തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും റീജണല്‍ കാന്‍സര്‍ സെന്ററിലും എസ്.എ.ടി. ആശുപത്രിയിലുമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡോ. ടി.എന്‍.സീമ എം.പി. നിര്‍വഹിച്ചു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണിത്.
35 ലക്ഷം രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിനും കാര്‍ഡിയോളജി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിനുമായി രണ്ട് ഡെഫിബ്രലേറ്ററുകളും മൂന്ന് വെന്റിലേറ്ററുകളുമാണ് വാങ്ങിയത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് റീജണല്‍ കാന്‍സര്‍ സെന്ററിലും മെഡിക്കല്‍ കോളേജിലെ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രത്തിലുമായി ആധുനികരീതിയിലുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചു.
എസ്.എ.ടി. ആശുപത്രി, മെഡിക്കല്‍ കോളേജ്, റീജണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്രാ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ കുട്ടികള്‍ക്കായി 25 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ക്രഷിന്റെ നിര്‍മാണോദ്ഘാടനവും എം.പി. നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അധ്യക്ഷനായി. തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്‌പേയ്, െമഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.മോഹന്‍ദാസ്, കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാര്‍, എച്ച്.ഡി.എസ്. മെമ്പര്‍മാരായ ഡി.ആര്‍.അനില്‍, മണ്‍വിള രാധാകൃഷ്ണന്‍, പോങ്ങുംമൂട് വിക്രമന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. നന്ദിനി വി.ആര്‍. എന്നിവര്‍ പങ്കെടുത്തു.