കോഴിക്കോട്: മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഒരു കൈത്താങ്ങുകൂടി. ശസ്ത്രക്രിയ പ്രതിസന്ധിയിലായ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ കാര്‍ഡിയോ തൊറാസി വിഭാഗത്തിന് കല്ല്യാണ്‍ ജുവലേഴ്സ് നല്‍കിയ വെന്റിലേറ്ററുകള്‍ വെള്ളിയാഴ്ച ഔദ്യോഗികമായി കൈമാറി. കല്ല്യാണ്‍ ജുവലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്ല്യാണരാമനില്‍ നിന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ഏറ്റുവാങ്ങി.

മാതൃഭൂമി വാര്‍ത്തയിലൂടെ മെഡിക്കല്‍ കോളേജിന്റെ അവസ്ഥ മനസ്സിലാക്കിയാണ് രണ്ട് വെന്റിലേറ്ററുകള്‍ വാങ്ങിക്കൊടുത്തതെന്ന് ടി.എസ്. കല്ല്യാണരാമന്‍ പറഞ്ഞു. ആദ്യം എന്തെങ്കിലും സഹായം ചെയ്യണമെന്നായിരുന്നു കരുതിയത്. പിന്നീടാണ് വെന്റിലേറ്ററുകളാണ് അത്യാവശ്യമെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

1965ല്‍ സഹോദരനെയുമായി 15 ദിവസം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കഴിഞ്ഞതും അന്ന് മികച്ച സേവനം കിട്ടിയതുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. അന്നത്തേതിലും മികച്ച സ്ഥിതിയിലേക്ക് ആശുപത്രിയെ കൊണ്ടുവരാന്‍ എല്ലാവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍  നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് നാട് നന്നാവുകയെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ ഈശ്വര സേവയെന്ന് അധ്യക്ഷത വഹിച്ച കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ക്കായി വിശ്രമ കേന്ദ്രം പണിയുമെന്ന് മുഖ്യാഥിതിയായിരുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. എല്ലാവരും ചെയ്യുമ്പോള്‍ ജില്ലാപഞ്ചായത്തിന്റെ ഒരു കൈയ്യൊപ്പ് ചാര്‍ത്തുക എന്ന നിലയിലാണിത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് രണ്ട് വെന്റിലേറ്ററുകള്‍ നല്‍കാന്‍ സന്‍മനസ്സു കാണിച്ച കല്ല്യാണരാമന് കോഴിക്കോട്ടെ ജനങ്ങള്‍ക്കുവേണ്ടി നന്ദി അറിയിക്കുന്നുവെന്ന് ചടങ്ങിന് സ്വാഗതം പറഞ്ഞ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. 

കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തില്‍ രണ്ട് വെന്റിലേറ്ററുകള്‍ കേടായതിനെത്തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മാതൃഭൂമി ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയത്. കേടായവ അറ്റകുറ്റ പണിനടത്താനുള്ള നടപടികള്‍ നീണ്ടുപോയതോടെ സഹായ ഹസ്തവുമായി കല്ല്യാണരാമനെത്തി.

രണ്ടാഴ്ചകൊണ്ട് തന്നെ 35ലക്ഷം ചെലവില്‍ അയര്‍ലണ്ടില്‍ നിന്ന് രണ്ട് വെന്റിലേറ്റുകള്‍ ഇറക്കുമതി ചെയ്ത് മെഡിക്കല്‍ കോളേജിലെത്തിച്ചു. ഔദ്യോഗിക കൈമാറ്റത്തിനു കാത്തുനില്‍ക്കാതെ രണ്ടും ഉപയോഗിച്ചു തുടങ്ങിയിരുന്നു. മെഡിക്കല്‍കോളേജില്‍ നടന്ന ചടങ്ങില്‍ വെന്റിലേറ്ററിന്റെ രേഖകള്‍ കല്ല്യാണ്‍ ജുവലേഴ്സ് എക്സിക്കുട്ടീവ് ഡയറക്ടര്‍ രാജേഷ് കല്ല്യാണരാമന്‍ കൈമാറി. മാതൃഭൂമി ഡയറക്ടര്‍മാരായ പി.വി.ഗംഗാധരന്‍, ഡോ.ടി.കെ.ജയരാജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.പി.സജീത് കുമാര്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ.കെ.എം.കുര്യാക്കോസ്, ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.