14
Nov
2013

പൊണ്ണത്തടി

പാരമ്പര്യം
പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാണ്. അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത 90 മുതല്‍ 100 വരെ ശതമാനമാണ്. അച്ഛന്‍, അമ്മ എന്നിവരില്‍ ഒരാള്‍ക്കും മറ്റേയാളുടെ അടുത്ത ബന്ധുക്കള്‍ക്കും പ്രമേഹമുണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത 75-80 ശതമാനമാണ്. അച്ഛനോ അമ്മയേ്ക്കാ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മക്കള്‍ക്കു പ്രമേഹം വരാനുള്ള സാധ്യത 40-45 ശതമാനത്തോളമാണ്.

പൊണ്ണത്തടി
ടൈപ്പ് 2 ഡയബറ്റിസിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. പലതരത്തിലാണ് പൊണ്ണത്തടി പ്രമേഹത്തെ സ്വാധീനിക്കുന്നത്. ശരീരഭാരം കൂടുന്നതനുസരിച്ച് ഉപാപചയപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരും. എന്നാല്‍ ഭാരം കൂടുന്നതനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ല. തടി കൂടിയവരുടെ ശരീരത്തില്‍ കാണുന്ന വലിയ കൊഴുപ്പുകോശങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പലപ്പോഴും ഇന്‍സുലിനു കഴിയാതെ വരും. അങ്ങനെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയുന്നത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങളില്‍ തടി കുറയ്ക്കുന്നതുകൊണ്ടുതന്നെ വലിയൊരളവോളം രോഗനിയന്ത്രണവും സാധിക്കും.

ചെറുപ്പം മുതലേ തടിയുടെ കാര്യം ശ്രദ്ധിക്കേണ്ടതാണ്. വണ്ണമുള്ള കുട്ടികളാണ് വളര്‍ച്ചയുള്ളവര്‍ എന്നു കരുതുന്നത് ശരിയല്ല. ഓരോ പ്രായത്തിലും വേണ്ട ഉയരത്തിനനുസരിച്ച് ശരീരഭാരം ഉണ്ടോ എന്നാണ് നോക്കേണ്ടത്. ഉയരത്തിനാനുപാതികമായി വേണ്ടതിനേക്കാള്‍ അധികം തൂക്കം വെക്കാതിരിക്കാനാണ് നോക്കേണ്ടത്. തൂക്കക്കൂടുതലും പൊണ്ണത്തടിയും പില്‍ക്കാലത്ത് പ്രമേഹം വരുത്തിവെക്കാനുള്ള സാധ്യത കൂട്ടും. താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവര്‍ക്കിടയിലും നഗരവാസികള്‍ക്കിടയിലും കുട്ടികളിലെ പൊണ്ണത്തടി വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി പോലുള്ള നഗരങ്ങളിലെ സ്‌കൂള്‍ കുട്ടികളില്‍ അഞ്ചിലൊന്നുപേരും പൊണ്ണത്തടിയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നു എന്നു അടുത്ത കാലത്തു നടന്ന ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളില്‍ ഇന്നത്തെ പൊണ്ണത്തടി നാളത്തെ പ്രമേഹമായി കണക്കാക്കാവുന്നതാണ്. കേരളീയരില്‍ കൂടുതലായി കാണുന്ന മറ്റൊന്നാണ് കുടവയര്‍. അടിവയറിനു ചുറ്റുമായി കൊഴുപ്പ് കൂടുതലായി അടിയുന്നതാണ് കുടവയര്‍ ഉണ്ടാകാന്‍ കാരണം. ഇത് സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. തുടകളിലും ചന്തികളിലുമൊക്കെ കൊഴുപ്പ് അടിയുന്നതും അരക്കെട്ടിനു ചുറ്റും വയറിനു മുന്‍ഭാഗത്തും കൊഴുപ്പടിയുന്നതും വ്യത്യസ്ത ഇനം പൊണ്ണത്തടികളായാണ് കണക്കാക്കുന്നത്. കേരളീയരില്‍ വ്യാപകമായ കുടവയര്‍ പ്രമേഹത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ്.

ഭക്ഷണശീലങ്ങളിലെ സവിശേഷതകളും വ്യായാമക്കുറവുമാണ് ഇത്തരം കുടവയറിനു കാരണം. 30-35 വയസ്സിനകംതന്നെ നമ്മുടെ യുവാക്കള്‍ കുടവയറുള്ളവരായിത്തീരുന്നു. കേരളത്തില്‍ പ്രമേഹം വ്യാപകമാകുന്നതിന്റെ ഒരു പ്രധാന കാരണവും സൂചനയുമാണ് നമ്മുടെ യുവാക്കളിലും മധ്യവയസ്‌കരിലും കാണുന്ന കുടവയര്‍.


SocialTwist Tell-a-Friend