കേരളത്തില്‍ അവയവദാനത്തിന് ആളില്ല - അന്വേഷണപരമ്പര (രണ്ടാം ഭാഗം) 

വയവം ലഭിക്കാതെ ഇന്ത്യയില്‍ പ്രതിവര്‍ഷം മരിക്കുന്നത് അഞ്ച് ലക്ഷം ആളുകളാണ്. കേരളത്തില്‍ പതിനായിരങ്ങളും. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് അവയവത്തിനായി കാത്തിരിക്കുന്നത് രണ്ടായിരത്തോളം രോഗികളാണ്. കേരളത്തില്‍ അരലക്ഷത്തിലധികം രോഗികള്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്നു. യഥാര്‍ഥത്തില്‍ ഇവരും അവയവം ആവശ്യമുള്ളവര്‍ തന്നെയാണ്. കരള്‍ ആവശ്യമുള്ളവരുടെ എണ്ണവും വലുതാണ്. ജീവനുവേണ്ടി കാത്തിരിക്കുന്നവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്.

പരസ്പരം പഴിചാരി എത്രനാള്‍ മുന്നോട്ടുപോകാനാകും? വേണ്ടത് ആരോഗ്യപരമായ ചര്‍ച്ചകളാണ്. ആ നല്ലനാളുകളിലേക്ക് മടങ്ങണമെങ്കില്‍ ആളുകളുടെ പേടി അകറ്റണം. ഡോക്ടര്‍മാരും ആശുപത്രികളും മുന്നോട്ടുവരണം. നടപടികള്‍ സുഗമമാക്കണം.

വൈറലാകുന്ന വ്യാജസന്ദേശങ്ങള്‍

അവയവദാനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വളരെയധികം വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ലക്ചററും ഡോക്ടര്‍മാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് സഹസ്ഥാപകനുമായ ഡോ. ജിനേഷ് പി.എസ് ചൂണ്ടിക്കാട്ടുന്നു. യാതൊരു കഴമ്പുമില്ലാത്ത സന്ദേശങ്ങള്‍ അഭ്യസ്തവിദ്യര്‍ തന്നെ പ്രചരിപ്പിക്കുന്നു. സന്ദേശങ്ങളുടെ നിജസ്ഥിതി സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ കണ്ടെത്താവുന്നതാണ്. ആളുകളെ നേരറിയിക്കുക എന്നതാണ് ഇന്‍ഫോക്ലിനിക്കിലൂടെയും ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

dr jinesh
Dr. Jinesh P.S. Lecturer ( Forensic), Govt. Medical College Kottayam Co-Founder - Infoclinic FB Group

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഇന്‍ഫോക്ലിനിക്കിലൂടെ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ലേഖനങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ വളരെ മോശമായിരുന്നു. തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശക്തമായ നിയമസംവിധാനം ഉണ്ടായിട്ടും അവയവതട്ടിപ്പുകള്‍ നടക്കുന്നുവെന്ന ആരോപണം ജനങ്ങളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു എന്നതാണ് സത്യം. കൂടുതല്‍ ശരി പ്രചരിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പ്രതിവിധി.

Related Read -അവയവത്തിനു വേണ്ടി ആളുകളെ കൊല്ലുന്നുണ്ടോ? കേരളത്തില്‍ അവയവദാനം കുറയാന്‍ കാരണമെന്ത്?

വ്യാജസന്ദേശങ്ങള്‍ അതേപടി പലഭാഷകളിലായി പ്രചരിക്കുന്നുവെന്നും അവ തെറ്റാണെന്ന് തെളിയിച്ച റിപ്പോര്‍ട്ടുകളുമെല്ലാം ഗൂഗിളില്‍ പരതിയാല്‍ ലഭിക്കും. തെറ്റ് എന്നു തോന്നുന്ന കാര്യങ്ങള്‍ എപ്പോഴും പരിശോധിക്കുക. സംശയമുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ ഒരാള്‍ക്കുണ്ടായ സംശയം കേരളത്തിലെ വലിയൊരു വിഭാഗം ആളുകള്‍ക്ക് ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കുക.

ജീവനുവേണ്ടി കാത്തിരിക്കുന്നവര്‍

അവയവദാനത്തിന് പഴയപോലെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല എന്നും അതിനാല്‍ ആവശ്യക്കാരുടെ പട്ടിക നീളുകയാണെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കുന്നു. 

