Bloodഫറോക്ക്: കാരയാട്ട് ഗണേശന്റെ ഒ പോസിറ്റീവ് രക്തം നാല്‍പ്പത്തിയേഴുപേരുടെ സിരകളില്‍ ഓടുന്നതിനെക്കാള്‍ ഗണേശന് സന്തോഷംപകരുന്നത് ആയിരക്കണക്കിന് രോഗികള്‍ക്ക് രക്തമെത്തിച്ചുനല്‍കാന്‍ കഴിഞ്ഞു എന്നതിലെ സംതൃപ്തിയാണ്.

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ ഗണേശന്‍ സ്‌കൂള്‍കാലം മുതല്‍ക്കേ രക്തദാന സന്ദേശങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. കോളേജ് പഠനകാലത്താണ് രക്തം ആദ്യമായി നല്‍കിയത്. ഇന്നും രക്തദാനപ്രവര്‍ത്തനവുമായി മുന്നേറുന്നു.

സ്വദേശം നന്മണ്ടയാണെങ്കിലും പ്രവര്‍ത്തനമണ്ഡലം കോഴിക്കോട് മേഖലയാണ്. പാളയത്തെ കടയില്‍ അക്കൗണ്ടിങ് ജോലിക്കിടയിലാണ് ഈസേവനം. ഒഴിവുദിനമായ ഞായറാഴ്ചയാണ് ഗണേശന് ഏറ്റവുംകൂടുതല്‍ തിരക്ക്.

ബ്ലഡ് ഡോണേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന രക്തനിര്‍ണയ ക്യാമ്പ്, രക്തദാനബോധവത്കരണം, രക്തം നല്‍കാന്‍ തയ്യാറായവരുടെ പട്ടിക രൂപപ്പെടുത്തല്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

കേരളാ ബ്ലഡ് ഡോണേഴ്‌സ് കൂട്ടായ്മയ്ക്ക് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ പ്രസിഡന്റായി അശോകന്‍ ആലപ്രത്തും സെക്രട്ടറിയായി ഗണേശനമുണ്ടെങ്കിലും ഈ കൂട്ടായ്മയില്‍ മെമ്പര്‍ഷിപ്പുകള്‍ ഇല്ലായെന്നതാണ് പ്രത്യേകത. രക്തം ദാനംചെയ്യാനും രക്തദാനസന്ദേശം പകര്‍ന്നുനല്‍കാനും തയ്യാറുള്ള എല്ലാവരും ഈ കൂട്ടായ്മയിലെ പ്രവര്‍ത്തകരാണ്.

ഈ കൂട്ടായ്മയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോഴിക്കോട് കോട്ടപ്പറമ്പ് ആസ്​പത്രിയില്‍ രക്തബാങ്ക് എന്ന സ്വപ്‌നം യാഥാര്‍ഥ്യമായത്. മാസത്തിലെ അവസാന ബുധനാഴ്ചകളില്‍ ഈ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ കോട്ടപ്പറമ്പ് ആസ്​പത്രിയില്‍ ഒത്തുചേരും.

യുവതലമുറ രക്തദാനപ്രവര്‍ത്തനങ്ങളോട് ഏറെ താത്പര്യം പ്രകടിപ്പിക്കുമ്പോഴും ഒരുവിഭാഗം ഭയം നിമിത്തവും മടികാരണവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതായി ഗണേശന്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റും ചികിത്സ തേടിയെത്തുന്ന ആദിവാസി ഗോത്രവിഭാഗക്കാര്‍ക്കുപോലും രക്തം നല്‍കാനും സംഘടിപ്പിച്ചുനല്‍കാനും കഴിഞ്ഞത് പുണ്യമായിത്തന്നെയാണ് ഗണേശന്‍ കാണുന്നത്.

ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇനിയും രക്തം നല്‍കും. രക്തം ചിന്തലല്ല മറിച്ച് രക്തം നല്‍കലാവട്ടെയെന്ന മുദ്രാവാക്യവും ഗണേശന്‍ ഉയര്‍ത്തുന്നു.