കോഴിക്കോട് : വിപണിയില്‍ ഒന്നരക്കോടി വിലവരുന്ന ബ്രൗണ്‍ഷുഗര്‍ എക്‌സൈസ് വിഭാഗം പിടിച്ചു. മാങ്കാവ് വള്ളിക്കാട്ട് മീത്തല്‍ സവാദിനെ (37)യാണ് 1,450 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ പി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂട്ടു പ്രതികളുണ്ടാകാമെന്നും എക്ലൈസ് കമ്മിഷണര്‍ പി.കെ. സുരേഷ് പറഞ്ഞു.

പന്തീരാങ്കാവ് ജങ്ഷനില്‍നിന്ന് 200 മീറ്റര്‍ അകലെ രാമനാട്ടുകര ഭാഗത്ത് ബൈപ്പാസില്‍ ഒരു തട്ടുകടയുടെ സമീപത്ത് റോഡരികിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കോളേജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്നതാണെന്ന് കരുതുന്നു. കുവൈത്തിലായിരുന്ന സവാദ് അവിടെ മയക്കുമരുന്ന് കേസ്സില്‍ ജയിലിലായിരുന്നു. ജയില്‍ മോചനത്തിനുശേഷം നാട്ടിലെത്തി മയക്കുമരുന്ന് വിതരണസംഘത്തിലെ കണ്ണിയായി. കുവൈത്തിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു.

ഈ ശൃംഖലയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ വിഭാഗം മയക്കുമരുന്ന് ഏജന്റാണെന്ന് പറഞ്ഞ് സമീപിച്ചാണ് സവാദിനെ കുരുക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് കണ്ടെടുക്കാനായത്. കേരളത്തില്‍ ഏജന്റുമാരെ വെച്ച് 10 മില്ലി ഗ്രാം 150 രൂപയ്ക്ക് കുട്ടികള്‍ക്ക് വില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാള്‍.

ഇന്റലിജന്‍സ് വിഭാഗം അസി. ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍, സിവില്‍ ഓഫീസര്‍മാരായ കെ.പി. രാജേഷ്, മുഹമ്മദ് അസ്ലം, ശ്രീശാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.