ഫെയിസ്ബുക്ക് യുവജനങ്ങളുടെ ഹരമായി മാറികൊണ്ടിരുന്ന 2011 കാലത്ത് കോട്ടയം സ്വദേശിയായ വിനോദ് ഭാസ്‌കര്‍ ആണ് വി.ഹെല്‍പ്പ് എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിക്കുന്നത്. സഹായിക്കാന്‍ മനസുള്ള കുറച്ച് ആളുകളെ ചേര്‍ത്തുള്ള ഒരു കുഞ്ഞുഗ്രൂപ്പ്. ആറ് പേര്‍ ചേര്‍ന്നൊരു ഫെയിസ്ബുക്ക് ഗ്രൂപ്പ് വാട്‌സ് ആപ്പിലേക്ക് വഴിമാറി ഇന്ന് രക്തദാനത്തിനായുള്ള കേരളത്തിലെ ഏറ്റവും വലിയൊരു വാട്‌സ്ആപ്പ് ഗ്രൂപ്പായി മാറിയിരിക്കുകയാണ്. പേര് ബ്ലഡ് ഡോണേഴ്‌സ് കേരള.

ഒറ്റമെസേജില്‍ ഒരു ജീവന്‍ അതാണ് ബ്ലഡ് ഡോണേഴ്‌സ് കേരള മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള യൂണിറ്റുകള്‍ക്ക് കീഴില്‍ നിന്നും ഇന്ന് ബ്ലഡ് ഡോണേഴ്‌സ് കേരളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അംഗങ്ങളായിട്ടുള്ളത്. ഏത് ഗ്രൂപ്പിലുള്ള രക്തം വേണമെങ്കിലും ഒറ്റ മെസേജ് മതി അരമണിക്കൂറിനുള്ളില്‍ ഇവര്‍ക്ക് എത്തിക്കാന്‍ സാധിക്കാറുണ്ട്. അപൂര്‍വ്വമായ എബി ഗ്രൂപ്പ് രക്തം പോലും ഇങ്ങനെ ഇരുപത് മിനുറ്റുകള്‍ക്കുള്ളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇതിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. 

ഗ്രൂപ്പില്‍ അംഗമാവാന്‍ വരുന്ന ആളുകളുടെ പേരുകള്‍ ഓരോ രക്തഗ്രൂപ്പായി വേര്‍തിരിച്ചാണ് സേവ് ചെയ്യുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കായി എയിഞ്ചല്‍സ് എന്ന പേരില്‍ പ്രത്യേകം ഗ്രൂപ്പുകളുമുണ്ട്. സൗജന്യമായാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് രക്തമെത്തിക്കുന്നതെങ്കിലും ഒരിക്കല്‍ ആവശ്യവുമായി എത്തുന്നവരോട് ഗ്രൂപ്പില്‍ അംഗമാവാന്‍ മാത്രമാണ് വളണ്ടിയര്‍മാര്‍ ആവശ്യപ്പെടുന്നത്. രക്തദാതാക്കളെ കണ്ടെത്താനായി ഉത്സവ പറമ്പുകളിലും മറ്റും പ്രത്യേകം ക്യാമ്പുകള്‍ നടത്തി ആളുകളെ ചേര്‍ക്കാനും ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

Blood Donation

ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങള്‍ തൃശ്ശൂര്‍ പൂര നഗരിയില്‍ രക്ത ദാതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

വി.ഹെല്‍പ്പ് എന്ന കൂട്ടായ്മയില്‍ രക്തത്തിനുള്ള ആവശ്യക്കാര്‍ കൂടിയതോടെയാണ് എന്ത് കൊണ്ട് രക്തത്തിന് മാത്രമായി ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ എന്ന ആശയം ഇതിന്റെ പിന്നണി പ്രവര്‍ത്തകരില്‍ എത്തിയത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം ബ്ലഡ് ഡോണേഴ്‌സിന്റെ എണ്‍പത് ഗ്രൂപ്പുകളാണുള്ളത്. ഏകദേശം പതിനായിരം അംഗങ്ങളുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഇതില്‍ അംഗളായിട്ടുള്ള ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, മറ്റ് ചികിത്സാ സഹായം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനവും നടത്തിപോരുന്നു.

ആദ്യ തവണ രക്തം കൊടുക്കാന്‍ മിക്കയാള്‍ക്കും ഒരു ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അടുത്ത തവണ അവര്‍ സ്വയം മുന്നോട്ട് വരുമെന്നും, മൂന്നാമത്തെ തവണ അവര്‍തന്നെ തങ്ങളെ ഓര്‍മിപ്പിക്കുമെന്നും വാട്‌സ് ആപ്പ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ശ്രീകാന്ത് പറയുന്നു. 

സ്‌കൂളുകളിലും കോളേജുകളിലും രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാന്‍ ക്യാമ്പുകളും നടത്താറുണ്ട്. രക്തം ആവശ്യമുള്ളവര്‍ക്കും, ഈ സേവനത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യം ഉളളവര്‍ക്കും  ശ്രീകാന്ത് 9656965965, ബിനോയ് 9446020888 എന്നിവരുടെ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാം

അന്താരാഷ്ട്ര രക്തദാന ദിനത്തില്‍ സംസ്ഥാനതലത്തില്‍ സന്നദ്ധ രക്തദാനം നടത്തി വരുന്ന മികച്ച സംഘടനകളെ ആദരിക്കുന്ന ചടങ്ങില്‍ ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂര്‍ ഗ്രൂപ്പിനെയും ആദരിക്കുന്നുണ്ട്. ടെക്നോപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഇവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.