14
Nov
2013

നിയന്ത്രണം തന്നെ ചികില്‍ത്സ

പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം രോഗനിയന്ത്രണമാണ്. ചിട്ടയായ ജീവിതക്രമവും ഭക്ഷണനിയന്ത്രണവുമാണ് ഇതില്‍ പ്രധാനം. ക്രമമായ വ്യായാമം ഒഴിവാക്കാനേ പറ്റില്ല. ശരിയായ നിയന്ത്രണം പാലിക്കുന്നവര്‍ക്ക് മരുന്നിന്റെ അളവ് വളരെയധികം കുറച്ചുകൊണ്ടുവരാന്‍ കഴിയും. പ്രമേഹമുള്ളവര്‍ കൃത്യമായി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കണം. യഥാസമയം ഡോക്ടറെ കണ്ട് ഉപദേശം തേടുകയും വേണം. അങ്ങനെയെങ്കില്‍ വളരെയേറെക്കാലം ഒരു പ്രശ്‌നവുമില്ലാതെ സുഖമായി കഴിയാം

അഥര്‍വവേദകാലം മുതല്‍ പ്രമേഹത്തെക്കുറിച്ചുള്ള വിജ്ഞാനം ഇന്ത്യയില്‍ പ്രചരിച്ചിരുന്നു. ആസ്രാവം എന്നാണ് അന്നു പ്രമേഹത്തെ പറഞ്ഞിരുന്നത്. മുളയുടെ അരിയാണ് പ്രമേഹരോഗികള്‍ക്ക് ഭക്ഷണമായി നിര്‍ദേശിച്ചിരുന്നത്. പ്രമേഹത്തിന് ഫലപ്രദമായ ഒരു മരുന്ന് ഉണ്ടായിരുന്നുവെന്നും അസുരന്മാര്‍ അത് നശിപ്പിച്ചുകളഞ്ഞുവെന്നും പറയുന്നു.

ക്രിസ്തുവിനു നാനൂറോളം വര്‍ഷം മുന്‍പ് രചിച്ച ചരകസംഹിതയിലും പ്രമേഹത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മന്ദോത്സാഹം അതിസ്ഥൂലം
അതിസ്‌നിഗ്ധം മഹാശനം
മൃത്യുഃ പ്രമേഹ രൂപേണ
ക്ഷിപ്രമാദായഗച്ഛതി-എന്നാണ് ചരകാചാര്യന്‍ പറയുന്നത്

വ്യായാമമില്ലാതെ ജീവിക്കുന്നവര്‍, അമിതഭക്ഷണം കഴിക്കുന്നവര്‍, സ്‌നിഗ്ധത കൂടിയ ആഹാരം കഴിക്കുന്നവര്‍, അമിതവണ്ണമുള്ളവര്‍ എന്നിവരെയൊക്കെ പ്രമേഹം, മൃത്യുവിന്റെ രൂപത്തില്‍ വന്നു പെട്ടെന്നു കൊണ്ടുപോകും എന്നര്‍ഥം. മൂത്രത്തില്‍ പഞ്ചസാര കാണുന്ന സ്ഥിതിയിലെത്തുമ്പോള്‍, പ്രമേഹം ശരീരധാതുക്കളെ മുഴുവന്‍ വികൃതമാക്കിക്കഴിഞ്ഞു എന്നു മനസ്സിലാക്കണമെന്നാണ് ചരകാചാര്യന്റെ നിര്‍ദ്ദേശം. പൊണ്ണത്തടി പ്രമേഹത്തിന്റെ ഒരു മുഖ്യകാരണമായി ചരകാചാര്യന്‍ വിവരിക്കുന്നുണ്ട്. പൊണ്ണത്തടിയുള്ള പ്രമേഹരോഗികള്‍ക്കു വിധിക്കുന്ന ചികിത്സകള്‍ സവിശേഷതയാര്‍ന്നവ തന്നെ.

