കോഴിക്കോട്: മകളുടെ വിവാഹപ്പന്തലിൽ കാരുണ്യത്തിന്റെ കൈനീട്ടം നൽകി പ്രവാസിവ്യവസായി മാതൃകയായി. ദുബായിൽ ഹോട്ടൽ വ്യവസായം നടത്തുന്ന നാദാപുരം സ്വദേശി അബ്ദുൽ അസീസ് കരയത്താണ് മകൾ ലൈമീസയുടെ വിവാഹപ്പന്തലിൽവെച്ച് ഒരുലക്ഷം രൂപ മാതൃഭൂമിയുടെ ‘മിഷൻ മെഡിക്കൽ കോളേജ് പദ്ധതി’യിലേക്ക് സംഭാവന ചെയ്തത്.

logoശനിയാഴ്ച സന്ധ്യക്ക്‌ കോഴിക്കോട് ജെ.ഡി.ടി. ഇസ്‌ലാമിൽ നിക്കാഹിനുശേഷം വരൻ മുഹമ്മദ് ഫെംഷിൻ മുസ്തഫയും ലൈമീസയും ചേർന്ന് സംഭാവന കൈമാറി.  സിനിമാതാരങ്ങളായ ബിജു മേനോൻ, സുരേഷ് കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിൽ മാതൃഭൂമി ചീഫ് പബ്ലിക് റിലേഷൻസ് മാനേജർ കെ.ആർ.പ്രമോദ് ചെക്ക് ഏറ്റുവാങ്ങി.

ലൈമീസയുടെ മാതാവ് മറിയം, ഇക്‌ബാൽ മക്രോണി, ഹമീദ്‌ഹാജി, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ഗൾഫിലായിരിക്കുമ്പോൾതന്നെ മാതൃഭൂമി പത്രംവഴിയും ചാനൽവഴിയും മിഷൻ മെഡിക്കൽ കോളേജ് പദ്ധതിയെപ്പറ്റി അറിഞ്ഞിരുന്നു. അതിൽ എങ്ങനെയെങ്കിലും പങ്കാളിയാവണം എന്നും തീരുമാനിച്ചു.

അതിന് സമയമായത് മകളുടെ വിവാഹദിനമാണ്. ഈ ചെറിയ സംഭാവന സാധാരണക്കാരന് താങ്ങായ ഈ ആസ്പത്രിക്ക്‌ ഏതെങ്കിലുംവിധത്തിൽ ഉപകാരപ്പെടുകയാണെങ്കിൽ അതാണ് തന്റെ ഏറ്റവും വലിയ തൃപ്തി-അബ്ദുൽ അസീസ് പറഞ്ഞു. ഗൾഫ് മേഖലയിൽ മാതൃഭൂമിയുടെ ഈ പദ്ധതിയെക്കുറിച്ച് പ്രചാരണം നടത്തുമെന്നും സുഹൃത്തുക്കളെയെല്ലാം ഇതിന്റെ ഭാഗമാക്കുമെന്നും നാദാപുരം എം.ഇ.ടി. കോളേജിന്റെ ചെയർമാൻകൂടിയായ അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.

മെഡിക്കല്‍ കോളേജ് ശുചീകരണം ഇന്ന്

കോഴിക്കോട്: മാതൃഭൂമി മിഷന്‍മെഡിക്കല്‍ കോളേജ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളേജും പരിസരവും ഞായറാഴ്ച ശുചീകരിക്കും. വിദ്യാര്‍ഥികള്‍, യുവജനസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങള്‍ എന്നിവര്‍ പങ്കാളികളാവും. രാവിലെ എട്ടുമുതല്‍ 11.30 വരെയാണ് ശുചീകരണം. ഒക്ടോബര്‍ 30-നാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചീകരണത്തിന് തുടക്കംകുറിച്ചത്.

mmc mission medical college