എടുത്ത് രക്തക്കുഴലില്‍ തടസ്സമുണ്ടെങ്കില്‍ അതു മാറ്റിയാല്‍ ചിലപ്പോള്‍ മുറിക്കാതെ കഴിക്കാമെന്നും പഴുപ്പു വേഗം ഉണങ്ങുമെന്നും പറയുന്നു. ഞാന്‍ എന്തു ചെയ്യണം?

'ഡയബറ്റിക് ഫുട്ട്' എന്ന പ്രത്യേക രോഗാവസ്ഥയുടെ കഥയാണ് നിങ്ങളിപ്പോള്‍ വ്യക്തമാക്കിയത്. പ്രായമായവര്‍ക്കു വരുന്ന പ്രമേഹത്തിന്റെ സുപ്രധാന സങ്കീര്‍ണതയാണിത്. വലിയ രക്തക്കുഴലുകള്‍ക്കും ചെറിയ രക്തധമനികള്‍ക്കും ക്രമേണ തടസ്സം വരാം. നിങ്ങളുടെ വിവരണമനുസരിച്ച് വലിയ രക്തക്കുഴലിലാണ് തടസ്സം സംഭവിച്ചിരിക്കുന്നത്. താഴോട്ടുള്ള രക്തയോട്ടം കുറയുമ്പോള്‍ നിസ്സാരമായ മുറിവുപോലും വലുതായി പഴുപ്പുവരികയും വിരലുകള്‍ക്ക് നിറംമാറി ക്രമേണ നീലനിറത്തിലാവുകയും ചെയ്യും.

ഈ ഘട്ടത്തില്‍ കാലിലേക്കുള്ള രക്തക്കുഴലുകളുടെ ആന്‍ജിയോഗ്രാഫി എടുക്കുകയാണ് നല്ലത്. ചിലപ്പോള്‍ കാലിലേക്കുള്ള രണ്ടു രക്തക്കുഴലുകളും ആരംഭിക്കുന്ന സ്ഥലത്തുള്ള അയോര്‍ട്ട അഥവാ മഹാധമനിയുടെ താഴ്ഭാഗത്തായിരിക്കും തടസ്സം. അതു കണ്ടുപിടിച്ചാല്‍ ആന്‍ജിയോ പ്ലാസ്റ്റിയോ മറ്റ് അനുയോജ്യമായ ചികിത്സയോ ചെയ്യുന്നതായിരിക്കും നല്ലത്. രോഗിയോടും രോഗികളുടെ ബന്ധുക്കളോടും സംസാരിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊടുക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണം. വേണ്ടരീതിയില്‍ അപ്പപ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തില്ലെങ്കില്‍ രോഗിക്ക് പല തെറ്റുധാരണകളും വരും. ഒന്നും പറയാതെ വിരലുകള്‍ മുറിച്ചു, മുട്ടിനു താഴെ മുറിച്ചു എന്നൊക്കെ പലരും പരാതി പറയാറുണ്ട്. പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാം എന്നു പ്രത്യേകം ഓര്‍ക്കുക.


എന്തു കഴിക്കണം?
?എനിക്ക് വയസ്സ് 62. പ്രമേഹം തുടങ്ങിയിട്ട് 20 കൊല്ലമായി. ഇന്‍സുലിന്‍ വേണമെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഇടയ്ക്ക് കുത്തിവയ്പ് എടുക്കും. ചിലപ്പോള്‍ ചില ആയുര്‍വേദ മരുന്നുകള്‍ കഴിക്കും. അതുകൊണ്ട് ഗുണം കാണാറുണ്ട്. ഇപ്പോള്‍ പ്രഷര്‍ കൂടിയിട്ടുണ്ട്. മൂത്രത്തില്‍ ആല്‍ബുമിന്‍ ഉണ്ട്. രക്തത്തില്‍ യൂറിയയും. ക്രിയാറ്റിനിനും കൂടിയുണ്ടത്രെ. വിശപ്പും അത്ര തൃപ്തികരമല്ല. ഞാന്‍ എന്തു ഭക്ഷണമാണ് കഴിക്കേണ്ടത്?

നിങ്ങള്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തുടര്‍ച്ചയായി ചികിത്സിക്കണം. പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിക്കാതിരുന്നാല്‍ രണ്ടു വൃക്കകളും കേടുവരും. മൂത്രത്തില്‍ ആല്‍ബുമിന്‍ കാണുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ഉണ്ടെങ്കില്‍ കൃത്യമായി ചികിത്സിച്ചാല്‍ വൃക്കയ്ക്കു കേടുവരാതെ സൂക്ഷിക്കാന്‍ സാധിച്ചേക്കാം. കുറച്ചൊക്കെ ആല്‍ബുമിന്‍ കാണുകയും യൂറിയ കൂടുകയും ചെയ്യുകയാണെങ്കില്‍ പ്രോട്ടീന്‍ 20 ഗ്രാമില്‍ കൂടുതല്‍ ഒരു ദിവസം കഴിക്കുവാന്‍ പാടില്ല. ഏറ്റവും നല്ലത് പുഴുങ്ങിയ മുട്ടയുടെ വെള്ളയാണ്. പയറുവര്‍ഗങ്ങള്‍ വളരെ ചുരുക്കണം. ബാക്കി പച്ചക്കറികളും ചോറും മതി എന്നുവെക്കണം. ചില ആള്‍ക്കാര്‍ക്ക് രക്തത്തിലെ പൊട്ടാസ്യവും കൂടിയാല്‍ പഴങ്ങളും ചുരുക്കേണ്ടിവരും. ഉപ്പും കുറയ്ക്കുക.

പ്രമേഹരോഗി ഗര്‍ഭിണിയായാല്‍
?എന്റെ പെണ്‍കുട്ടിക്ക് വയസ്സ് 12 ആയി. അതിനു മുമ്പുള്ള കുട്ടിക്കുവേണ്ടി സിസേറിയന്‍ ചെയ്തു. ആണ്‍കുട്ടി ആയിരുന്നു. പക്ഷേ, ഓപ്പറേഷന്‍ കഴിഞ്ഞെടുത്തപ്പോള്‍തന്നെ മരിച്ചിരുന്നു. ഇപ്പോള്‍ പത്തുകൊല്ലമായി പ്രമേഹമാണ്. വേണ്ടതുപോലെ ചികിത്സ ഒന്നും ചെയ്യുന്നില്ല. 10 ആഴ്ച ഗര്‍ഭമുണ്ട്. വേണ്ടരീതിയില്‍ പ്രമേഹത്തിന് ചികിത്സ ചെയ്യാതിരുന്നതുകൊണ്ട് കുഞ്ഞിന് അംഗവൈകല്യമുണ്ടാകാമെന്നും ഗര്‍ഭം എടുത്തുകളയുന്നതാണ് നല്ലതെന്നും പ്രമേഹചികിത്സയ്ക്കുവേണ്ടി സമീപിച്ച ഡോക്ടര്‍ പറഞ്ഞു. അതിനോട് ഞങ്ങളും യോജിച്ചു. പക്ഷേ, ഗൈനക്കോളജിസ്റ്റ് സമ്മതിക്കുന്നില്ല. ഒരാണ്‍കുട്ടിയെ നഷ്ടപ്പെട്ടതല്ലേ, ഒരു കുട്ടികൂടി ആകാം. ഒരു സ്‌പെഷലിസ്റ്റിന്‍ കാണിച്ച് പ്രമേഹം ചികിത്സിക്കുക എന്നായിരുന്നു ഉപദേശം. എന്തു ചെയ്യണം?

