പുകയില വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധമുണര്‍ത്താന്‍ മാതൃഭൂമിയുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ പുകയിലവിരുദ്ധ ഇന്‍സ്‌റ്റോലേഷന്‍ സ്ഥാപിച്ചു.

സിഗരറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച 'സിഗാര്‍ ബോംബ്' ആണ്  ലോക പുകയിലവിരുദ്ധ ദിനത്തില്‍ പൊതുജനതാല്‍പര്യാര്‍ത്ഥം സ്ഥാപിച്ചത്. പി.വി.സി. പൈപ്പുകള്‍ സിഗരറ്റിന്റെ രൂപത്തില്‍ ഉണ്ടാക്കിയെടുത്ത് അതില്‍ ടൈമര്‍ ഘടിപ്പിച്ച് നിര്‍മ്മിച്ച സിഗാര്‍ ബോംബ്, പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്നതും പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഏവരെയും ചിന്തിപ്പിക്കുന്നതുമാണ്.

പുകവലിക്കുന്ന ഓരോ സെക്കന്റും അറിഞ്ഞുകൊണ്ട് മരണത്തോട് അടുക്കുകയാണെന്ന സന്ദേശവും ഇതോടൊപ്പം നല്‍കിയിരിക്കുന്നു. കൊച്ചി സിറ്റി പോലീസ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാതൃഭൂമി ഇത് സ്ഥാപിച്ചത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈത്രി അഡ്വര്‍ടൈസിംഗ് ഏജന്‍സിയാണ് മാതൃഭൂമിക്ക് വേണ്ടി ഇന്‍സ്റ്റോലേഷന്‍ നിര്‍മ്മിച്ചത്. കഴിഞ്ഞവര്‍ഷം പുകയിലവിരുദ്ധദിനത്തില്‍ സമാനരീതിയില്‍ മാതൃഭൂമി സ്ഥാപിച്ച സിഗാര്‍ ക്ലോക്കും ഏറെ ജനശ്രദ്ധ നേടിയിരുന്നു.