ചെരിപ്പും കുടയുമില്ലാതെ ഒരു മുനിയെപ്പോലെ ആയിരം യോജന നടക്കാനാണു നിര്‍ദ്ദേശം. അല്ലെങ്കില്‍ തനിയെ ഒരു തടാകം കുഴിക്കാന്‍. പൊണ്ണത്തടിയന്മാരുടെ പ്രധാന പ്രശ്‌നം വ്യായാമക്കുറവാണെന്നും വ്യായാമം തന്നെയാണ് ഉത്തമചികിത്സയെന്നും ആചാര്യന്‍ തിരിച്ചറിഞ്ഞിരുന്നു എന്നു വ്യക്തം. ചികിത്സകള്‍ കൊണ്ടു പ്രയോജനം കിട്ടാത്ത രോഗികള്‍ക്ക് ചരകാചാര്യര്‍ നല്‍കുന്ന ഉപദേശം രസാവഹമാണ്. ഒരുപറ്റം പശുക്കളോടൊത്തു വീടുവിടാനാണ് നിര്‍ദ്ദേശം. പാലും ഇലവര്‍ഗങ്ങളും പച്ചവെള്ളവും കഴിച്ച് പ്രകൃതിയോടിടപഴകി അലഞ്ഞുള്ള ജീവിതം. ജീവിതശൈലിയില്‍ വരുന്ന ഈ മാറ്റം കൊണ്ട് പ്രമേഹരോഗം ഭേദമാകും എന്നാണു സൂചന. പ്രമേഹചികിത്സയില്‍ ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യം അന്നേ തിരിച്ചറിഞ്ഞിരുന്നു എന്നു വ്യക്തം.

പടരുന്ന പ്രമേഹം
ഇന്ന് ലോകത്തെങ്ങുമായി 19 കോടിയോളം പ്രമേഹരോഗികളുണ്ട് എന്നാണു കണക്കാക്കുന്നത്. ലോകജനസംഖ്യയുടെ മൂന്നു ശതമാനത്തിലേറെ. അതായത് ലോകത്ത് 30 പേരിലൊരാള്‍ പ്രമേഹരോഗിയാണെന്നര്‍ഥം. 20 വര്‍ഷം കൊണ്ട് പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയോളമാകുമെന്നു കണക്കാക്കുന്നു. പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞ രോഗികളെക്കാളധികമാണ് പ്രമേഹം തിരിച്ചറിയപ്പെടാത്തവര്‍ എന്നാണ് അനുമാനം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം മൂന്ന് കോടിയോളം പേര്‍ വരും ഇത്. 25 വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രമേഹനിരക്ക് 70 ശതമാനത്തോളം വര്‍ധിക്കുമെന്നാണു നിഗമനം. അതേസമയം ഇന്ത്യയില്‍ ഈ വര്‍ധന 150 ശതമാനം വരെ ആയേക്കും. ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലെ പ്രമേഹനിരക്ക് മൂന്നു ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ നഗരങ്ങളില്‍ ഇത് അഞ്ചിരട്ടിയോളം വരും. ഗ്രാമീണ മേഖലയിലെയും നഗരങ്ങളിലെയും ജീവിതരീതികള്‍ തമ്മിലുള്ള വ്യത്യാസമാവണം പ്രമേഹം വ്യാപിക്കുന്നതിന്റെ മുഖ്യകാരണം.

30-35 വയസ്സാകുമ്പോഴെങ്കിലും രക്തപരിശോധന നടത്തി പ്രമേഹസാധ്യത കണ്ടെത്തേണ്ടതുണ്ട്. രോഗസാധ്യത നേരത്തെ കണ്ടെത്തി ജീവിതചര്യകള്‍ ക്രമീകരിക്കാനായാല്‍ രോഗത്തെ നേരത്തെ തന്നെ നിയന്ത്രിച്ചുനിര്‍ത്താനാവും.