പ്രമേഹം നല്ലവണ്ണം നിയന്ത്രണത്തിലാക്കണം. ഇന്‍സുലിന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍തന്നെ കുത്തിവെക്കണം. പോഷകാഹാരം കഴിക്കണം. നല്ലവണ്ണം പ്രമേഹം നിയന്ത്രണത്തിലായാലും ഇന്‍സുലിന്‍ അളവ് ചുരുക്കിക്കൊണ്ടുവരികയല്ലാതെ ഒരിക്കലും നിര്‍ത്തരുത്. ഇപ്പോള്‍ അള്‍ട്രാ സോണോഗ്രാഫി എവിടെയുമുണ്ട്. ഇടയ്ക്കു പരിശോധിച്ച് ഗര്‍ഭസ്ഥശിശുവിന് ശരിയായ വളര്‍ച്ചയുണ്ടോ എന്നും വൈകല്യങ്ങള്‍ വല്ലതും ഉണ്ടോ എന്നും നോക്കാം. ഒന്നുമില്ലെങ്കില്‍ സുഖപ്രസവം ഉണ്ടാവുമെന്നു കരുതി പ്രസവം കഴിയുന്നതുവരെ ഇന്‍സുലിന്‍ കൊണ്ടുതന്നെ നിയന്ത്രിക്കുക.

ആയുര്‍വേദം പരീക്ഷിക്കണോ?
?പ്രമേഹത്തിന് വളരെയധികം ആയുര്‍വേദ മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനു പുറമെ ഒറ്റമൂലിപ്രയോഗങ്ങളും ചിലര്‍ പറഞ്ഞുതരുന്നുണ്ട്. ഇതേക്കുറിച്ച് എന്താണഭിപ്രായം?

ഇത്രയുംകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ അഭിപ്രായം എഴുതുന്നത്. ഇന്‍സുലിന്‍ ചെന്നാലേ രക്തത്തിലെ പഞ്ചസാര കുറയുന്നുള്ളൂ എന്ന സ്ഥിതിയിലും മൂത്രത്തില്‍ പഴുപ്പ്, ശരീരത്തില്‍ പരുക്കള്‍, ശക്തിയായ കൈകാല്‍തരിപ്പ്, അതിയായ ദാഹം, മൂത്രത്തില്‍ അസറ്റോണ്‍ കാണുക എന്നീ അവസ്ഥകളിലും ഇത്തരത്തിലുള്ള ഒറ്റമൂലികളും മറ്റ് നാട്ടുമരുന്നുകളും പരീക്ഷിക്കാതിരിക്കുകയാണ് നല്ലത്.
വളരെയധികം കേന്ദ്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലവത്താണെന്ന് പ്രഖ്യാപിക്കാവുന്ന രീതിയില്‍ ഇതുവരെ ഒന്നും ആയിട്ടില്ല. തടിയുള്ളവര്‍ക്കും വയസ്സായവര്‍ക്കും വരുന്ന പ്രമേഹത്തിന് ഭക്ഷണക്രമത്തോടും വ്യായാമത്തോടും ഒപ്പം ഈ മരുന്നുകള്‍ കഴിച്ചുനോക്കാം. ചിലയിനം ഗൗരവമേറിയതും ചിലത് ഗൗരവം കുറഞ്ഞതുമായിരിക്കും. അവിടെയെല്ലാം ഇതുമാത്രമേ ഉപയോഗിക്കയുള്ളൂ എന്ന നിര്‍ബന്ധം അരുത്. ഡയബെറ്റിക് കോമ, ഹൈപ്പര്‍ ഗ്ലൈസീമിക് കോമ, ഡയബെറ്റിക് കിറ്റോസിസ്, തുടങ്ങിയ സങ്കീര്‍ണ രോഗാവസ്ഥകളില്‍ ഇത്തരം ഒറ്റമൂലികളും നാട്ടുമരുന്നുകളുമായി കഴിയുന്നത് അപകടം വരുത്തിവെച്ചേക്കും.

കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് ജോസ്ലിന്‍ ക്ലിനിക്കിലെ പ്രമേഹവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ബെല്‍ജിയം കോങ്കോവില്‍ ഒരു അന്താരാഷ്ട്ര വര്‍ക്ഷോപ്പ് നടത്തുകയുണ്ടായി. ലോകത്തിലെവിടെയെല്ലാം പ്രമേഹത്തിന് ശമനം കിട്ടുന്ന പച്ചമരുന്നുകളുണ്ടോ അവയെല്ലാം വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഏതാണ്ട് മൂവായിരത്തോളം പച്ചമരുന്നുകള്‍ വിലയിരുത്തിയതില്‍ ഏതാണ്ട് 200 എണ്ണം കുറച്ചൊക്കെ പഞ്ചസാര താഴ്ത്തുന്നതായി കണ്ടു. പക്ഷേ, ലോകവ്യാപകമായ രീതിയില്‍ അതുല്‍പാദിപ്പിക്കാന്‍ പറ്റിയ തരത്തില്‍ അവയ്ക്ക് മാര്‍ക്ക് കിട്ടിയില്ല. മൂന്നെണ്ണം പഞ്ചസാരയെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കുന്നതായും കണ്ടു. ഏതായാലും കുറേക്കൂടി പരീക്ഷണം നടത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. നടന്നു വരുന്നുമുണ്ട്.

വിവാഹം കഴിക്കാമോ?
?എനിക്ക് 24 വയസ്സായി. എട്ടു കൊല്ലമായി പ്രമേഹരോഗിയാണ്. എന്റെ ജോലിയില്‍ അധികം യാത്ര ചെയ്യണം. ഇന്‍സുലിന്‍ സ്വയം കുത്തി വയ്ക്കണം. ക്ഷീണമില്ല. ശരീരം അല്‍പം മെല്ലിച്ചതാണ്. ഇന്‍സുലിനും സിറിഞ്ചും കൂടെ കൊണ്ടുനടക്കുകയാണ്. പെട്ടെന്ന് പഞ്ചസാര താഴ്ന്നുപോകുമോ എന്നു കരുതി അല്‍പം പഞ്ചസാരയും കരുതാറുണ്ട്. വീട്ടുകാര്‍ കല്യാണം കഴിക്കണം എന്നു പറയുന്നു. കഴിക്കാമോ?