Rajeev Sadanandan
Rajeev Sadanandan Addl. Chief Secretary, Department of Health & Family Welfare

മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നാല്‍ അവയവം കിട്ടുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിനുമില്ല എന്ന് ഡോ. നോബിളും അഭിപ്രായപ്പെടുന്നു. വൃക്കയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1600 ഓളം പേരാണെങ്കില്‍ കേരളത്തില്‍ ഡയാലിസിസിന് വിധേയരായിരിക്കുന്നത് അരലക്ഷത്തോളം ആളുകളാണ്. അവരെല്ലാം വൃക്ക ആവശ്യമുള്ളവരാണ്. കരള്‍ ആവശ്യമുള്ളവരുടെ എണ്ണം കുറവല്ല. 

കാഴ്ചപ്പാടുകള്‍ മാറണം, നടപടികള്‍ സുഗമമാകണം 

വികസിതരാജ്യങ്ങളില്‍ ആശുപത്രികളാണ് അവയവദാനത്തിനുള്ള ആരംഭബിന്ദുവെങ്കില്‍ ഇവിടെ രോഗികളുടെ ബന്ധുക്കളാണ് മുന്‍കൈ എടുക്കാറുള്ളതെന്ന് ഡോ. നോബിള്‍ അഭിപ്രായപ്പെടുന്നു. സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പോലീസ് എന്നിങ്ങനെ നിരവധി ആളുകള്‍ പങ്കെടുക്കുന്ന പ്രക്രിയയാണ് അവയവദാനം. 

നടപടികളിലെ നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല. ഉദാഹരണത്തിന്, പോലീസിന് മസ്തിഷ്‌കമരണം രേഖപ്പെടുത്തുന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സി.ആര്‍.പി.സിയില്‍ മസ്തിഷ്‌കമരണം എന്നൊരു വിശദീകരണമില്ല. ട്രാന്‍സ്പ്ലാന്റേഷന്‍ ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടില്‍ മാത്രമാണ് മസ്തിഷ്‌കമരണം പ്രതിപാദിച്ചിരിക്കുന്നത്. ഐ.സി.യുവില്‍ കിടക്കുന്ന രോഗിക്ക് എങ്ങനെ മരണറിപ്പോര്‍ട്ട് എഴുതുമെന്നും പോലീസുകാരില്‍ പലരും ചോദിക്കുന്നു. അതുപോലെ, പോലീസ് രേഖകളില്‍ ഹൃദയമില്ല, വൃക്കയില്ല എന്നെല്ലാം എഴുതുമ്പോള്‍ റോഡപകട ഇന്‍ഷുറന്‍സ് പോലുള്ളവയെ ബാധിക്കാമെന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിനെല്ലാം കൃത്യമായൊരു സംവിധാനം വേണമെന്നും ഡോ. നോബിള്‍ അഭിപ്രായപ്പെടുന്നു.

dr. noble
Dr. Noble Gracious (Nodal Officer, Kerala Network for Organ Sharing)

നാലായിരത്തോളം റോഡ് അപകട മരണങ്ങളില്‍ നിന്ന് 72 മസ്തിഷ്‌കമരണം എന്ന് പറയുന്നത് തന്നെ കുറവാണ്. എവിടെയൊക്കെയോ പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള പോളിസികള്‍ വേണം. മസ്തിഷ്‌കമരണസ്ഥിരീകരണവും അവയവദാനവും സുഗമമാക്കണമെങ്കില്‍ ഈ നടപടികളെല്ലാം ഏകോപിപ്പിക്കണം. ഇതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെല്ലാം ഒന്നിച്ചിരുന്ന് നയം രൂപീകരിക്കണമെന്നും ആശുപത്രി അധികൃതര്‍ അഭിപ്രായപ്പെടുന്നു.

മടങ്ങിവരണം ആ നല്ലനാളുകള്‍

വളരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് ഡോ. ഗണപതി പരാതിപ്പെട്ടതെങ്കിലും മാധ്യമങ്ങളില്‍ വിഷയം നിറഞ്ഞതോടെ അത്രയും നാളത്തെ നല്ലപേര് ഇല്ലാതാകുകയായിരുന്നു എന്ന് ആരോഗ്യ സെക്രട്ടറി നിരീക്ഷിക്കുന്നു. സര്‍ട്ടിഫൈ ചെയ്യുന്ന പല ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ സ്വമേധയാലുള്ള പരിശ്രമങ്ങളെ മോശമായി ചിത്രീകരിക്കുന്നതായി അനുഭവപ്പെട്ടതോടെ അവരുടെ പിന്തുണയും നഷ്ടമായി. കേസില്‍ അകപ്പെടുമോ എന്നെല്ലാം ഡോക്ടര്‍മാര്‍ ഭയക്കുന്നു. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല എന്ന ഹൈക്കോടതി വിധിയില്‍ അവര്‍ക്ക് ഞങ്ങള്‍ പൂര്‍ണമായ ഉറപ്പുകൊടുത്തിട്ടുണ്ട്. 

Dr. s. Ganapathy
Dr. S. Ganapathy

അവയവദാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ എക്സ്ചേഞ്ച് ഡൊണേഷന്‍ എന്ന പദ്ധതി ആരോഗ്യവകുപ്പ് വിഭാവനം ചെയ്തിരിക്കുന്നു. അവയവം സ്വീകര്‍ത്താവുമായി ചേരുന്നതല്ലെങ്കില്‍ എക്സ്ചേഞ്ച് ഡോണറാകം; രക്തബാങ്ക് പോലെ.

പുതിയ നടപടിക്രമങ്ങള്‍ വന്ന ശേഷം കേരളത്തിലെ 140 ഓളം സര്‍ക്കാര്‍ ഡോക്ടര്‍മാരെയും മസ്തിഷ്‌കമരണ പരിശോധനകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

അവയവവില്‍പന നിയമവിധേയമാക്കണമെന്നാണ് ഡോ. ഗണപതിയുടെ അഭിപ്രായം. ആളുകള്‍ രക്തം നല്‍കി പണം വാങ്ങുന്നു, ബീജം നല്‍കുന്നു, ഗര്‍ഭപാത്രം വരെ വാടകയ്ക്ക് കൊടുക്കുന്നു. വൃക്കദാനം പോലെ വളരെ സുരക്ഷിതമായ ശസ്ത്രക്രിയകള്‍ക്ക് അവയവം വില്‍ക്കുന്നതില്‍ തെറ്റില്ല. കൃത്യമായ നിയമത്തോടുകൂടി അവയവ വില്‍പന നടപ്പിലാക്കണം. ദാതാവും സ്വീകര്‍ത്താവും പരസ്പരം അറിയാന്‍ പാടില്ല. രോഗിക്ക് ആരോഗ്യ, സാമ്പത്തിക പരിരക്ഷ പ്രദാനം ചെയ്യുകയും വേണം, ഡോ. ഗണപതിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ. (എങ്ങനെ നേടാം, ജനങ്ങളുടെ വിശ്വാസം? - അവസാനഭാഗം ചര്‍ച്ച ചെയ്യുന്നു)

ജീവന്‍ ദാനം ചെയ്യാം​

knos

ജീവനോടെയുള്ള ദാതാവില്‍ നിന്നും മരണപ്പെട്ട ദാതാവില്‍ നിന്നും അവയവങ്ങള്‍ സ്വീകരിക്കാം. മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നാണ് മരണാനന്തര അവയവദാനം നടത്തുക. സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയിലൂടെ മാത്രമേ അവയവദാനം നടത്താനാകൂ.

മരണാനന്തരം ദാനം ചെയ്യാന്‍  knos.org എന്ന വെബ്സൈറ്റിലെ ഡോണര്‍ കാര്‍ഡ് പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഒപ്പം ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും വേണം. ഡോണര്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക  http://knos.org.in/DonorCard.aspx

സ്വീകരിക്കാന്‍  മൃതസഞ്ജീവനിയുടെ കീഴിലുള്ള അവയവമാറ്റ കേന്ദ്രങ്ങളില്‍ (transplant centre ) രജിസ്റ്റര്‍ ചെയ്യണം 

അംഗീകൃത ആശുപത്രികളുടെ പട്ടികയ്ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക  http://knos.org.in/KnosStaticPages/approved-hospitalsfortransplant.aspx