രോഗസമുച്ചയം
മൂത്രത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയായി മാത്രം പ്രമേഹത്തെ കണ്ടാല്‍ പോരാ. ഒട്ടനവധി രോഗങ്ങളിലേക്കു വഴിതുറക്കാവുന്ന ശാരീരിക സാഹചര്യങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം. പ്രമേഹക്കുരുക്കള്‍, കാലിലുണ്ടാകുന്ന വ്രണങ്ങള്‍, നാഡീവൈകല്യങ്ങള്‍, കണ്ണിനുണ്ടാകുന്ന വൈകല്യങ്ങള്‍, വൃക്കരോഗങ്ങള്‍, രോഗാണുബാധകള്‍ തുടങ്ങി ഒട്ടനവധി രോഗാവസ്ഥയിലേക്കുള്ള കവാടമാണ് പ്രമേഹം.

അനിയന്ത്രിതമായ പ്രമേഹം മൂലം ശരീരധാതുക്കള്‍ ദുഷിക്കുമ്പോഴാണ് പ്രമേഹക്കുരുക്കള്‍ ഉണ്ടാവുന്നത്. ശരീരത്തില്‍ ഏതുഭാഗത്തും ഇവ വരാം. മുതുകിലും പുറത്തുമാണ് കൂടുതല്‍ എന്നു മാത്രം. ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാന്‍ ദീര്‍ഘകാല പരിചരണം വേണം.
പാദസംരക്ഷണം പ്രമേഹരോഗികളില്‍ അതിപ്രധാനമാണ്. പാദങ്ങളിലേക്കുള്ള രക്തചംക്രമണത്തിന്റെ കുറവും നാഡികളുടെ പ്രവര്‍ത്തനവൈകല്യവുമാണ് പാദത്തില്‍ മുറിവുകളും മറ്റും ഉണ്ടാകാന്‍ കാരണം. ഈ മുറിവുകള്‍ ഉണങ്ങാതെ, പഴുത്ത് വിരലുകളോ കാല്‍ തന്നെയോ മുറിച്ചുകളയേണ്ട സ്ഥിതി ഉണ്ടാകാറുണ്ട്.

നീണ്ടുനില്‍ക്കുന്ന അനിയന്ത്രിത പ്രമേഹം മൂലം ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുകയും നാഡീകോശങ്ങള്‍ക്ക് പ്രവര്‍ത്തനമാന്ദ്യം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം മൂലമുള്ള നാഡീരോഗം . പേശികളുടെ ബലക്ഷയം, ലൈംഗിക ശേഷിക്കുറവ്, സംവേദന വൈകല്യങ്ങള്‍ തുടങ്ങി പല പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകാം.

കണ്ണിലെ രക്തക്കുഴലുകളിലുണ്ടാകുന്ന അപചയമാണ് പ്രമേഹം മൂലമുള്ള നേത്രരോഗങ്ങള്‍ക്ക് കാരണം. രക്തക്കുഴലുകളിലെ സൂക്ഷ്മകോശങ്ങള്‍ അപചയമുണ്ടാകുകയും മാലിന്യങ്ങള്‍ അടിഞ്ഞുചേരുകയും ചെയ്യുമ്പോള്‍ ദൃഷ്ടിപടലത്തില്‍ തടസ്സങ്ങളുണ്ടായി കാഴ്ച മങ്ങുന്ന രോഗാവസ്ഥയാണിത്.

ദീര്‍ഘകാലം നിലനില്‍ക്കുന്ന അനിയന്ത്രിത പ്രമേഹം വൃക്കകളെ ബാധിക്കാറുണ്ട്. നീണ്ട പ്രമേഹചരിത്രമുള്ള മൂന്നിലൊന്നോളം പേരിലും വൃക്കപ്രശ്‌നങ്ങള്‍ കാണാറുണ്ട്. പ്രമേഹരോഗികളില്‍, മൂത്രത്തിലെ ആല്‍ബുമിന്റെ തോത് കൂടിവരുന്നത് പ്രമേഹം മൂലമുള്ള വൃക്കരോഗങ്ങളുടെ സൂചനയായി കരുതാം.

തയ്യാറാക്കിയത്: ബിജു സി.പി.
കടപ്പാട്: ഡോ. സി.കെ. രാമചന്ദ്രന്‍
അവലംബം:മാതൃഭൂമി ആരോഗ്യമാസിക


SocialTwist Tell-a-Friend