=നിങ്ങളെപ്പോലെ ഇന്‍സുലിന്‍ കുത്തിവെക്കുന്ന രോഗികളുടെ പ്രമേഹം ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ചികിത്സാ രേഖകളനുസരിച്ച് പ്രമേഹം ടൈപ്പ് 2 തരം ആയിരിക്കും. ചിലര്‍ക്ക് അത് ചെറുപ്പത്തില്‍ തുടങ്ങും. അപ്പോള്‍ ഇന്‍സുലിന്‍ തന്നെ വേണം. ഇങ്ങനെ കുറെക്കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇന്‍സുലിന്‍ കുറയ്ക്കാനും കുറെക്കഴിഞ്ഞ് ഗുളിക ആക്കാനും സാധിച്ചേക്കും. പ്രമേഹരോഗികള്‍ വേണ്ടതുപോലെ രോഗത്തിന് ശമനം വരുത്തി നിര്‍ത്തിയില്ലെങ്കില്‍ ക്രമേണ ലൈംഗികശക്തി കുറയും. നിങ്ങളുടെ കാര്യത്തില്‍ അതേക്കുറിച്ച് ഭയപ്പെടേണ്ടതില്ല. വളരെ ശുഷ്‌കാന്തിയോടെ നിങ്ങള്‍ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് കല്യാണം കഴിക്കാം. വധുവിനോടും വധുവിന്റെ അച്ഛനമ്മമാരോടും കല്യാണത്തിനു മുമ്പുതന്നെ ഇതറിയിക്കണമെന്നുമാത്രം.

കാഴ്ച മങ്ങുന്നു
?30 വയസ്സ്. കണ്ണിനു മങ്ങലും കൈകാല്‍ തരിപ്പുമായി ഡോക്ടറുടെ അടുത്തു ചെന്നപ്പോഴാണ് പ്രമേഹം ഉണ്ടെന്നു മനസ്സിലായത്. ഇന്‍സുലിന്‍ എടുത്തുതുടങ്ങിയപ്പോള്‍ കാഴ്ച മങ്ങി. ഇന്‍സുലിന് ഇങ്ങനെ ഒരു ദോഷമുണ്ടെന്ന് എന്റെ കൂട്ടുകാര്‍ പറയുന്നു. ശരിയാണോ?

=രക്തത്തില്‍ പഞ്ചസാര കൂടുമ്പോള്‍ കണ്ണിന്റെ ആകെയുള്ള ജലാംശം കുറഞ്ഞ് താല്‍ക്കാലികമായി മയോപ്പിയ ഉണ്ടാകാം. അതുപോലെതന്നെ ഇന്‍സുലിന്‍ വേണ്ട അളവില്‍ചെന്ന് രക്തത്തിലെ പഞ്ചസാര കുറയുമ്പോഴും കണ്ണിന്റെ ജലാംശം അല്‍പമൊന്നു കൂടി താല്‍ക്കാലികമായി ഹൈപര്‍ മെട്രോപ്പിയ വരാം. അതും മങ്ങല്‍ ഉണ്ടാക്കാം. ഈ സമയത്തൊക്കെ കണ്ണട മാറ്റാനോ, വെക്കാനോ ആലോചിക്കണ്ട. പ്രമേഹം വേണ്ടവിധം നിയന്ത്രണത്തിലായാല്‍ കാഴ്ചയൊക്കെ സാധാരണ നിലയില്‍ ആയിക്കൊള്ളും.

വ്യായാമമില്ല
?ഞാന്‍ ജ്വല്ലറി ഉടമയാണ്. ഇരിപ്പുതന്നെ. ഒമ്പതു കൊല്ലമായി പ്രമേഹം. ഭക്ഷണക്രമത്തില്‍ ഒരു ചിട്ടയും അടക്കവും ഇല്ല. എന്തു ചെയ്യണം?

=നിങ്ങളുടെ കാര്യത്തില്‍ ഭക്ഷണത്തേക്കാളും മരുന്നിനേക്കാളും പ്രാധാന്യം വ്യായാമത്തിനു നല്‍കിയേ തീരൂ. ഇന്‍സുലിന്‍ പഞ്ചസാരയെ കരളിന്റെ പേശികളുടെയും മറ്റുമുള്ള കോശങ്ങളിലേക്കു കയറ്റി രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമത്തില്‍ നിലനിര്‍ത്തുന്നു. കാലത്തും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും വേഗത്തില്‍ നടന്നാല്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്ന ഫലം കിട്ടും. അതുകൊണ്ട് നടക്കുക. ഭക്ഷണക്രമം ആലോചിച്ചു വേവലാതി വേണ്ട.

സാധാരണ പല സ്ഥലങ്ങളിലും പ്രമേഹ രോഗികളും ഡോക്ടര്‍മാരും ഡയേറ്റെഷ്യന്മാരും കൂടിച്ചേരുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. അത്തരം ക്ലാസ്സുകളില്‍ പങ്കെടുക്കുക. ഉച്ചയൂണും അവിടെത്തന്നെ ഒരുക്കിയിരിക്കും. ഡോക്ടര്‍മാരും ഡയേറ്റെഷ്യന്മാരും പ്രമേഹരോഗികളും ഓരോ ഇനം എടുക്കുമ്പോള്‍ അതിലുള്ള അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍

ഇവയെല്ലാം ഉണ്ടാക്കുന്ന കലോറി, എന്നിവയൊക്കെ ഡയേറ്റെഷ്യന്‍ പറഞ്ഞുതരും. ഇങ്ങനെ മൂന്നുനാല് മീറ്റിങ് കഴിയുമ്പോള്‍ ഭക്ഷണത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കാം. വികസിത രാജ്യങ്ങളിലുള്ള പ്രമേഹരോഗികള്‍ക്ക് പ്രമേഹ വിദഗ്ദ്ധ നെക്കാളും അറിവുണ്ടായി എന്നു വരാം.

പശുവിന്‍ പാല്‍ കുടിക്കാമോ?
?എനിക്ക് വയസ്സ് 26. പ്രമേഹം തുടങ്ങിയിട്ട് നാലു കൊല്ലമായി. തുടക്കത്തില്‍ ഇന്‍സുലിന്‍ ചെയ്യേണ്ടിവന്നു. ഇപ്പോള്‍ ഒരു ഗുളിക കാലത്തും അര ഗുളിക വൈകുന്നേരവും കഴിക്കുന്നു. രോഗം വളരെ നിയന്ത്രണത്തിലാണ്. ക്ഷീണമില്ല. വീട്ടില്‍ പശുക്കറവയുള്ളതുകൊണ്ട് ഞാന്‍ രണ്ടുമൂന്നു പ്രാവശ്യം പാല്‍ കുടിക്കുന്നുണ്ട്. ഇതറിഞ്ഞപ്പോള്‍ പാല്‍ അധികം വേണ്ട എന്നു ഡോക്ടര്‍ പറഞ്ഞു. ഇതേക്കുറിച്ച വിശദീകരിക്കാമോ?

