Logoതൃശ്ശൂര്‍: കോഴിക്കോട് മെഡിക്കല്‍ കോേളജിന്റെ വികസനത്തിനായി മാതൃഭൂമി ആരംഭിച്ച മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ 25 ലക്ഷം രൂപ നല്‍കി. തിങ്കളാഴ്ച വൈകിട്ട് കല്യാണ്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ് കുമാര്‍ തുക ഏറ്റുവാങ്ങി.

മാതൃഭൂമി മഹത്തായ ഒരു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് കല്യാണരാമന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ഒരു സഹോദരന് അസ്ഥിസംബന്ധമായ രോഗമുണ്ടായപ്പോള്‍ എല്ലാവരും ഉപദേശിച്ചത് കോഴിക്കോട് മെഡിക്കല്‍ കോേളജില്‍ പോകാനാണ്. അവിടെയെത്തി ചികിത്സിച്ച് ഭേദമാകുകയും ചെയ്തു. മികച്ച ചികിത്സയും സേവനവുമാണ് അന്നു ലഭിച്ചത്. മികച്ച ഡോക്ടര്‍മാരുള്ള സ്ഥലമാണിത്. 
   
അസൗകര്യങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ കേരളത്തിലെ ഏറ്റവും മികച്ച ആതുരാലയങ്ങളിലൊന്നായി മാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിനുവേണ്ടി മാതൃഭൂമി മുന്നിട്ടിറങ്ങിയത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.