എടപ്പാള്‍: ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിവരുന്ന ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശികയായത് നൂറുകണക്കിന് നിര്‍ധനരെ പ്രയാസത്തിലാക്കുന്നു.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങി വിവിധ പെന്‍ഷനുകളാണ് പത്തുമാസത്തോളമായി കുടിശ്ശികയായിട്ട്. സാധാരണഗതിയില്‍ ഓണത്തിന് ഇവയെല്ലാം കുടിശ്ശികതീര്‍ത്ത് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഓണത്തിനും പെന്‍ഷന്‍ കൃത്യമായി വിതരണംചെയ്തില്ല.
തപാല്‍വഴി വീട്ടിലെത്തിയിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ ബാങ്ക്അക്കൗണ്ട് വഴി നേരിട്ടു വിതരണംചെയ്യുന്നതിനാല്‍ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തുകള്‍ക്കുപോലും ആര്‍ക്കൊക്കെ കിട്ടിയെന്നും ഇല്ലെന്നും പറയാനാകുന്നില്ല. പെന്‍ഷന്‍ വിതരണംചെയ്തുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും മാസങ്ങളായി ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. കെ.എസ്.കെ.ടി.യു പോലുള്ള സംഘടനകള്‍ ഇതിനെതിരെ സമരം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല.
മാത്രമല്ല വയസ്സുകാലത്ത് ബാങ്കില്‍ പോയി പണം കൈപ്പറ്റാന്‍ സഹായികളില്ലാത്തതും പലര്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.