=കുട്ടികള്‍ക്കുണ്ടാവുന്ന പ്രമേഹത്തെക്കുറിച്ച് ഫിന്‍ലന്‍ഡില്‍ നടത്തിയ ഒരു പഠനത്തില്‍ ഈ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളതിലേറെയും ടൈപ്പ് 1 എന്ന ഉഗ്രരൂപത്തിലുള്ള പ്രമേഹമാണല്ലോ. അവിടങ്ങളില്‍ അത് ചെറുപ്രായത്തില്‍തന്നെ തുടങ്ങുന്നതുകൊണ്ടും കുട്ടികള്‍ കൂടുതല്‍ പശുവിന്‍പാല്‍ കഴിക്കുന്നതുകൊണ്ടുമാണ് ഇത്തരം പഠനം നടത്തിയത്. പശുവിന്‍പാലിലുള്ള പ്രോട്ടീന്‍ ശിശുക്കളില്‍ ചെല്ലുമ്പോള്‍ അതിനെതിരായി ഉണ്ടാവുന്ന ഐ.ജി.എ,

ഐ.ജി.ഇ എന്നീ ആന്റിബോഡി കൂടുന്നുണ്ടെന്നും അത് ചിലപ്പോള്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ഐലറ്റ് സെല്ലുകളെക്കുറച്ചൊക്കെ നശിപ്പിക്കുമെന്നും അങ്ങന പ്രമേഹം ഉണ്ടാകാമെന്നും അഭിപ്രായം വന്നു. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പീഡിയാട്രിക് ആശുപത്രിയില്‍നിന്നാണ് 1993 ഡിസംബറില്‍ ആദ്യത്തെ പഠനം വന്നത്. പിന്നീട് 1994 ഏപ്രിലില്‍ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയുടെ മൈക്രോബയോളജി ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് ഒരു പ്രബന്ധം വന്നു. 1992ലും 1993ലും ഫിന്‍ലന്‍ഡിലുള്ള ഡോക്ടര്‍മാര്‍, ന്യൂ ഇംഗ്ലണ്ട് മാസികയിലും ഇതേക്കുറിച്ച് എഴുതുകയുണ്ടായി. ഏതായാലും ഇതേക്കുറിച്ച് ഇപ്പോള്‍ ഭയപ്പെടാനൊന്നുമില്ല.

അമേരിക്കയിലെ രണ്ടു പ്രസിദ്ധ എന്‍ഡോ ക്രൈനോളജിസ്റ്റുകളായ ഡോ. ലെബിന്‍ഗറും ഡോ. റോബര്‍ട്ട്‌സനും അവരുടെ നാട്ടിലുള്ള കുട്ടികള്‍ക്ക് പശുവിന്‍പാല്‍ വേണ്ടത്ര കൊടുക്കാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 1995ലും 1996ലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. പ്രമേഹം വരാന്‍ സാധ്യതയുള്ള ചിലയിനം എലികളെ തിരഞ്ഞെടുത്ത് കുറെ എണ്ണത്തിന് പശുവിന്‍പാലും കുറെ എണ്ണത്തിന് ആട്ടിന്‍പാലും കൊടുത്തുനോക്കി. രണ്ടിനത്തിനും പ്രമേഹം വരേണ്ട സമയത്തു വന്നു എന്നല്ലാതെ പ്രമേഹത്തെ വേഗത്തില്‍ ഉണ്ടാക്കുകയോ പ്രമേഹം വരാതെ നീട്ടിക്കൊണ്ടുപോകുകയോ ചെയ്തില്ലെന്നതാണ് പഠനഫലം. ന്യൂസിലന്‍ഡിലെ ആര്‍.ബി. എലിയട്ട് എന്ന ശിശുരോഗവിദഗ്ദ്ധ നാണ് പഠനം നടത്തിയത്.

ഇന്‍സുലിന്‍ സ്ഥിരമായി എടുക്കേണ്ടി വരുമോ?
?എനിക്ക് 30 വയസ്സാണ്. തെങ്ങുകയറ്റമാണ് ജോലി. രക്തത്തിലെ പഞ്ചസാര 300ഉം 400ഉം ഒക്കെയാകാറുണ്ട്. ഇന്‍സുലിന്‍ കുത്തിവെക്കണമെന്നൊക്കെ പറയാറുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം വല്ലപ്പോഴുമൊക്കെ ചെയ്യും. ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. ഒരു മാസം മുമ്പ് വല്ലാതെ ക്ഷീണിച്ചു. ദാഹം കൂടി. മൂത്രം നോക്കിയപ്പോള്‍ അസറ്റോണ്‍ ഉണ്ടെന്നും ആശുപത്രിയില്‍ കിടക്കണമെന്നും പറഞ്ഞു. വീട്ടിലെ സാഹചര്യങ്ങള്‍ സമ്മതിക്കാത്തതുകൊണ്ട് കിടന്നില്ല. പൈറ്റ് ദിവസം ബോധമില്ലാതായി. ആശുപത്രിയില്‍ കിടന്നു. ഡയബറ്റിക് കോമ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ രണ്ടുനേരം ഇഞ്ചക്ഷന്‍ ചെയ്യുകയാണ്. ഇങ്ങനെ പോയാല്‍ ഞാന്‍ എന്തു ചെയ്യും?

=ഏതായാലും പൂര്‍ണമായും നിങ്ങള്‍ ഡയബറ്റിക് കോമയിലേക്ക് പോകില്ല. ഡയബറ്റിക് കീറ്റോസിസ് എന്നു പറയാം. പൊതുവെ ഡയബറ്റിക് കോമ നമ്മുടെ നാട്ടില്‍ കുറവാണ്. ടൈപ്പ് 2 എന്ന പ്രമേഹക്കാര്‍ക്ക് മൂത്രത്തില്‍ അസറ്റോണ്‍ വരുന്നതും കുറവാണ്. തീരെ അബോധാവസ്ഥയിലാവുകയാണെങ്കില്‍ പ്രമേഹത്തോടൊപ്പം വരുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്നുംകൂടി നോക്കേണ്ടിവരും. ഇതിനൊക്കെ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറിയത് നന്നായി.

ഇനി വരാതിരിക്കണമെങ്കില്‍ ഇന്‍സുലിന്‍ തന്നെ കുറേ നാളത്തേക്കു ചെയ്യണം. വില കുറഞ്ഞ ഇന്‍സുലിന്‍ പരീക്ഷിച്ചു നോക്കി ഗുണമുണ്ടെങ്കില്‍ അതുതന്നെ മതി. ശരീരമൊക്കെ നന്നായാല്‍ ഇന്‍സുലിന്‍ കുറച്ച് ഗുളികയും ചേര്‍ക്കാം. സ്വന്തമായി ഇഞ്ചക്ഷന്‍ എടുക്കാന്‍ പരിചയിക്കണം. ഇങ്ങനെയുള്ളവര്‍ക്ക് ഇന്‍സുലിനും മരുന്നുകളും കൊടുക്കുവാനുള്ള സംവിധാനങ്ങള്‍ ഡയബറ്റിക് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ചെയ്യാറുണ്ട്.

