കണ്ണൂര്‍: ജില്ലയുടെ വികസനനേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജില്ലാ ആസൂത്രണ സമിതിക്ക് ചാരിതാര്‍ഥ്യത്തോടെ പടിയിറക്കം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ ആസൂത്രണസമിതി അംഗങ്ങള്‍ കൂട്ടായ്മയുടെ നല്ലപാഠങ്ങളായ അനുഭവങ്ങള്‍ പങ്കുവെച്ചു. സമാനതകളില്ലാത്ത വികസനനേട്ടങ്ങളുടെ കിന്നരിയുമായാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് സമിതി അധ്യക്ഷകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള പറഞ്ഞു.
കേരളത്തിലെ ഗ്രാമപ്പഞ്ചായത്തുകള്‍ പദ്ധതി രൂപവത്കരണവും നിര്‍വഹണവും സ്വതന്ത്രമായി നിര്‍വഹിക്കുന്ന അനുഭവം ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്ചര്യജനകമാണെന്ന് സമിതി മെമ്പര്‍ സെക്രട്ടറികൂടിയായ കളക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. യോഗത്തില്‍ അംഗങ്ങളായ പി.പി.മഹമൂദ്, കെ.രവീന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.രവീന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ.ഷീല, എല്‍.എസ്.ജി.ഡി. എക്‌സി.എന്‍ജിനീയര്‍ സജീവന്‍ എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലയിലെ 61 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി.