കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായുള്ള മാതൃഭൂമിയുടെ 'മിഷന്‍ മെഡിക്കല്‍ കോളേജ്' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. പദ്ധതിക്ക് ആശംസകളറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി.ക്ക് കത്തയച്ചു. ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നേരുന്നതായി മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

''മാതൃഭൂമിയുടെ 'മിഷന്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രി' പദ്ധതിയെപ്പറ്റി താങ്കളുടെ കത്ത് ലഭിക്കുന്നതിനുമുമ്പുതന്നെ അറിഞ്ഞിരുന്നു.
 
സാധാരണക്കാരുടെ ആരോഗ്യ പരിപാലനത്തില്‍ ഇനിയും നാം എത്രയോ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച സപ്ലിമെന്റിലെ വിവിധ ഫോട്ടോകളില്‍നിന്ന് വ്യക്തമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കുറേയധികം ചെയ്യാനാകും. എങ്കിലും പൊതുജന പങ്കാളിത്തത്തോടെ മാതൃഭൂമി നടത്തുന്ന യത്‌നം അതിലേറെ ഫലപ്രദമാകുമെന്നുറപ്പാണ്''- മുഖ്യമന്ത്രി കത്തില്‍ പറയുന്നു. പദ്ധതിയെക്കുറിച്ച് എം.പി. വീരേന്ദ്രകുമാര്‍ അയച്ച കത്ത് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.letter