പ്രമേഹവും ന്യുമോണിയയും
?എനിക്ക് വയസ്സ് 65. പെന്‍ഷന്‍ പറ്റിയ അധ്യാപകനാണ്. 10 കൊല്ലമായി പ്രമേഹം. ഗുളിക കഴിച്ച് നിയന്ത്രിക്കുന്നു. ക്ഷീണമില്ല. ശരീരത്തിന്റെ തൂക്കം ക്രമത്തില്‍ തന്നെ. കുറേ നടക്കും. ഉലുവക്കഞ്ഞിയും കുടിക്കാറുണ്ട്. മൂന്നാഴ്ച മുമ്പ് ചുമയും ശക്തിയായ പനിയും വലത്തെ ചുമലിന് താഴെ വേദനയും അനുഭവപ്പെട്ടു. ആകെ ക്ഷീണിച്ചു. ഒരു ദിവസം കാലത്ത് ഞാന്‍ വിളിച്ചിട്ട് ഉണരുന്നില്ല എന്നു പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്‌സ്‌റേ എടുത്തപ്പോള്‍ ന്യുമോണിയ ഉണ്ടെന്നും രക്തത്തിലെ പഞ്ചസാര 600 ഉണ്ടെന്നും പറഞ്ഞു. മൂത്രത്തില്‍ അസറ്റോണ്‍ കണ്ടില്ല എന്നാണ് അവര്‍ എഴുതിയിരുന്നത്. ഒരാഴ്ചകൊണ്ട് സുഖം കിട്ടി. എന്താണിത്? ഡയബറ്റിക് കോമയല്ലേ?


=നിങ്ങളുടെ രോഗാവസ്ഥയെ 'ഹെപ്പര്‍ ഓസേ്മാളാര്‍ ഹൈപ്പര്‍ ഗ്ലൈസീമിക് കോമ' എന്നു പറയുന്നതായിരിക്കും നല്ലത്. പ്രായമായ പ്രമേഹരോഗികള്‍ക്ക് പെട്ടെന്ന് ന്യുമോണിയ വരുന്നത് മൂത്രത്തില്‍ പഴുപ്പോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാകുമ്പോഴാണ്. ചിലര്‍ക്ക് രക്തത്തിലെ പഞ്ചസാര 1200 വരെ കൂടി കണ്ടിട്ടുണ്ട്. അതിനപ്പുറവും കൂടാമത്രെ. പക്ഷേ മൂത്രത്തില്‍ അസറ്റോണ്‍ ഉണ്ടാവുകയില്ല. കാര്യമായി സംഭവിക്കുന്നത് ശരീരത്തിലെ അഞ്ചാറു ലിറ്ററോളം ജലാംശം നഷ്ടപ്പെടും. അതാണ് ശക്തിയായ ക്ഷീണത്തിനു കാരണം. ഉടനെ ആശുപത്രിയില്‍ കിടത്തി പരിശോധനകള്‍ എല്ലാം നടത്തി ഇന്‍സുലിനും നഷ്ടപ്പെട്ട ജലവും ലവണാംശങ്ങളും വേണ്ടത്ര കൊടുക്കുക. ന്യുമോണിയ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കുക തുടങ്ങിയതൊക്കെ ആശുപത്രിയില്‍ ചെയ്തുകൊള്ളും.

ഉലുവപ്പൊടി കഴിക്കാമോ?
?ആധാരമെഴുത്തുകാരനാണ്. 56 വയസ്സായി. പ്രത്യേകിച്ച് രോഗമൊന്നുമില്ല. കുടുംബത്തില്‍ പ്രമേഹമൊന്നുമില്ല. ശരീരത്തില്‍ ചൊറിച്ചില്‍ തോന്നിയപ്പോള്‍ രക്തവും മൂത്രവും ഒന്നു പരിശോധിച്ചു. മൂത്രത്തില്‍ ഒരു ശതമാനം പഞ്ചസാര കണ്ടു. ഉച്ചയ്ക്ക് ഊണു കഴിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോള്‍ ഷുഗര്‍ 160 കണ്ടു. ഡോക്ടര്‍ പറഞ്ഞത് ഭക്ഷണം ക്രമപ്പെടുത്തുകയും കാലത്തും വൈകുന്നേരവും അര മണിക്കൂര്‍ വേഗത്തില്‍ നടക്കുകയും ചെയ്താല്‍ മതി എന്നാണ്. മരുന്നൊന്നും വേണ്ടത്രെ. കയ്പക്ക നീരും ഉലുവപ്പൊടിയും കഴിച്ചുകൂടേ?


=ഡോക്ടര്‍ പറഞ്ഞ ക്രമങ്ങള്‍ അനുഷുിച്ചാല്‍ മതി. കയ്പക്ക നീര് കുടിക്കുന്നതിന് വിരോധമില്ല. അത്രയ്ക്ക് ശിക്ഷ അനുഭവിക്കേണ്ട കാര്യമുണ്ടോ? കയ്പക്ക കഴിക്കുന്നതും കൊത്തമല്ലി അരച്ചുതേച്ച് പതുക്കെ വാട്ടി കഴിക്കുന്നതും നല്ലതാണ്. വറുത്താല്‍ അതിലുളള വൈറ്റമിനുകള്‍ നഷ്ടപ്പെടും. അതുപോലെതന്നെ കൊത്തവരക്ക, കോവക്ക, പലതരം ചീരകള്‍, അമരക്ക തുടങ്ങിയവയൊക്കെ നല്ലതാണ്. എന്നുവെച്ചാല്‍ പഞ്ചസാര കുറയ്ക്കുന്നവയെന്നര്‍ത്ഥമില്ല.

കൊത്തവരക്കയില്‍ നിന്നെടുക്കുന്ന സെല്ലുലോസും മറ്റും ചേര്‍ത്ത് പ്രമേഹത്തിന് മരുന്നായി ചില കമ്പനികള്‍ ഉണ്ടാക്കുന്നു. വിദേശത്തും ഇത് പരീക്ഷണം നടത്തിയിട്ടുണ്ട്. വയറ്റില്‍ നിന്നു പഞ്ചസാര രക്തത്തിലേക്കു കയറുന്നത് ഇതു കുറെയൊക്കെ തടയും എന്നാണ് പറയുന്നത്. ഉലുവകഴിക്കുന്നവര്‍ ധാരാളമുണ്ട്. ഏതായാലും അതു കുടിക്കുന്നതോടൊപ്പം കുറെയൊക്കെ ഭക്ഷണപഥ്യവും നോക്കുമല്ലോ. അങ്ങനെ കുറച്ചൊക്കെ ഗുണം കിട്ടും.

