14
Nov
2013

പ്രമേഹമുണ്ടെങ്കില്‍ ദന്തരോഗങ്ങളും വില്ലനാകാം

പ്രമേഹരോഗം ആര്‍ക്കും എപ്പോഴും വന്നേക്കാം. കാരണം ജീവിതശൈലി മാറി; ഭക്ഷണക്രമം മാറി. എല്ലാം ആധുനികം. ചെറുപ്പമെന്നോ മധ്യവയസ്‌കരെന്നോ വ്യത്യാസമില്ലാതെ പ്രമേഹരോഗിയായി നീങ്ങുന്ന അവസ്ഥ.

പ്രമേഹം ശരീരത്തിലെ പല അവയവങ്ങളില്‍ എന്നപോലെത്തന്നെ ദന്തരോഗങ്ങള്‍ക്കും മോണസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകാറുണ്ടെന്ന് പ്രമുഖ ദന്ത ഡോക്ടറും കൊല്ലം നഗരത്തിലെ ശ്രീശ്രീ സായി ദന്തല്‍ ക്ലിനിക്കിലെ മേധാവിയുമായ ഡോ. ജനാര്‍ദനന്‍ കുമ്പളത്ത് ചൂണ്ടിക്കാട്ടുന്നു.

പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളായ ക്ഷീണം, ഉത്സാഹക്കുറവ്, ദാഹം, ധാരാളം മൂത്രവിസര്‍ജനം മുതലായവ കൂടാതെ ദന്തങ്ങള്‍ക്കും അവയ്ക്കുചുറ്റുമുള്ള മോണയ്ക്കും എല്ലുകള്‍ക്കും ഒക്കെ പ്രമേഹം തകരാറുകള്‍ ഉണ്ടാക്കും. പ്രായപരിഗണനകള്‍ക്ക് അതീതമായി പ്രമേഹരോഗികള്‍ക്ക് മോണകള്‍ക്കും പെരിഡോണ്‍ഷ്യം (പല്ലിനെ ഉറപ്പിച്ചുനിര്‍ത്തുന്ന അസ്ഥിയും ഇലാസ്റ്റിക് പേശികളും) എന്നിവയ്ക്കും ഇന്‍ഫക്ഷന്‍ (പഴുപ്പ്) ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. പല്ലിനു ചുറ്റുമുള്ള എല്ലുകള്‍ ദ്രവിച്ചുപോകുവാനും അതുമൂലം പല്ലിന്റെ ഉറപ്പിന് കോട്ടം സംഭവിക്കുവാനും ഇടയാകുന്നു.

പ്രമേഹം നിയന്ത്രണാധീനമാകാത്ത അവസ്ഥയില്‍ മോണകളുടെ ഇടയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും മോണയ്ക്ക് പല്ലിലുണ്ടായിരുന്ന പിടിത്തം നഷ്ടമാവുകയും ചെയ്യും. ഇതുമൂലം പല്ലിന് ഇളക്കമുണ്ടാകുകയും അവ ചിലപ്പോള്‍ താനെ കൊഴിഞ്ഞുപോവുകയും ചെയ്യാം. പ്രമേഹരോഗികളില്‍ മോണയും പല്ലും തമ്മില്‍ യോജിക്കുന്ന സ്ഥലത്തുണ്ടാകുന്ന പോക്കറ്റില്‍ ആഹാരാവശിഷ്ടങ്ങള്‍ തങ്ങുകയും അവയില്‍ ധാരാളം ബാക്ടീരിയകളും മറ്റും വിവിധ തരത്തിലുള്ള ഇന്‍ഫക്ഷനുകള്‍ ഉണ്ടാക്കുവാന്‍ സഹായിക്കും. പ്രധാനമായും പയോറിയ ജിന്‍ജിവൈറ്റിസ്, പെരിയോഡോണ്‍ടൈറ്റിസ്, ആല്‍വിയോലൈറ്റിസ്, ആബ്‌സസ്സ്, സിസ്റ്റ് എന്നിവയുണ്ടാക്കാനിടയാകും.

പ്രമേഹം മൂര്‍ച്ഛിച്ച രോഗികളില്‍ ഉമിനീരിന്റെ ഒഴുക്ക് കുറഞ്ഞ് കവിളുകള്‍ക്കുള്ളിലും നാക്കിലും പുകച്ചിലും നീറ്റലും ചിലപ്പോള്‍ അള്‍സറുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഉമിനീരിന്റെ കുറവുമൂലം ചില പൂപ്പല്‍രോഗങ്ങള്‍ കണ്ടുവരാറുണ്ട്. പല്ലുകളില്‍ കേടുണ്ടാവുക, പുഴുക്കുത്തുണ്ടാവുക എന്നുള്ളത് സാധാരണമാണ്. ശരിയായ ചികിത്സകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാത്തവരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്‍ഫക്ഷനുകളുടെ കാഠിന്യം ഒരു സാധാരണ രോഗിയെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കൂടിയ അവസ്ഥയിലായിരിക്കും.

മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാതെയിരിക്കുക, മോണയ്ക്ക് തടിപ്പും നീരും ഉണ്ടാവുക, ചെറിയ മര്‍ദം അനുഭവപ്പെട്ടാല്‍ പോലും മോണയില്‍നിന്ന് ചോര പൊടിയുക, മോണയ്ക്ക് കടും ചുവപ്പുനിറം വരുക, മോണയുടെ വിടവിലൂടെ പഴുപ്പ് വരിക, വേദനയും ചിലപ്പോള്‍ പനിയും ഇതിനോട് ബന്ധപ്പെട്ട് ഉണ്ടാകാം.

പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാക്ക്, കാല്‍ക്കുലസ് എന്നിങ്ങനെയുള്ളവ പ്രമേഹരോഗികളില്‍ മോണരോഗങ്ങള്‍ക്കുള്ള സാധ്യത പതിന്മടങ്ങു വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ അനിയന്ത്രിതമായി പ്രമേഹമുള്ള രോഗികളില്‍ പല്ലുകള്‍, മോണരോഗം മൂര്‍ച്ഛിച്ച് ബലം നഷ്ടപ്പെട്ടോ വേദനയും പഴുപ്പും കാരണം എടുത്തുമാറ്റപ്പെട്ടോ നഷ്ടപ്പെടുന്നതായി കാണാം.

തുടക്കത്തിലേ തന്നെ പ്രമേഹരോഗി തന്റെ പല്ലുകളും മോണയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വായ്ക്കുള്ളിലെ ഇന്‍ഫക്ഷന്‍ വരാതെ സൂക്ഷിക്കുന്നതുകൊണ്ട് പല്ലിന്റെ ആയുസ്സ് കൂട്ടിയെടുക്കുവാന്‍ രോഗിക്ക് സാധിക്കും. ഒരു ഫിസിഷ്യന്റെ സഹായത്തോടെ പ്രമേഹത്തിനുവേണ്ട മരുന്നുകള്‍ കഴിക്കുകയോ അല്ലെങ്കില്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്ന രീതിയില്‍ ചികിത്സ തുടരുകയോ ഒക്കെ ചെയ്യണം. സ്വയം ചികിത്സയും വിട്ടുവിട്ടുള്ള ചികിത്സയും ഗുണത്തെക്കാള്‍ രോഗിക്ക് ദോഷം ചെയ്യും എന്നോര്‍ക്കുക. ചികിത്സിക്കാത്ത മോണരോഗങ്ങള്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധാവസ്ഥ വര്‍ധിപ്പിക്കുകയും ഇത് പ്രമേഹരോഗം കൂടുതല്‍ വഷളാകുവാന്‍ ഇടയാക്കുകയും ചെയ്യും.

സേ്കലിങ്, ക്ലീനിങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചികിത്സകൊണ്ട് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളും ബാക്ടീരിയല്‍കോളനികളും മാറ്റപ്പെടുകയും അതുമൂലം ഇന്‍ഫക്ഷനുള്ള സാധ്യതകള്‍ ഒരളവുവരെ കുറയ്ക്കുവാനും കഴിയും.
വര്‍ഷത്തില്‍ ഒരു പ്രാവശ്യം വീതമെങ്കിലും ക്ലീനിങ് ചെയ്യണം. ദിവസവും ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും ബ്രഷ് ചെയ്ത് ദന്തശുചീകരണം വരുത്തണം.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയുന്നതുമൂലം ചില രോഗികള്‍ക്ക് ക്ഷീണം, വിറയല്‍, തലചുറ്റല്‍, തണുപ്പ്, നെഞ്ചിടിപ്പ് വര്‍ധിക്കുക, ചെറിയ ബോധക്ഷയം എന്നിവയും സംഭവിക്കാം. ഈ പ്രശ്‌നങ്ങളും ദന്തിസ്റ്റ് മുന്‍കൂട്ടി കണ്ടിരിക്കേണ്ടതാണ്. ദന്തക്ഷയം സംഭവിച്ച പല്ലുകള്‍ അടച്ചു സംരക്ഷിക്കുക, ആറുമാസത്തിലൊരിക്കല്‍ ദന്തിസ്റ്റിനെ കാണുക, വര്‍ഷംതോറും ഓറല്‍ പ്രൊഫൈലാക്‌സിസ് (ക്ലീനിങ്) ചെയ്യുക, ഇന്‍ഫക്ഷന്‍ വരാതെ മോണകള്‍ സൂക്ഷിക്കുക എന്നിവ രോഗിയുടെ കര്‍ത്തവ്യമാണ്. ധാരാളം സര്‍ജിക്കല്‍ ചികിത്സാരീതികളും നിലവിലുണ്ട്.

ബിജുപാപ്പച്ചന്‍


SocialTwist Tell-a-Friend