ഗുളിക ദീര്‍ഘകാലം കഴിക്കാമോ?
?ഞാന്‍ ഡോക്ടര്‍മാര്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നയാളാണ്. അങ്ങനെ ഒരസുഖമൊന്നും തോന്നുന്നില്ല. ഏതാണ്ട് ആറു കൊല്ലമായി ഡയോണില്‍ ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ഒരു ബി.കോംപ്ലക്‌സ് ഗുളികയും കഴിക്കുന്നുണ്ട്. ഈ ഗുളികകളിങ്ങനെ ദീര്‍ഘകാലം കഴിച്ചാല്‍ ദോഷമുണ്ടോ?

=ഏറ്റവും ചെറിയ മാത്രയില്‍ ഗുളിക കഴിച്ച് പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകുന്നത് ശ്ലാഘനീയം തന്നെ. ഇതിന്റെ കൂടെ നിങ്ങള്‍ അനുഷുിക്കുന്ന ഭക്ഷണക്രമവും വ്യായാമവും നല്ല പങ്കു വഹിക്കുന്നുണ്ടാവണം. ഇങ്ങനെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നത് എന്തുകൊണ്ടും നല്ലതാണ്. അര ഗുളികകൊണ്ട് പ്രമേഹം നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നാല്‍ ഗുളികയുടെ ഡോസ് കൂട്ടും. അല്ലെങ്കില്‍ പുതിയ ഗുളികകള്‍ നിര്‍ദ്ദേശിക്കും; അതുമല്ലെങ്കില്‍ ഇന്‍സുലിന് നിര്‍ദ്ദേശിക്കും. ഗുളിക ആവശ്യത്തിന് കഴിച്ചിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്നതാണ് നല്ലത്. വീണ്ടും ഗുളികയുടെ അളവ് കൂട്ടിക്കൊണ്ടുപോയാല്‍ പ്രമേഹം നിയന്ത്രിക്കപ്പെടില്ലെന്നു മാത്രമല്ല മറ്റു തകരാറുകളും ഉണ്ടാവാം.

ഇന്‍സുലിന്‍ എത്രകാലം?
?മൂന്നുകൊല്ലമായി. ഗുളികയും ഗുളികയോടുകൂടിത്തന്നെ ചില പച്ചമരുന്നുകളും കഴിച്ചു. കൈകാല്‍ തരിപ്പിനും കുറവില്ല. രക്തത്തിലെ പഞ്ചസാരയും കുറയുന്നില്ല. ഇന്‍സുലിന്‍ എടുക്കണമെന്നാണ് നിര്‍ദേശം. തുടങ്ങിയാല്‍ ആയുഷ്‌കാലം മുഴുവന്‍ എടുക്കേണ്ടിവരുമെന്ന് കൂട്ടുകാര്‍ പറയുന്നു. എന്തുചെയ്യണം?

=കൂട്ടുകാര്‍ പറയുന്നതു ശരിയല്ല. ടൈപ്പ് 1 ഇനത്തില്‍പെട്ട പ്രമേഹം കണ്ടുപിടിച്ചതുമുതല്‍ ഇന്‍സുലിന്‍ തുടങ്ങണം. അവര്‍ക്ക് ആയുഷ്‌കാലം വേണ്ടിവരും. ഒരു ഡോക്ടറുടെ രണ്ടു കുട്ടികള്‍ക്ക് പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ പ്രമേഹമുണ്ടെന്നു മനസ്സിലായി. അവരുടെ കുടുംബത്തിലാര്‍ക്കും പ്രമേഹമില്ല. ആ നിമിഷംമുതല്‍ രണ്ടുപേരും ഇന്‍സുലിന്‍ എടുക്കുകയാണ്. മൂത്ത ആള്‍ കല്യാണം കഴിച്ച് രണ്ടു കുട്ടികളായി. കുട്ടികള്‍ക്കാര്‍ക്കുമില്ല, പ്രമേഹം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈയിനം പ്രമേഹക്കാര്‍ കൂടുതലാണ്. എല്ലാവരും കുത്തിവെച്ചുകൊണ്ട് സാധാരണക്കാരെപ്പോലെ എല്ലാ ജോലികളും ചെയ്തു നടക്കുന്നു.

ലോകനിലവാരത്തില്‍ എത്തിയ ടെന്നീസ് കളിക്കാരും കായിക വിദ്വാന്മാരും എല്ലാ തുറകളിലും പ്രസിദ്ധരായ വ്യക്തികളും അവിടെയുണ്ട്. ഇത്തരക്കാര്‍ മൂന്നുനേരവും ഇന്‍സുലിന്‍ കുത്തിവെക്കുന്നവരാണ്. അത് ആയുഷ്‌കാലം വേണം. ഇവിടെ രോഗിയുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതേയില്ല. ഇന്‍സുലിന്‍ കൊടുക്കല്‍ മാത്രമാണ് ചികിത്സ. നിങ്ങളുടെത് ടൈപ്പ് 2 എന്ന ഇനമാണ്. ശരീരത്തില്‍ ഇന്‍സുലിനുണ്ട്. അതിന്റെ അളവിലെ പ്രവര്‍ത്തനശക്തി കുറവുവന്നതുകൊണ്ടാണ് പഞ്ചസാര കൂടുതല്‍ ഉണ്ടായത്. ഗുളികകൊണ്ടും മറ്റും കുറഞ്ഞില്ലെങ്കില്‍ ഇന്‍സുലിന്‍ കൊടുക്കല്‍തന്നെയാണ് ഫലപ്രദമായ ചികിത്സ. ഇക്കൂട്ടര്‍ക്ക് കുറേക്കഴിഞ്ഞാല്‍ ഗുളികയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചേക്കും. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ഐലറ്റ് സെല്ലുകള്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.

പഞ്ചസാര വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ഐലറ്റ് സെല്ലുകള്‍ ശക്തി ക്ഷയിച്ച് ചിലപ്പോള്‍ കുറേയൊക്കെ നശിച്ചുപോയെന്നും വരും. ഇതിനു വഴികൊടുക്കാതെ കുറച്ചുനാളത്തേക്ക് ഇന്‍സുലിന്‍ കൊടുത്താല്‍ ആ സെല്ലുകള്‍ക്ക് വിശ്രമം കിട്ടുകയും കുറേക്കഴിഞ്ഞാല്‍വെക്കുന്നവരാണ്. അത് ആയുഷ്‌കാലം വേണം. ഇവിടെ രോഗിയുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതേയില്ല. ഇന്‍സുലിന്‍ കൊടുക്കല്‍ മാത്രമാണ് ചികിത്സ. നിങ്ങളുടെത് ടൈപ്പ് 2 എന്ന ഇനമാണ്. ശരീരത്തില്‍ ഇന്‍സുലിനുണ്ട്. അതിന്റെ അളവിലെ പ്രവര്‍ത്തനശക്തി കുറവുവന്നതുകൊണ്ടാണ് പഞ്ചസാര കൂടുതല്‍ ഉണ്ടായത്. ഗുളികകൊണ്ടും മറ്റും കുറഞ്ഞില്ലെങ്കില്‍ ഇന്‍സുലിന്‍ കൊടുക്കല്‍തന്നെയാണ് ഫലപ്രദമായ ചികിത്സ. ഇക്കൂട്ടര്‍ക്ക് കുറേക്കഴിഞ്ഞാല്‍ ഗുളികയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചേക്കും.

രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ഐലറ്റ് സെല്ലുകള്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. പഞ്ചസാര വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ഐലറ്റ് സെല്ലുകള്‍ ശക്തി ക്ഷയിച്ച് ചിലപ്പോള്‍ കുറേയൊക്കെ നശിച്ചുപോയെന്നും വരും. ഇതിനു വഴികൊടുക്കാതെ കുറച്ചുനാളത്തേക്ക് ഇന്‍സുലിന്‍ കൊടുത്താല്‍ ആ സെല്ലുകള്‍ക്ക് വിശ്രമം കിട്ടുകയും കുറേക്കഴിഞ്ഞാല്‍
പ്രവര്‍ത്തനക്ഷമത കൂടുകയും ചെയ്യാം. അതുകൊണ്ട് നിങ്ങളുടെ കാര്യത്തില്‍ ഇന്‍സുലിന്‍ ആയുഷ്‌കാലം ചെയ്യണം എന്ന പേടി വേണ്ട.

ചികിത്സ തുടങ്ങണോ?
?ഞാന്‍ ഒരു വക്കീലാണ്. 55 വയസ്സ്. വിശ്രമം കുറവാണ്. ജ്യേഷുന് പ്രമേഹം ഉണ്ട്. എനിക്ക് ഈയിടെ ഉണ്ടെന്ന് മനസ്സിലാക്കി. ഡോക്ടര്‍ പരിശോധിച്ചു. ഗൗരവമുള്ളതല്ല. ഭക്ഷണക്രമവും, വ്യായാമവും ചെയ്തുനോക്കി. കുറവില്ലെങ്കില്‍ ഗുളിക മതിയെന്നാണ് പറഞ്ഞത്. പലതും ചെയ്തു തീര്‍ക്കാനുണ്ട്. ഇന്‍സുലിന്‍ എടുക്കാനും ഞാന്‍ തയ്യാറാണ് എന്തു ചെയ്യണം?

=നിങ്ങളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതാണ് ശരി. കുറച്ചു ദിവസം നടപ്പും ഭക്ഷണക്രമവും നോക്കി രണ്ടു മൂന്നാഴ്ചയ്ക്കകം പഞ്ചസാര കുറയുന്നില്ലെങ്കില്‍ ഗുളിക മതി. വേറേ ദാഹമോ മൂത്രക്കൂടുതലോ കൈകാല്‍ തരിപ്പോ ഒന്നും തന്നെയില്ല, സ്വതവേയുള്ള തടിക്കു കുറവുമില്ല. അതുകൊണ്ട് രണ്ടു മൂന്നാഴ്ച നോക്കി മൂത്രത്തിലും രക്തത്തിലും വീണ്ടും കൂടിത്തന്നെ നില്‍ക്കുകയാണെങ്കില്‍ ഗുളിക തുടങ്ങിയാല്‍ മതി. കൈകാല്‍ തരിപ്പ്, മൂത്രത്തില്‍ പഴുപ്പ്, ശരീരത്ത് വ്രണങ്ങള്‍ തുടങ്ങിയ ഉപദ്രവരോഗങ്ങള്‍ വരുമ്പോഴും ഗുളിക കഴിച്ചിട്ടും ശരീരക്ഷീണം തുടര്‍ന്നാലും ഇന്‍സുലിന്‍തന്നെ വേണ്ടിവരും.

ഇന്‍സുലിന്‍ സ്വയം എടുക്കുക
?ഞാനൊരു പലചരക്കു കടയിലെ ജീവനക്കാരനാണ്. 30 വയസ്സേയുള്ളൂ. കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായി. ഒരുമാസമായി ഷുഗര്‍ കണ്ടുതുടങ്ങിയിട്ട്. ലിംഗത്തിന്റെ അറ്റത്തുള്ള ചര്‍മം മുഴുവന്‍ വിണ്ടുകീറി വേദനയും പഴുപ്പും ഉണ്ട്. ഇന്‍സുലിന്‍ രണ്ടുനേരവും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഒരു ക്ലിനിക്കില്‍ പോയി ഇന്‍ജെക്ഷന്‍ എടുക്കുകയാണ്. സ്വയം ഇന്‍ജെക്ഷന്‍ എടുക്കുന്ന രീതി പഠിപ്പിച്ചുതരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എന്തു ചെയ്യണം?

=ഏതായാലും ഇന്‍സുലിന്‍ രണ്ടുനേരംതന്നെ ചെയ്യണം. സ്വന്തമായി ചെയ്യാന്‍ പഠിച്ചാല്‍ നല്ലകാര്യമായി. ആരുടെയും മുന്നില്‍ പോയി കാത്തുനില്‍ക്കേണ്ടല്ലോ. ഇന്‍സുലിന്‍പെന്‍ പോലുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സ്വന്തമായി ചെയ്യാന്‍ തുടങ്ങിയാല്‍ ക്രമേണ നിങ്ങള്‍ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ആഗ്രഹമുള്ളവനാകും. അതോടെ രോഗത്തോടുള്ള പേടി മാറും. ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ രോഗി ജ്ഞാപകനായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സ്വന്തം രോഗത്തെക്കുറിച്ചു മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവു സമ്പാദിച്ചിരിക്കണം.

ഇന്‍സുലിന്‍ എടുത്തിട്ടും അസ്വസ്ഥതകള്‍
?ആറുമാസമായി ഇന്‍സുലിന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യം രക്തത്തിലെ പഞ്ചസാര വളരെ കൂടുതലായതു കാരണം ഇന്‍സുലിന്‍ മൂന്നുനേരം ഭക്ഷണത്തിനു മുമ്പ് എടുത്തിരുന്നു. ഒരുമാസംകൊണ്ട് വളരെ ആശ്വാസം തോന്നുകയും പഞ്ചസാര കുറയുകയും ചെയ്തപ്പോള്‍ ഇന്‍സുലിന്‍ കാലത്ത് 30 യൂണിറ്റും രാത്രി ഭക്ഷണത്തിനു മുമ്പ് 20 യൂണിറ്റുമാക്കി. ഞാന്‍ ഉച്ചയ്ക്ക് 12.30നാണ് ഊണുകഴിക്കുന്നത്. എന്നാല്‍ 11 മണിയോടെ വിയര്‍ക്കുകയും ക്ഷീണംതോന്നുകയും ചെയ്യും. അതുപോലെ രാത്രി 12 മണിക്ക് വിയര്‍ത്ത് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ആ സമയത്ത് അല്‍പം പഞ്ചസാര ചേര്‍ത്ത് എന്തെങ്കിലും കഴിക്കാനാണ് ഉപദേശം. ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതരാമോ?

=നിങ്ങള്‍ക്ക് 11 മണിയോടെ വിയര്‍പ്പും ക്ഷീണവും തോന്നുന്നത് ആ സമയത്ത് രക്തത്തിലെ പഞ്ചസാര കുറയുന്നതുകൊണ്ടായിരിക്കും. പെട്ടെന്നു വേണ്ടത് അല്‍പം പഞ്ചസാര ചേര്‍ത്ത് കാപ്പിയോ ചായയോ ചെറുനാരങ്ങവെള്ളമോ ആണ്. എന്നും ഇങ്ങനെ ചെയ്യുന്നതിലും നല്ലത് 10.30ഓടെ രണ്ടു ബിസ്‌കറ്റും ഒപ്പം ഒരു കപ്പ് കാപ്പിയോ ചായയോ കൂടി കഴിക്കുന്നതായിരിക്കും. അതുപോലെ കിടക്കാന്‍നേരത്ത് ഒരു കപ്പ് പാലും കുടിക്കാം. അപ്പോള്‍ രാത്രി 12മണിക്കു വരുന്ന വിഷമവും മാറും. ഇങ്ങനെ ക്രമപ്പെടുത്തി പഞ്ചസാര വീണ്ടും കുറയുന്ന മട്ടിലാണെങ്കില്‍ രാത്രി ഇന്‍സുലിന്‍ ചെയ്യുന്നത് നിര്‍ത്താം. ക്രമേണ കാലത്തെടുക്കുന്നതിന്റെ അളവും ചുരുക്കാം.

ന്യൂറോപ്പതി
?വയസ്സ് 76. ആറരയടി പൊക്കം. തൂക്കം 65 കിലോ. പല രോഗങ്ങളും വന്നിട്ടുണ്ട്. വസൂരി, ചിക്കന്‍പോക്‌സ്, ബ്രോങ്കൈറ്റിസ് തുടങ്ങിയവ. ഇപ്പോള്‍ പെരിഫറല്‍ ന്യൂറോപ്പതി എന്നൊരു രോഗം ബാധിച്ചിരിക്കുന്നു. കാല്‍പ്പാദത്തില്‍ വല്ലാത്ത മരവിപ്പാണ്. നടക്കുമ്പോള്‍ ബാലന്‍സ് കിട്ടുന്നില്ല. ഇത് എന്തു രോഗമാണ്

=പ്രമേഹരോഗം നിയന്ത്രിക്കാതെ തുടരുന്നവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇത്തരം ന്യൂറോപ്പതി കാണാറുണ്ട്. സെന്‍സറി മോട്ടോര്‍ ന്യൂറോപ്പതി എന്നാണ് നിങ്ങളുടെ പരിശോധനാ ഫലങ്ങളില്‍ കാണുന്നത്. ഓസ്റ്റിയോ പൊറോസിസ് എന്ന അസ്ഥിഭംഗത്തിന്റെ ലക്ഷണമുള്ളതായും കാണുന്നു. രോഗം കൃത്യമായി നിര്‍ണയിക്കുന്നതിന് നെര്‍വ് ബയോപ്‌സി എന്ന പരിശോധന ആവശ്യമാണ്. ന്യൂറോളജിസ്റ്റിന്‍ കണ്ട് ചികിത്സാകാര്യങ്ങള്‍ തീരുമാനിക്കുകയാണ് വേണ്ടത്. പ്രമേഹം കര്‍ശനമായി നിയന്ത്രിക്കുകയും ഭക്ഷണം, ജീവിതക്രമം, വ്യായാമം എന്നിവയിലൊക്കെ ചിട്ട പുലര്‍ത്തുകയും വേണം.

ക്ഷീണം മാറുന്നില്ല
?ആറുമക്കളുടെ അമ്മയാണ്. 54 വയസ്സായി. 10 കൊല്ലമായി പ്രമേഹം. അന്നുമുതല്‍ ഇന്‍സുലിന്‍ കുത്തിവെക്കുകയാണ്. കൈകാല്‍തരിപ്പും വേദനയും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നുകൊല്ലമായി വിലകൂടിയ ഇന്‍സുലിനാണ് എടുക്കുന്നത്. മൂത്രത്തില്‍ പഞ്ചസാര അല്‍പം കൂടുതല്‍ കണ്ടാല്‍ അത് മാറുന്നതുവരെ ഞാന്‍ കഴിക്കുന്ന ഭക്ഷണം വീണ്ടും കുറയ്ക്കും. പഞ്ചസാരയൊക്കെ കുറവുണ്ടെങ്കിലും കാര്യമായിട്ടുള്ളത് ക്ഷീണമാണ്. എന്തിനിങ്ങനെ ജീവിക്കണമെന്നുപോലും തോന്നിപ്പോകാറുണ്ട്. ഞാന്‍ എന്തു ചെയ്യണം?

=ഇത്രയും നിഷ്‌കര്‍ഷയോടെ നിങ്ങള്‍ പ്രമേഹം ചികിത്സിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെങ്കിലും ഇരിക്കുന്നത്. മൂത്രത്തിലെയും രക്തത്തിലെയും പഞ്ചസാര എങ്ങനെയെങ്കിലും കുറയ്ക്കണം എന്ന തീരുമാനത്തില്‍ വളരെയധികം ഭക്ഷണം നിയന്ത്രിക്കുന്നതായിട്ടാണ് നിങ്ങളുടെ എഴുത്തില്‍ കാണുന്നത്. പ്രോട്ടീനും ലവണാംശങ്ങളും വൈറ്റമിനുകളും മറ്റും കൂടുതല്‍ ചെല്ലണം. ചോറ് മൂന്നു കപ്പെങ്കിലും ദിവസവും കഴിക്കണം. ബാക്കിയുള്ള പോഷകഘടകങ്ങളും ഭക്ഷണവും വേണ്ടുവോളം ചെല്ലണം. മൂത്രത്തിലും രക്തത്തിലും പഞ്ചസാര കൂടുതല്‍ കണ്ടു എന്നുകരുതി ഭക്ഷണം പിന്നെയും ചുരുക്കരുത്. നേരെമറിച്ച് ഇന്‍സുലിന്‍ കൂട്ടണം. ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ച് ഉപദേശം തേടണം.

അവലംബം:: മാതൃഭൂമി ആരോഗ്യമാസിക


SocialTwist Tell-a-Friend